ചൈനയില്‍ പുതിയ കൊറോണ വൈറസ്; കോവിഡുപോലെ മനുഷ്യരെ ബാധിക്കുമെന്ന് കണ്ടെത്തല്‍
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള കൊറോണ വൈറസിനെയാണ് കണ്ടെത്തിയിരിക്കുന്നത്

ചൈന : ചൈനയില്‍ പുതിയ കൊറോണ വൈറസ് സാനിധ്യം കണ്ടെത്തിയതായി ഗവേഷകർ. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള കൊറോണ വൈറസിനെയാണ് കണ്ടെത്തിയിരിക്കുന്നത്.
ഒന്നിലധികം വിഭാഗങ്ങളിലായി നൂറുകണക്കിന് കൊറോണ വൈറസുകളാണുള്ളത്. അവയില്‍, SARS, SARS-CoV-2, MERS, എന്നിങ്ങനെ ചിലത് മാത്രമാണ് മനുഷ്യരെ ബാധിക്കുന്നത്. ഏറ്റവും പുതിയ കണ്ടെത്തല്‍ അനുസരിച്ച്, മനുഷ്യരെ ബാധിക്കുന്ന SARS-CoV-2 വിന് സമാനമായ മറ്റൊരു കൊറോണ വൈറസ് കണ്ടെത്തിയതായാണ് ഷി ഷെങ്‌ലി അവകാശപ്പെടുന്നത്. ഗ്വാങ്‌ഷോ ലബോറട്ടറി, ഗ്വാങ്‌ഷോ അക്കാദമി ഓഫ് സയൻസസ്, വുഹാൻ യൂണിവേഴ്‌സിറ്റി, വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരെയാണ് ഗവേഷണത്തില്‍ ഉള്‍പ്പെടുത്തിയത്.
പുതുതായി കണ്ടെത്തിയ വൈറസ് മെർബെക്കോവൈറസ് ഉപജാതിയില്‍ ഉള്‍പ്പെടുന്നതാണ്. അതില്‍ മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (MERS) വൈറസും ഉള്‍പ്പെടുന്നു. ഹോങ്കോങ്ങിലെ ജാപ്പനീസ് പിപിസ്ട്രെല്‍ വവ്വാലുകളില്‍ ആദ്യം തിരിച്ചറിഞ്ഞ HKU5 കൊറോണ വൈറസിന്റെ ഒരു പുതിയ വകഭേദമാണിതെന്നും പഠനത്തില്‍ പറയുന്നു.
പുതുതായി കണ്ടെത്തിയ വൈറസ് വവ്വാലുകളില്‍ നിന്ന് മെർബെക്കോ വൈറസുകള്‍ നേരിട്ടോ അല്ലെങ്കില്‍ ഇന്റർമീഡിയറ്റ് ഹോസ്റ്റുകള്‍ വഴിയോ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലാണെന്നും എന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നല്‍കി. HKU5-CoV-2 അതിന്റെ മുൻഗാമികളായ വൈറസിനേക്കാള്‍ അപകടകരമാണെന്ന് ഷി തുടങ്ങിയ ഗവേഷകർ അവരുടെ പഠനത്തില്‍ അഭിപ്രായപ്പെട്ടു.