ഇപിഎഫ്ഒ പെൻഷൻ പ്രക്രിയകളിലെ പുരോഗതി, ബദൽ തർക്കപരിഹാര സംവിധാനങ്ങൾ, പരാതിപരിഹാര സംരംഭങ്ങൾ എന്നിവയിൽ സുപ്രധാന തീരുമാനങ്ങൾ

(i) അംഗങ്ങളുടെ പ്രൊഫൈൽ അപ്‌ഡേറ്റിനായുള്ള ഓൺലൈൻ പ്രക്രിയ ലളിതമാക്കൽ, (ii) പിഎഫ് ട്രാൻസ്ഫർ പ്രക്രിയ ലളിതമാക്കൽ

Jan 19, 2025
ഇപിഎഫ്ഒ പെൻഷൻ പ്രക്രിയകളിലെ പുരോഗതി, ബദൽ തർക്കപരിഹാര സംവിധാനങ്ങൾ, പരാതിപരിഹാര സംരംഭങ്ങൾ എന്നിവയിൽ സുപ്രധാന തീരുമാനങ്ങൾ
EPFO
ന്യൂഡൽഹി : 2025 ജനുവരി 19
 
 
ഇപിഎഫിന്റെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് എക്സിക്യൂട്ടീവ് കമ്മിറ്റി (ഇസി) യുടെ 111-ാമത് യോഗം 2025 ജനുവരി 18ന് ന്യൂഡൽഹിയിലെ ഇപിഎഫ്ഒ ഹെഡ് ഓഫീസിൽ നടന്നു. തൊഴിൽ മന്ത്രാലയ സെക്രട്ടറി സുമിത ദാവ്ര അധ്യക്ഷത വഹിച്ചു. ഇപിഎഫ്ഒ സിപിഎഫ്‌സി രമേശ് കൃഷ്ണമൂർത്തി, തൊഴിൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, തൊഴിലുടമകളുടെയും ജീവനക്കാരുടെയും പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
 
(i) കേന്ദ്രീകൃത ഐടി അ‌ധിഷ്ഠിത സംവിധാനം [CITES] 2.01 നടപ്പാക്കലിന്റെ പുരോഗതി, (ii) ഉയർന്ന വേതനത്തിലെ പെൻഷന്റെ സ്ഥിതി, (iii) ബദൽ തർക്കപരിഹാര (ADR) സംവിധാനത്തിനുള്ള നിർദേശം, (iv) ഇപിഎഫ്ഒയുടെ ഫീൽഡ് ഓഫീസുകളിലേക്ക് ഭരണപരവും സാമ്പത്തികവുമായ അധികാരങ്ങൾ​കൈമാറൽ, (v) പരാതി പരിഹാര സംവിധാനങ്ങളുടെ അവലോകനം, (vi) കമ്മീഷണർ കേഡറിലെ തസ്തികകളുടെ പുനർവിന്യാസം, (vii) മാനവവിഭവശേഷിയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ എന്നിവയുൾപ്പെടെ നിരവധി പ്രധാന ഇനങ്ങൾ യോഗം ചർച്ച ചെയ്തു. ചർച്ചകളിൽ ഇനി പറയുന്ന കാര്യങ്ങൾ ഉൾപ്പെടുന്നു:
 
·       CITES 2.01 നടപ്പിലാക്കൽ: CITES 2.01 നടപ്പിലാക്കുന്നതിൽ വന്ന പുരോഗതി സമിതി വിലയിരുത്തി. നിലവിലുള്ള ഡേറ്റാബേസുകൾ ഏകീകരിക്കുകയും, അംഗങ്ങളുടെ എല്ലാ അക്കൗണ്ടുകൾക്കും UAN അടിസ്ഥാനമാക്കിയുള്ള ലെഡ്ജർ സുഗമമാക്കുകയും അതുവഴി ധനസഹായം  വേഗത്തിലാക്കുകയും ക്ലെയിം പ്രക്രിയ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്ന ബൃഹത്തായ ഡേറ്റ ഏകീകരണ വ്യായാമവും യോഗം വിലയിരുത്തി. പെൻഷൻ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനും, പെൻഷൻകാർക്ക് സമയബന്ധിതവും കൃത്യവുമായ പെൻഷൻ വിതരണം ഉറപ്പാക്കുന്നതിലൂടെ 68 ലക്ഷം പെൻഷൻകാർക്ക് പ്രയോജനം ചെയ്യുന്നതിനും ലക്ഷ്യമിട്ടുള്ള CPPS (കേന്ദ്രീകൃത പെൻഷൻ പണമിടപാടു സംവിധാനം) വിജയകരമായി നടപ്പാക്കിയത് അവലോകനം ചെയ്തു.
 
