മെഡിക്കല്‍, എൻജിനീയറിങ്, ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പണം തുടങ്ങി
മാർച്ച് പത്തിന് വൈകീട്ട് അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കല്‍/എൻജിനീയറിങ്/ആർക്കിടെക്ചർ പ്രവേശനത്തിന് ഓണ്‍ലൈൻ അപേക്ഷ സമർപ്പണം തുടങ്ങി.മാർച്ച് പത്തിന് വൈകീട്ട് അഞ്ച് വരെ www.cee.kerala.gov.in വഴി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുകയും ഫീസടക്കുകയും ചെയ്യാം. മാർച്ച് 15ന് വൈകീട്ട് അഞ്ച് വരെ അനുബന്ധ രേഖകള്‍ ഓണ്‍ലൈനായി സമർപ്പിക്കാം.
എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡ് ഏപ്രില്‍ 10 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ഏപ്രില്‍ 24 മുതല്‍ 28 വരെ ദിവസങ്ങളിലായിരിക്കും പരീക്ഷ. തീയതി മാറ്റേണ്ടിവന്നാല്‍ പകരം പരീക്ഷ നടത്താനായി ഏപ്രില്‍ 22, 23, 29, 30 തീയതികള്‍ കരുതല്‍ ദിനങ്ങളായും നിശ്ചയിച്ചിട്ടുണ്ട്. ഉച്ചക്ക് ശേഷം രണ്ട് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് കമ്ബ്യൂട്ടർ അധിഷ്ഠിത പരീക്ഷ.
ഇത്തവണ ഫാർമസി കോഴ്സ് പ്രവേശനത്തിന് പ്രത്യേക പരീക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. എൻജിനീയറിങ് കോഴ്സിനും ഫാർമസി കോഴ്സിനും അപേക്ഷിക്കുന്നവർ രണ്ട് പ്രവേശന പരീക്ഷയും എഴുതണം. മേയ് പത്തിനോ മുമ്ബോ ഫലം പ്രസിദ്ധീകരിക്കും. മെഡിക്കല്‍, അനുബന്ധ കോഴ്സുകളില്‍ പ്രവേശനം നീറ്റ്-യു.ജി പരീക്ഷയും ആർക്കിടെക്ചർ കോഴ്സിലേക്ക് ദേശീയ അഭിരുചിപരീക്ഷയായ 'നാറ്റ'യും അടിസ്ഥാനപ്പെടുത്തിയായിരിക്കും.
പ്രായം
അപേക്ഷകന് 2025 ഡിസംബർ 31 പ്രകാരം 17 വയസ്സ് പൂർത്തിയായിരിക്കണം. കുറഞ്ഞ പ്രായപരിധിയില്‍ ഇളവില്ല. എൻജിനീയറിങ്, ആർക്കിടെക്ചർ, ബി.ഫാം, ബി.എ.എം.എസ്, ബി.എസ്.എം.എസ്, ബി.എച്ച്.എം.എസ്, ബി.യു.എം.എസ് കോഴ്സുകള്‍ക്ക് ഉയർന്ന പ്രായപരിധി ഇല്ല. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലെ ഉയർന്ന പ്രായപരിധി നീറ്റ് -യു.ജി 2025 ഇൻഫർമേഷൻ ബുള്ളറ്റിനിലെ വ്യവസ്ഥകള്‍ പ്രകാരമായിരിക്കും. മറ്റ് മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രായപരിധി ബന്ധപ്പെട്ട കേന്ദ്ര കൗണ്‍സിലുകള്‍ നിശ്ചയിക്കുന്നത് പ്രകാരമായിരിക്കും.
