2024 ജൂലൈ 23 മുതൽ കേരള ഗവണ്മെന്റിനു മുന്നറിയിപ്പുകൾ നൽകിയിരുന്നു:കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ

Warnings were issued to the Kerala government from July 23, 2024: Union Home Affairs and Cooperation Minister Amit Shah

Jul 31, 2024
2024 ജൂലൈ 23 മുതൽ കേരള ഗവണ്മെന്റിനു മുന്നറിയിപ്പുകൾ നൽകിയിരുന്നു:കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി  അമിത് ഷാ
AMITH SHA CENTRAL HOME MINISTER
കേരളത്തിലെ വയനാട്ടിൽ ഉരുൾപൊട്ടൽ മൂലമുണ്ടായ സാഹചര്യത്തെക്കുറിച്ചു പാർലമെന്റിന്റെ ഇരുസഭകളിലും നടന്ന ചർച്ചകളിൽ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ പങ്കെടുത്തു
 
ഈ പ്രതിസന്ധിഘട്ടത്തിൽ മോദി ഗവണ്മെന്റ് കേരളജനതയ്ക്കും ഗവണ്മെന്റിനുമൊപ്പം ഉറച്ചുനിൽക്കുന്നു
 
വയനാട്ടിൽ ദുരിതാശ്വാസ-രക്ഷാ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടർച്ചയായി ശേഖരിക്കുന്നു
 
2014നു മുമ്പ്, ദുരന്തങ്ങളിൽ രക്ഷാകേന്ദ്രീകൃത സമീപനമായിരുന്നു ഇന്ത്യയുടേത്; എന്നാൽ മോദി ഗവണ്മെന്റ് മരണങ്ങൾ ഒഴിവാക്കുക എന്ന സമീപനത്തിലാണ് പ്രവർത്തിക്കുന്നത്
 
രക്ഷാപ്രവർത്തനങ്ങളിൽ ഒരലംഭാവും കാട്ടിയിട്ടില്ല; ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി സാധ്യമായ എല്ലാ ശ്രമങ്ങളും കേന്ദ്രം നടത്തുകയാണ്
 
ലോകത്തിലെ ഏറ്റവും നൂതനമായ മുൻകൂർ മുന്നറിയിപ്പ് സംവിധാനം ഇന്ത്യയിലുണ്ട്
 
മോദി ഗവണ്മെന്റിന്റെ കാലത്തു സ്ഥാപിച്ച മുന്നറിയിപ്പ് സംവിധാനത്തിന്റെ സഹായത്തോടെ ദുരന്തനിവാരണത്തിൽ ആളപായമുണ്ടായിട്ടില്ലെന്നു പല സംസ്ഥാനങ്ങളും റിപ്പോർട്ട് ചെയ്തു
 
2024 ജൂലൈ 23 മുതൽ കേരള ഗവണ്മെന്റിനു മുന്നറിയിപ്പുകൾ നൽകിയിരുന്നു
 
മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് എൻഡിആർഎഫിന്റെ 9 സംഘത്തെ ഇന്ത്യാ ഗവണ്മെന്റ് ജൂലൈ 23ന് വിമാനമാർഗം കേരളത്തിലെത്തിച്ചു
 
അതിശക്തമായ മഴയ്ക്കും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്നും ജീവഹാനിക്കു സാധ്യതയുണ്ടെന്നും കേരള ഗവണ്മെന്റിനെ ജൂലൈ 26ന് അറിയിച്ചു
 
ഗവണ്മെന്റിനെ കുറ്റപ്പെടുത്തുന്നവർ കാലേക്കൂട്ടിയുള്ള മുന്നറിയിപ്പുകൾ വായിച്ചിരുന്നെങ്കിൽ സ്ഥിതി വ്യത്യസ്തമാകുമായിരുന്നു
 
