ഇന്ത്യന്‍ ചുമ മരുന്നുകളില്‍ 100 ഇനങ്ങള്‍ക്ക് നിലവാരമില്ല ;ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ വിഭാഗത്തിന്റെ കണ്ടെത്തല്‍
ഇതുസംബന്ധിച്ച് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ വിഭാഗം തയാറാക്കിയ റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രാലയത്തിന് കൈമാറി.
ന്യൂഡൽഹി : ഇന്ത്യന്‍ ചുമമരുന്നുകളില്‍ 100 ഇനങ്ങള്‍ക്ക് നിലവാരമില്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ വിഭാഗത്തിന്റെ കണ്ടെത്തല്‍. ഇന്ത്യന്‍ നിര്‍മിത ചുമമരുന്ന് കഴിച്ച് ഗാംബിയ, ഉസ്‌ബെസ്‌ക്കിസ്ഥാന്‍, കാമറൂണ്‍ തുടങ്ങിയ രാജ്യങ്ങളില്‍ കുട്ടികള്‍ മരണപ്പെട്ടതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് ആരോപണം ശരിവെയ്ക്കുന്ന വിധത്തില്‍ മരുന്നുകളില്‍ ഭൂരിഭാഗത്തിനും നിലവാരമില്ലെന്ന് കണ്ടെത്തിയത്. മാത്രമല്ല, ചില മരുന്നുകളില്‍ ജീവനു തന്നെ ഭീഷണിയായ ഘടകങ്ങളുണ്ടെന്നും പരിശോധനയില്‍ തെളിഞ്ഞു. ഇതുസംബന്ധിച്ച് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ വിഭാഗം തയാറാക്കിയ റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രാലയത്തിന് കൈമാറി.ഇന്ത്യന്‍ മരുന്നുകളുടെ നിലവാരം സംബന്ധിച്ചുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ആരോപണം രാജ്യത്തെ ഔഷധക്കയറ്റുമതിയെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നതോടെ കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ കര്‍ശന ഇടപെടല്‍ നടത്താന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. പരിശോധനയുടെ ഭാഗമായി കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ 144 മരുന്നുല്‍പാദന യൂണിറ്റുകള്‍ പൂട്ടി. വിവിധ കമ്പനികളുടെ 7087 ബാച്ച് കയറ്റുമതി ചുമരുന്നുകള്‍ പരിശോധിച്ച ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം അവയില്‍ 353 എണ്ണവും നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി. ഒന്‍പത് ബാച്ച് മരുന്നുകളില്‍ മനുഷ്യ ശരീരത്തിന് ദോഷകരമായ ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍, എത്തിലീന്‍ ഗ്ലൈക്കോള്‍ തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തി. 2019 മുതല്‍ രാജ്യത്ത് നിര്‍മിക്കുന്ന സിറപ്പുകളില്‍ വിഷമമയമാര്‍ന്ന ഘടകങ്ങളടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തുകയും ഉസ്‌ബെസ്‌ക്കിസ്ഥാന്‍, ഗാംബിയ, കാമറൂണ്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇതിന്റെ ഭാഗമായി 141 മരണങ്ങളുണ്ടായെന്ന് സ്ഥിരീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇനിയും വിഷയത്തില്‍ ഇടപെടാതിരിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും എന്ന് മനസ്സിലാക്കി കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കുന്നത്.