ബഹ്റൈൻ, ചെന്നൈ, ബംഗളൂരു ഹൈദരാബാദ് പരീക്ഷ കേന്ദ്രങ്ങള്‍
കേരളത്തിന് പുറത്ത് നിലവിലുള്ള പരീക്ഷ കേന്ദ്രങ്ങള്‍ക്ക് പുറമേ ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലും വിദേശത്ത് ബഹ്റൈനിലും പുതിയ പരീക്ഷ കേന്ദ്രങ്ങളുണ്ട്. മതിയായ എണ്ണം അപേക്ഷകരുണ്ടെങ്കില്‍ മാത്രമേ ഈ കേന്ദ്രങ്ങളില്‍ പരീക്ഷ നടത്തൂ. ഇല്ലെങ്കില്‍ ഇവിടേക്ക് അപേക്ഷിക്കുന്നവരുടെ തൊട്ടടുത്ത ഓപ്ഷനുകളില്‍ ഒന്നായിരിക്കും പരീക്ഷ കേന്ദ്രമായി അനുവദിക്കുക. നിലവില്‍ കേരളത്തിലേതിന് പുറമെ മുംബൈ, ഡല്‍ഹി, ദുബൈ എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രമുണ്ടാകും.
അപേക്ഷ ഫീസ്
എൻജിനീയറിങ് അല്ലെങ്കില്‍ ഫാർമസി പ്രവേശനത്തിന് മാത്രമായി ജനറല്‍ വിഭാഗത്തിന് 875 രൂപയും എസ്.സി വിഭാഗത്തിന് 375 രൂപയും. രണ്ട് പരീക്ഷയും എഴുതുന്ന ജനറല്‍ വിഭാഗത്തിന് 1125 രൂപയും എസ്.സി വിഭാഗത്തിന് 500 രൂപയും.ആർക്കിടെക്ചർ/മെഡിക്കല്‍, അനുബന്ധ കോഴ്സുകള്‍ക്ക് അപേക്ഷിക്കുന്ന ജനറല്‍ വിഭാഗത്തിന് 625 രൂപയും എസ്.സി വിഭാഗത്തിന് 250 രൂപയും.
എൻജിനീയറിങ്/ഫാർമസി/ ആർക്കിടെക്ചർ, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്ക് ജനറല്‍ വിഭാഗത്തിന് 1125 രൂപയും എസ്.സി വിഭാഗത്തിന് 500 രൂപയും. മുഴുവൻ സ്ട്രീമിലേക്കും ഒന്നിച്ച് അപേക്ഷിക്കാൻ ജനറല്‍ വിഭാഗത്തിന് 1300 രൂപയും എസ്.സി വിഭാഗത്തിന് 525 രൂപയും. എസ്.ടി വിഭാഗത്തിന് ഫീസില്ല. ദുബൈ/ബഹ്റൈൻ പരീക്ഷകേന്ദ്രം തെരഞ്ഞെടുക്കുന്നവർ അപേക്ഷ ഫീസിന് പുറമെ 15,000 രൂപ അധികമായി അടയ്ക്കണം.
കോഴ്സുകള്‍
എൻജിനീയറിങ് (ബി.ടെക്): കാർഷിക സർവകലാശാല, വെറ്ററിനറി, ഫിഷറീസ് സർവകലാശാലകള്‍ക്ക് കീഴിലുള്ള വിവിധ ബി.ടെക് കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള മുഴുവൻ എൻജിനീയറിങ് ബിരുദ കോഴ്സുകള്‍.
ആർക്കിടെക്ചർ: ബി.ആർക്
മെഡിക്കല്‍ കോഴ്സുകള്‍: എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുർവേദ (ബി.എ.എം.എസ്), ഹോമിയോപ്പതി (ബി.എച്ച്.എം.എസ്), സിദ്ധ (ബി.എസ്.എം.എസ്), യൂനാനി (ബി.യു.എം.എസ്).
മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍: ബി.എസ്സി (ഓണേഴ്സ്) അഗ്രികള്‍ചർ, ബി.എസ്സി (ഓണേഴ്സ്) ഫോറസ്ട്രി, ബി.എസ്സി (ഓണേഴ്സ്) കോഓപറേഷൻ ആൻഡ് ബാങ്കിങ്/അഗ്രി. ബിസിനസ് മാനേജ്മെന്‍റ്, ക്ലൈമറ്റ് ചെയ്ഞ്ച് എൻവയണ്‍മെൻറല്‍ സയൻസ്, വെറ്ററിനറി (ബി.വി.എസ്സി ആൻഡ് എ.എച്ച്), ഫിഷറീസ് (ബി.എഫ്.എസ്സി).
