പരീക്ഷണയോട്ടത്തിനിടെ വന്ദേഭാരത് എക്സ്പ്രസിനുനേരേ കല്ലേറ്, പ്രതികൾ പിടിയിൽ
പരീക്ഷണയോട്ടത്തിനിടെ വന്ദേഭാരത് എക്സ്പ്രസിനുനേരേ കല്ലേറ്. ഛത്തീസ്ഗഢിലെ ഭാഗ്ബഹറ റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ചാണ് വെള്ളിയാഴ്ച രാവിലെ കല്ലേറുണ്ടായത്. സംഭവത്തിൽ അഞ്ച് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഭാഗ്ബഹറ സ്വദേശികളായ ശിവകുമാർ ഭാഗേൽ, ദേവേന്ദ്രകുമാർ, ജീത്തു പാണ്ഡെ, സോൻവാനി, അർജുൻ യാദവ് എന്നിവരാണ് പിടിയിലായത്. ആക്രമണത്തിൽ ട്രെയിനിലെ മൂന്ന് കോച്ചുകളിലെ ജനൽച്ചില്ലുകൾ തകർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഫ്ളാഗ് ഓഫ് ചെയ്യാനിരിക്കുന്ന വന്ദേഭാരത് എക്സ്പ്രസിന് നേരേയാണ് ആക്രമണമുണ്ടായത്. ഛത്തീസ്ഗഢിലെ ദുർഗിൽനിന്ന് ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തേക്കാണ് പുതിയ സർവീസ്. പരീക്ഷണയോട്ടത്തിനിടെ വിശാഖപട്ടണത്തുനിന്ന് ദുർഗിലേക്ക് മടങ്ങുന്നതിനിടെയാണ് ട്രെയിനിന് നേരേ കല്ലേറുണ്ടായത്. വിശാഖപട്ടണം വന്ദേഭാരത് എക്സ്പ്രസിന് പുറമേ രാജ്യത്തെ ആദ്യ വന്ദേമെട്രോ സർവീസും 20 കോച്ചുകളുള്ള ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസും തിങ്കളാഴ്ച പ്രധാനമന്ത്രി ഫ്ളാഗ്ഓഫ് ചെയ്യും. ഗുജറാത്തിലെ ഭുജിൽനിന്ന് അഹമ്മദാബാദിലേക്കാണ് രാജ്യത്തെ ആദ്യ വന്ദേമെട്രോ സർവീസ്.