പ്രതിപക്ഷത്തിന് കാലേക്കൂട്ടിയുള്ള മുന്നറിയിപ്പ് സംവിധാനത്തെക്കുറിച്ച് അറിയില്ലെങ്കിൽ, അത് നല്ലതല്ല; പക്ഷേ അറിഞ്ഞിട്ടും അവർ രാഷ്ട്രീയം കളിക്കുന്നുവെങ്കിൽ അത് ദൗർഭാഗ്യകരമാണ്
 
മഴ, ഉഷ്ണതരംഗം, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, ഇടിമിന്നൽ എന്നിവപോലും കാലേക്കൂട്ടിയുള്ള മുന്നറിയിപ്പ് സംവിധാനത്തിന് പ്രവചിക്കാൻ കഴിയും
 
ന്യൂഡല്‍ഹി : 31 ജൂലൈ 2024
 
കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് പാർലമെന്റിന്റെ ഇരുസഭകളിലും കേരളത്തിലെ വയനാട്ടിൽ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ സാഹചര്യത്തെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുത്തു.
 
വയനാട് ദുരന്തത്തെക്കുറിച്ച് ഇരുസഭകളിലും സംസാരിച്ച ശ്രീ അമിത് ഷാ, ജീവൻ നഷ്ടപ്പെട്ടവരുടെ കാര്യത്തിൽ അനുശോചനം രേഖപ്പെടുത്തുകയും പ്രകൃതിദുരന്തത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ഈ ദുരന്തസമയത്ത് നരേന്ദ്രമോദി ഗവണ്മെന്റ് കേരളത്തിലെ ജനങ്ങൾക്കും കേരള ഗവണ്മെന്റിനുമൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വയനാട്ടിലെ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും സാധ്യമായ എല്ലാ ശ്രമങ്ങളും മോദി ഗവണ്മെന്റ് നടത്തുന്നുണ്ടെന്നും ശ്രീ അമിത് ഷാ പറഞ്ഞു.
 
2014ന് മുമ്പ് ദുരന്തത്തിൽ രക്ഷാകേന്ദ്രീകൃത സമീപനമാണ് ഇന്ത്യ സ്വീകരിച്ചിരുന്നതെന്നും, എന്നാൽ 2014ന് ശേഷം മോദി ഗവണ്മെന്റ് ജീവഹാനി ഒഴിവാക്കുക എന്ന സമീപനത്തിലൂടെയാണ് മുന്നോട്ട് പോകുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. കേന്ദ്രം നൽകുന്ന വിവരമനുസരിച്ച് ജനങ്ങളെ യഥാസമയം സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കേണ്ടത് സംസ്ഥാന ഗവണ്മെന്റുകളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. ഈ ദുരന്തസമയത്ത് ഇന്ത്യാഗവണ്മെന്റ് രക്ഷാപ്രവർത്തനത്തിൽ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുരോഗതി നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും വയനാട്ടിലെ ദുരിതാശ്വാസ-രക്ഷാ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തുടർച്ചയായി ശേഖരിക്കുന്നുണ്ടെന്നും ശ്രീ ഷാ പറഞ്ഞു.
 
നേരത്തെ, രാജ്യസഭയിൽ ഇതേ വിഷയത്തെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത്, കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ, ദുരന്തത്തിന് ഏഴ് ദിവസം മുമ്പ്, ജൂലൈ 23 ന്, കേന്ദ്രം കേരള ഗവണ്മെന്റിനു മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പറഞ്ഞു. അതിനുശേഷം, 2024 ജൂലൈ 24നും 25നും കാലേക്കൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലൈ 26ന് 20 സെന്റീമീറ്ററിലധികം മഴ ലഭിക്കുമെന്നും ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്നും ജീവനും സ്വത്തും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും കേരള ഗവണ്മെന്റിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കുന്നവർ കാലേക്കൂട്ടിയുള്ള മുന്നറിയിപ്പുകൾ വായിച്ചിരുന്നെങ്കിൽ ഈ സാഹചര്യം ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 
 