·       ബദൽ തർക്ക പരിഹാരം (ADR): വ്യവഹാര ഭാരവും അനുബന്ധ കാലതാമസവും ഗണ്യമായി കുറയ്ക്കുന്നതിനും, വ്യാവസായിക ട്രൈബ്യൂണലുകൾ ഉൾപ്പെടെ വിവിധ തലങ്ങളിൽ തീർപ്പുകൽപ്പിക്കാത്ത തർക്കങ്ങൾ വേഗത്തിലും സൗഹാർദപരമായും പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിർദ്ദിഷ്ട എഡിആർ സംവിധാനങ്ങൾ സ്വീകരിക്കുന്നതിനെ കുറിച്ച് യോഗം ചർച്ച ചെയ്തു. പ്രത്യേകിച്ച് 1952 ലെ ഇപിഎഫ് & എംപി നിയമപ്രകാരമുള്ള നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയായി. ഈ സമീപനം ഇതിലുൾപ്പെട്ടവർക്ക് വേഗത്തിലുള്ള സാമൂഹിക സുരക്ഷ നൽകുകയും വിഭവങ്ങൾ ലാഭിക്കുകയും പങ്കാളികൾക്കിടയിൽ വിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യും.
 
·       ഉയർന്ന വേതന പെൻഷൻ: കഴിഞ്ഞ മാസത്തിൽ ഒരു ലക്ഷത്തിലധികം കേസുകളുടെ തീർപ്പുകൽപ്പിക്കാത്ത അപേക്ഷകൾ വേഗത്തിൽ പരിശോധിച്ചതിനെക്കുറിച്ചും ഫീൽഡ് ഓഫീസുകൾ പതിവായി നിരീക്ഷിച്ച് വ്യക്തതയേകി 21,000 ആവശ്യകതാ പത്രങ്ങൾ നൽകിയതിനെക്കുറിച്ചും യോഗത്തിൽ അറിയിച്ചു. കേസുകളുടെ തീർപ്പാക്കൽ ഏകദേശം 58,000 വർധിച്ചു. തിരിച്ചയക്കപ്പെട്ട  കേസുകളിലെ തിരുത്തൽ ത്വരിതപ്പെടുത്തുന്നതിനും 2025 ജനുവരി 31നകം സംയുക്ത ഓപ്ഷനുകൾ സമർപ്പിക്കുന്നതിനും തൊഴിലുടമകളുമായി പതിവായി വീഡിയോ കോൺഫറൻസ് നടത്താനും യോഗം ശുപാർശ ചെയ്തു. നിലവിലെ സാമ്പത്തിക വർഷാവസാനത്തോടെ അംഗീകൃത ചട്ടക്കൂടിനുള്ളിൽ പരമാവധി ജോലികൾ പൂർത്തിയാക്കാൻ നിർദേശിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട, ഉയർന്ന തുക ഉൾപ്പെടുന്ന  കേസുകൾ വേഗത്തിൽ തീർപ്പാക്കാനും നിർദേശിച്ചു.
 
·       പരാതി പരിഹാരം: സേവന വിതരണം മെച്ചപ്പെടുത്തുന്നതിനും നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും അംഗങ്ങളുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനുമായി പരാതി പരിഹാര പ്രക്രിയയിലെ മെച്ചപ്പെടുത്തലുകൾക്കായുള്ള പദ്ധതി ഇസി അവലോകനം ചെയ്തു. ഇപിഎഫ്ഒയിലെ പതിവ് പരാതികളുടെ വിശകലനം പൊതുവായ പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും തരംതിരിക്കുന്നതിനും കാരണമായി. ഈ പ്രശ്നങ്ങളുടെ അ‌ടിസ്ഥാനകാരണം പരിഹരിക്കുന്നതിനും വ്യവസ്ഥാപരമായ മെച്ചപ്പെടുത്തലുകളിലൂടെ ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമാണ് പരിഷ്കരണ പ്രക്രിയ ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിൽ, (i) അംഗങ്ങളുടെ പ്രൊഫൈൽ അപ്‌ഡേറ്റിനായുള്ള ഓൺലൈൻ പ്രക്രിയ ലളിതമാക്കൽ, (ii) പിഎഫ് ട്രാൻസ്ഫർ പ്രക്രിയ ലളിതമാക്കൽ എന്നിവയെക്കുറിച്ച് ഈ ആഴ്ച ആദ്യം ഇപിഎഫ്ഒ രണ്ട് നിർദേശങ്ങൾ പുറപ്പെടുവിച്ചു.
 
ചർച്ചകളും തീരുമാനങ്ങളും ഇപിഎഫ്ഒ സംവിധാനങ്ങളിൽ പരിവർത്തനാത്മക സ്വാധീനം പ്രതിഫലിപ്പിക്കുന്നു. ഇത് കാര്യക്ഷമത മെച്ചപ്പെടുത്തുകയും കാലതാമസം കുറയ്ക്കുകയും അംഗങ്ങൾക്കും പെൻഷൻകാർക്കും ഒരുപോലെ കൂടുതൽ സംതൃപ്തി നൽകുകയും ചെയ്യുന്നു.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.