പതിനാറാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് തിരശ്ശീല ഉയർന്നു

Jan 25, 2026
പതിനാറാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് തിരശ്ശീല ഉയർന്നു

നാടകപ്രേമികൾക്ക് ഇനി അന്താരാഷ്ട്ര നാടകോത്സവ കാലം. സംഗീത നാടക അക്കാദമിയിൽ അന്താരാഷ്ട്ര നാടകോത്സവത്തിന്റെ പതിനാറാം പതിപ്പിന് തിരശ്ശീല ഉയർന്നു. റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ അന്താരാഷ്ട നാടകോത്സവത്തിന്റെയും നവീകരിച്ച കെ. ടി മുഹമ്മദ് തിയേറ്ററിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ലോകത്തിലെ വിവിധ വൻകരകളിൽ നിന്നുമുള്ള രാജ്യങ്ങളിലെ കലയും ജീവിതവും സംസ്കാരവും നമുക്ക് അടുത്തറിയാനുളള ഇടമായി അന്താരാഷ്ട്ര നാടകോത്സവം മാറി കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഇന്ത്യയും വിദേശ രാജ്യങ്ങളും തമ്മിലുള്ള വിനിമയം സാധ്യമാക്കുന്നതിനും കൂടുതൽ ദൃഢകരമായ സൗഹൃദം രൂപപ്പെടുത്തുന്നതിനുള്ള ഒരു രാജ്യാന്തര സൗഹൃദ വേദി കൂടിയായി ഇറ്റ്ഫോക് മാറിക്കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു. ഈ നിശബ്ദതയിലെ ശബ്ദങ്ങൾ എന്നത് ഇറ്റ്ഫോക്കിന്റെ കേവലമൊരു തലവാചകം മാത്രമായി അവസാനിപ്പിക്കാനാകില്ലെന്നും നിശബ്ദരാക്കപ്പെടുന്നവരുടെ ശബ്ദങ്ങൾക്ക് നവീനമായ ആഖ്യാനവും വ്യാഖ്യാനവും കലയിലൂടെയാണ് സംഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംഗീത നാടക അക്കാദമിയുടെ വിവിധ പ്രവർത്തനങ്ങളെ കുറിച്ചും മന്ത്രി സംസാരിച്ചു. കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകൻ ആനന്ദ് പട്വർധൻ മുഖ്യാതിഥിയായി. ഗുജറാത്തിൽ നിന്നെത്തിയ നാടക ചലച്ചിത്ര പ്രതിഭ ദക്ഷിൺ ഛാര വിശിഷ്ടാതിഥിയായി. ഫെസ്റ്റിവൽ ആർട്ടിസ്റ്റിക് ഡയറക്ടർ ഡോ. അഭിലാഷ് പിള്ള ഫെസ്റ്റിവലുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ വിശദീകരിച്ചു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി സ്വാഗതവും കേരള സംഗീത നാടക അക്കാദമി എക്സിക്യൂട്ടീവ് അംഗം സഹീർ അലി നന്ദിയും പറഞ്ഞു. നാടകോത്സവവുമായി ബന്ധപ്പെട്ട ഫെസ്റ്റിവൽ ബാഗ്, ഫെസ്റ്റിവൽ ടി- ഷർട്ട്, ഫെസ്റ്റിവൽ ഡെയ്ലി ബുള്ളറ്റിൻ, ഫെസ്റ്റിവൽ ബുക്ക് എന്നിവയുടെ പ്രകാശനവും നടന്നു. ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം പി ബാലചന്ദ്രൻ എം എൽ എ അന്താരാഷ്ട്ര നാടകോത്സവം ഡയറക്ടറേറ്റ് അംഗം റുവാൻഡി ഡെ ചികേരക്ക് നൽകി നിർവഹിച്ചു. ഫെസ്റ്റിവൽ ഡെയ്ലി ബുള്ളറ്റിന്റെ പ്രകാശനം കേരള സംഗീത നാടക അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചെരുവിൽ അന്താരാഷ്ട്ര നാടകോത്സവം ഡയറക്ടറേറ്റ് അംഗം ശ്രീജിത്ത് രമണന് നൽകി നിർവഹിച്ചു. ഫെസ്റ്റിവൽ ബാഗ് പ്രകാശനം കേരള ലളിത കലാ അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത് അന്താരാഷ്ട്ര നാടകോത്സവം ഡയറക്ടറേറ്റ് അംഗം എം ജി ജ്യോതിഷിന് നൽകി നിർവഹിച്ചു. ഫെസ്റ്റിവൽ ടി ഷർട്ട് പ്രകാശനം സബ് കളക്ടർ അഖിൽ വി മേനോൻ കേരള സംഗീത നാടക അക്കാദമി എക്സിക്യൂട്ടീവ് അംഗം ടി. ആർ അജയന് നൽകി നിർവഹിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നാടക പ്രവർത്തകർ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു