എരുമേലിപ്പൂരത്തിന് നാട് ഒരുങ്ങി .. ചന്ദനക്കുടം 10 ന് , പേട്ടതുള്ളൽ.11ന്
മന്ത്രി വി എൻ വാസവൻ ,മന്ത്രി വി അബ്‌ദുറഹ്‌മാൻ എന്നിവർ പങ്കെടുക്കും
എരുമേലി:എരുമേലി മഹല്ലാ ജമാ അത്തിന്റെ ചന്ദനക്കുടം ആഘോഷം. ജനുവരി 10 നു നടക്കും .
വൈകിട്ട് മൂന്നിന് അമ്പലപ്പുഴ പേട്ട സംഘവും എരുമേലി മഹല്ലാ ജമാ അത്തും ചേർന്നുളള സൗഹൃദ സംഗമം പള്ളി ഓഡിറ്റോറിയത്തിൽ നടക്കും, സന്ധ്യയ്ക്ക് ആറിന് പള്ളി അങ്കണത്തിൽ ചന്ദനക്കുടം പൊതുസമ്മേളനം.മഹല്ല ജമാ അത്ത് പ്രസിഡന്റ് നാസർ പനച്ചിയുടെ അധ്യക്ഷതയിൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ജമാ അത്ത് സെക്രട്ടറി മിഥുലാജ് മുഹമ്മദ് സ്വാഗതമാശംസിക്കും . ആന്റോ ആന്റണി എം പി ,അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ,ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ഐ എ എസ് ,ജില്ലാ കളക്ടർ ചേതനകുമാർ മീണ ,ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ പി എസ് ,ജില്ലാ പഞ്ചായത്ത് അംഗം ആശ ജോയി ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി എ ഷെമീർ ,എരുമേലി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ ,എരുമേലി ഫൊറോനാ വികാരി റെവ ഫാ .വർഗീസ് പുതുപ്പറമ്പിൽ,ഉൾപ്പെടെ വിവിധ സമൂഹിക സാംസ്‌കാരിക ജന നേതാക്കൾ പ്രസംഗിക്കും. മന്ത്രി വി.അബ്ദുറഹിമാൻ ചന്ദനക്കുടം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. നഗരം ചുറ്റിയാണ് ഘോഷയാത്ര.നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ. ചെണ്ടമേളം, ശിങ്കാരിമേളം, ജിണ്ട് കാവടി നിലക്കാവടി തമ്പോലം പോപ്പർ ഇവൻ്റ് എന്നിവ ചന്ദനക്കുടത്തിന് മാറ്റുകൂട്ടും.
ജനുവരി 11ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ട ആരംഭിക്കുന്നത്. അമ്പലപ്പുഴ സംഘം ആദ്യം വാവരു പള്ളിയിൽ ദർശനം നടത്തും. പള്ളി ഭാരവാഹികൾ സംഘത്തെ സ്വീകരിക്കും. തുടർന്ന് വാവരുടെ പ്രതിനിധി അമ്പലപ്പുഴ പെരിയോന്റെ കൈപിടിച്ച് പേട്ടതുള്ളൽ സംഘത്തിനൊപ്പം വലിയമ്പലത്തിലേക്ക് പുറപ്പെടും. അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലിനു ശേഷം 3 മണിക്കാണ് ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിക്കുക. നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻമാരും കലാരൂപങ്ങളും പേട്ടയിൽ അണിനിരക്കും.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളാണ് പേട്ടതുള്ളൽ നടത്തുന്നത്. ആചാര അനുഷ്ഠാനങ്ങളോടെ നടക്കുന്ന പേട്ടതുള്ളലും ചന്ദനക്കുടം ആഘോഷവും കാണാനും പങ്കെടുക്കാനും ആയിരക്കണക്കിനാളുകളാണ് ഈ ദിവസങ്ങളിൽ എരുമേലിയിൽ എത്തുക. നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാകും.
ചന്ദനക്കുടത്തിനും പെട്ടതുള്ളലിനും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത് .നിലവിലുള്ള 500 പൊലീസ് ഉദ്യോഗസ്ഥരെക്കൂടാതെ 300 പൊലീസ് ഉദ്യോഗസ്ഥരെക്കൂടി എരുമേലി നഗരത്തിൽ വിന്യസിക്കും. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ 2 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് എരുമേലിയിലെ സുരക്ഷയും നിയന്ത്രണങ്ങളും നടപ്പാക്കുക.