ഫാർമസി: ബി.ഫാം അപേക്ഷ അഞ്ച് ഘട്ടം
www.cee.kerala.gov.in ലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് (എല്ലാം ജെ.പി.ജി ഫോർമാറ്റില്‍), ഇ-മെയില്‍ വിലാസം, മൊബൈല്‍ ഫോണ്‍ നമ്ബർ എന്നിവ ഇതിനാവശ്യമാണ്. അഞ്ച് ഘട്ടമായാണ് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ടത്.
ഒന്നാംഘട്ടം: പേര്, ജനനത്തീയതി, ഇ-മെയില്‍ വിലാസം, മൊബൈല്‍ നമ്ബർ, പാസ്വേഡ്, ആക്സസ് കോഡ് എന്നിവ നല്‍കി രജിസ്ട്രേഷൻ പൂർത്തിയാക്കുക. ഈ ഘട്ടത്തില്‍ ലഭിക്കുന്ന അപേക്ഷ നമ്ബർ പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി രേഖപ്പെടുത്തി സൂക്ഷിക്കുക.
രണ്ടാംഘട്ടം: അപേക്ഷയില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ കൃത്യമായി നല്‍കണം. എൻജിനീയറിങ്, ആർക്കിടെക്ചർ, ബി.ഫാം, മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ എന്നിവയെല്ലാം ഒരു അപേക്ഷയില്‍ തെരഞ്ഞെടുക്കാം. സാമുദായിക സംവരണം (എസ്.സി/എസ്.ടി/ഒ.ഇ.സി/എസ്.ഇ.ബി.സി വിഭാഗങ്ങള്‍), ഇ.ഡബ്ല്യു.എസ് സംവരണം, ഭിന്നശേഷി സംവരണം, പ്രത്യേക സംവരണം എന്നിവ ആവശ്യമുള്ളവർ ഓണ്‍ലൈൻ അപേക്ഷയില്‍ നിശ്ചിത സ്ഥാനത്ത് രേഖപ്പെടുത്തണം. വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയെന്ന് പരിശോധിച്ച് ഫൈനല്‍ സബ്മിഷൻ നടത്തണം.
മൂന്നാംഘട്ടം: അപേക്ഷ ഫീസ് ഓണ്‍ലൈനായി അടയ്ക്കലാണ് ഈ ഘട്ടം.
നാലാംഘട്ടം: പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആവശ്യമായ അനുബന്ധ രേഖകള്‍ എന്നിവ നിർദേശങ്ങള്‍ക്കനുസൃതമായി അപ്ലോഡ് ചെയ്യണം.
അഞ്ചാംഘട്ടം: ഓണ്‍ലൈൻ അപേക്ഷ സമർപ്പണം പൂർത്തിയാക്കിയശേഷം അപേക്ഷയുടെ അക്നോളജ്മെന്‍റ് പേജിന്‍റെ പ്രിന്‍റൗട്ടെടുത്ത് സൂക്ഷിക്കണം. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത സർട്ടിഫിക്കറ്റും നേറ്റിവിറ്റി , ജനനത്തീയതി തെളിയിക്കുന്നതിനുള്ള രേഖകളും ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണം.
ഭിന്നശേഷിസംവരണത്തിന് രേഖകള്‍ സമർപ്പിക്കണം
ഭിന്നശേഷി സംവരണം ആവശ്യമുള്ളവർ അപേക്ഷയില്‍ സൂചിപ്പിക്കുകയും പ്രവേശനപരീക്ഷ കമീഷണർ നടത്തുന്ന സംസ്ഥാനതല മെഡിക്കല്‍ ബോർഡില്‍ ഹാജരാവുകയും വേണം.എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാർ ഒഴികെയുള്ള മറ്റ് വിഭാഗക്കാർ (ജനറല്‍ കാറ്റഗറി ഉള്‍പ്പെടെ) കുടുംബ വാർഷിക വരുമാനത്തിന്‍റെ അടിസ്ഥാനത്തിലുള്ള ഫീസ് ആനുകൂല്യങ്ങള്‍/സ്കോളർഷിപ് ലഭിക്കാൻ വില്ലേജ് ഓഫിസറില്‍നിന്നുള്ള സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.
