വേനൽചൂടിനപ്പുറം ചൂടേറിയ പരസ്യപ്രചാരണത്തിന്‍റെ ദിനരാത്രങ്ങൾക്ക് ഇന്ന് സമാപനം; വെള്ളിയാഴ്ച കേരളം ബൂത്തിലേക്ക്
ആളും ആരവവും നിറയുന്ന ‘കൊട്ടിക്കലാശ’ത്തോടെ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം വൈകീട്ട് ആറോട് സമാപിക്കും

തിരുവനന്തപുരം: വേനൽചൂടിനപ്പുറം ചൂടേറിയ പരസ്യപ്രചാരണത്തിന്‍റെ ദിനരാത്രങ്ങൾക്ക് ഇന്ന് സമാപനം. വോട്ടുതേടിയുള്ള സ്ഥാനാർഥികളുടെയും പ്രവർത്തകരുടെയും വിശ്രമമില്ലാത്ത ഓട്ടവും പരിസമാപ്തിയിലേക്ക്. ആളും ആരവവും നിറയുന്ന ‘കൊട്ടിക്കലാശ’ത്തോടെ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം വൈകീട്ട് ആറോടെയാണ് സമാപിക്കുക. വ്യാഴാഴ്ച നിശബ്ദ പ്രചാരണവും കഴിഞ്ഞ് വെള്ളിയാഴ്ച കേരളം ബൂത്തിലേക്ക് നീങ്ങും.മൈക്ക് അനൗൺസ്മെന്‍റുകൾ, പൊതുയോഗങ്ങൾ, കുടുംബയോഗങ്ങൾ, വീടുവീടാന്തരമുള്ള സ്ക്വാഡുകൾ, സ്വീകരണപരിപാടികൾ, റോഡ്ഷോകൾ എന്നിങ്ങനെ വോട്ടർമാരുടെ മനസ്സ് തേടിയുള്ള തീവ്രയജ്ഞത്തിലായിരുന്നു പിന്നിട്ട ദിവസങ്ങൾ. പ്രാദേശികവും ദേശീയവുമായ നിരവധി വിഷയങ്ങൾ പ്രചാരണ വിഷയങ്ങളായി. നിർണായക തെരഞ്ഞെടുപ്പിൽ തങ്ങൾക്കാണ് മേൽക്കൈ എന്ന് ഇടതുപക്ഷവും യു.ഡി.എഫും വിലയിരുത്തുന്നു. അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷ ബി.ജെ.പിയും പങ്കുവെക്കുന്നു.