സ്വകാര്യ ബസുകളിലെ ജീവനക്കാർക്ക് യൂണിഫോമും, നെയിം ബോർഡും
പരിശോധനയ്ക്ക് മോട്ടോർ വാഹനവകുപ്പ്
 
                                    തിരുവനന്തപുരം: സ്വകാര്യ ബസുകളിലെ ജീവനക്കാർക്ക് യൂണിഫോമും, നെയിം ബോർഡും നിർബന്ധമാക്കുന്നു. നേരത്തെ ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയെങ്കിലും അധികംപേരും പാലിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.
സ്വകാര്യ ബസുകളിലെ കണ്ടക്ടര്‍മാര്‍ നെയിം ബോർഡ് ധരിക്കണമെന്ന ഉത്തരവിന് 12 വർഷത്തിലേറെ പഴക്കമുണ്ടെങ്കിലും ഇനിയും നടപ്പാക്കാനായിട്ടില്ല. 2011 മാര്‍ച്ചിലാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ബസിലെ യാത്രക്കാർക്ക് മോശം അനുഭവമുണ്ടാകുന്ന സാഹചര്യങ്ങളിൽ ജീവനക്കാർക്കെതിരെ പരാതിപ്പെടാൻ കണ്ടക്ടറുടെ പേരെങ്കിലും തിരിച്ചറിയാൻ സാധിക്കുമെന്നതിനാലാണ് ഉത്തരവിറക്കിയിരുന്നത്.
ഇക്കാര്യം പരിശോധിക്കാൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ ഗതാഗത കമീഷണർക്ക് നിർദേശം നൽകി. ഡ്രൈവർമാരും കണ്ടക്ടർമാരും നിർദേശിച്ച മാനദണ്ഡപ്രകാരം യൂണിഫോം ധരിക്കുന്നുണ്ടോ എന്നറിയാൻ പ്രത്യേക പരിശോധനക്കും മോട്ടോർ വാഹനവകുപ്പ് തയാറെടുക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകളും പരിശോധന പരിധിയിലുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            