സാമ്ബത്തികമായി പിന്നാക്കംനില്‍ക്കുന്ന സംവരണേതര വിഭാഗത്തില്‍ നിന്നുള്ളവർ (ഇ.ഡബ്ല്യു.എസ്) ആനുകൂല്യം ലഭിക്കുന്നതിനായി നിശ്ചിത മാതൃകയിലുള്ള ഇ.ഡബ്ല്യു.എസ് സർട്ടിഫിക്കറ്റ് വില്ലേജ് ഓഫിസറില്‍നിന്ന് വാങ്ങി അപ്ലോഡ് ചെയ്യണം. മിശ്രവിവാഹിതരുടെ മക്കള്‍ക്ക് എസ്.ഇ.ബി.സി/ഒ.ഇ.സി സംവരണം ആവശ്യമെങ്കില്‍ വില്ലേജ് ഓഫിസറില്‍നിന്ന് നോണ്‍ ക്രീമിലെയർ സർട്ടിഫിക്കറ്റ് വാങ്ങി അപ്ലോഡ് ചെയ്യണം. ഇവർ എസ്.സി/എസ്.ടി വിഭാഗത്തില്‍ നിന്നുള്ളവരാണെങ്കില്‍ ആനുകൂല്യം ലഭിക്കാൻ തഹസില്‍ദാർ നല്‍കുന്ന മിശ്രവിവാഹ സർട്ടിഫിക്കറ്റ് വേണം. അപൂർണമായ സർട്ടിഫിക്കറ്റുകള്‍ നിരസിക്കും. സർട്ടിഫിക്കറ്റുകളുടെ മാതൃക പ്രോസ്പെക്ടസിലുണ്ട്.
സംവരണ ശതമാനവും
സ്റ്റേറ്റ് മെറിറ്റ് 50 ശതമാനം, ഇ.ഡബ്ല്യു.എസ് 10 ശതമാനം, എസ്.ഇ.ബി.സി 30 ശതമാനം: (ഈഴവ 9 ശതമാനം, മുസ്ലിം 8 ശതമാനം, മറ്റ് പിന്നാക്ക ഹിന്ദു 3 ശതമാനം, ലത്തീൻ കത്തോലിക്ക ആൻഡ് ആഗ്ലോ ഇന്ത്യൻ 3 ശതമാനം, ധീവര, അനുബന്ധ സമുദായങ്ങള്‍ 2 ശതമാനം, വിശ്വകർമ, അനുബന്ധ സമുദായങ്ങള്‍ 2 ശതമാനം, കുശവ, അനുബന്ധ സമുദായങ്ങള്‍ 1 ശതമാനം, പിന്നാക്ക ക്രിസ്ത്യൻ 1 ശതമാനം, കുടുംബി 1ശതമാനം), എസ്.സി 8 ശതമാനം, എസ്.ടി 2 ശതമാനം.
എൻ.ആർ.ഐ ക്വോട്ട
സ്വകാര്യ സ്വാശ്രയ കോളജുകളിലെ 15 ശതമാനം സീറ്റ് എൻ.ആർ.ഐ വിഭാഗത്തിനാണ്. ഉയർന്ന ഫീസായിരിക്കും. ഈ ക്വോട്ടയിലേക്ക് പരിഗണിക്കാൻ അപേക്ഷകനും എൻ.ആർ.ഐയായ ബന്ധുവും തമ്മില്‍ ഉണ്ടായിരിക്കേണ്ട ബന്ധം, സമർപ്പിക്കേണ്ട രേഖകള്‍ എന്നിവ പ്രോസ്പെക്ടസിലുണ്ട്.