മുന്‍കൂറായുള്ള മുന്നറിയിപ്പ് സംവിധാനം ഉപയോഗിച്ച് ദുരന്തനിവാരണ പരിപാലനത്തിലൂടെ പല സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും ആളപായമുണ്ടായിട്ടില്ലെന്ന്  റിപ്പോര്‍ട്ട് ചെയ്യാനായിട്ടുണ്ടെന്ന്് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഉദാഹരണങ്ങള്‍ നല്‍കിക്കൊണ്ട്, ഒഡീഷയിലെയും ഗുജറാത്തിലെയും കേസുകള്‍ അദ്ദേഹം ഉദ്ധരിച്ചു. ചൂഴലിക്കാറ്റ് സംബന്ധിച്ച് ഒഡീഷ ഗവണ്‍മെന്റിന് ഏഴ് ദിവസം മുന്‍പ് മുന്നറിയിപ്പ് അയച്ചു അവിടെ ഒരു അപകടം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസം മുമ്പ് ഗുജറാത്തിലേക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി അവിടെ ഒരു മൃഗത്തിന് പോലും ഹാനി സംഭവിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
 
ജനങ്ങളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാന്‍ വേണ്ട ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ടവരുമായി  പങ്കുവയ്ക്കുന്നതിനുള്ള നുള്ള മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ക്ക് വേണ്ടി 2014 മുതല്‍, കേന്ദ്ര ഗവണ്‍മെന്റ് 2,323 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ശ്രീ അമിത് ഷാ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും ഒരാഴ്ച മുമ്പ് വിവരങ്ങള്‍ അയയ്ക്കുന്നുണ്ടെന്നും എല്ലാവര്‍ക്കും ആ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
 
ശ്രീ നരേന്ദ്ര മോദി 2014ല്‍ പ്രധാനമന്ത്രിയായ ശേഷം ലോകത്തിലെ ഏറ്റവും ആധുനികമായ മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനം ഇന്ത്യയില്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. ഏഴ് ദിവസം മുമ്പേ ദുരന്തങ്ങള്‍ പ്രവചിക്കാന്‍ ശേഷിയുള്ള ആദ്യ നാല്-അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. മിക്ക രാജ്യങ്ങള്‍ക്കും മൂന്ന് ദിവസം മുമ്പ് മാത്രമേ ഇത്തരം പ്രവചനങ്ങള്‍ നടത്താന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
മഴ, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, ഉഷ്ണതരംഗങ്ങള്‍, ശീത തരംഗങ്ങള്‍, സുനാമി, ഭൂകമ്പം, മണ്ണിടിച്ചില്‍, എന്തിന് ഇടിമിന്നല്‍ പോലും റിപ്പോര്‍ട്ട് ചെയ്യാനുള്ള മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ നിലവിലുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനത്തെക്കുറിച്ച് പ്രതിപക്ഷത്തിന് ശരിക്കും അറിവില്ലെങ്കില്‍ അത് നല്ല സാഹചര്യമല്ലെന്നും എന്നാല്‍ അറിവുണ്ടായിട്ടും അവര്‍ക്ക് രാഷ്ട്രീയം നടത്തുകയാണെങ്കില്‍ അത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. പല സംസ്ഥാനങ്ങളും ഇത് ഉപയോഗിച്ചിട്ടുണ്ടെന്നും അനുകൂലമായ ഫലം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
ദുരന്തം പ്രതീക്ഷിച്ച് 2024 ജൂലൈ 23 ന് തന്റെ അനുമതിയോടെ ഒമ്പത് എന്‍.ഡി.ആര്‍.എഫ് ടീമുകളെ കേന്ദ്ര ഗവണ്‍മെന്റ് വിമാനമാര്‍ഗ്ഗം കേരളത്തിലേക്ക് അയച്ചതായി ശ്രീ അമിത് ഷാ പറഞ്ഞു. ദുര്‍ബല മേഖലകളില്‍ താമസിക്കുന്ന ജനങ്ങളെ മാറ്റുന്നതില്‍ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് അദ്ദേഹം കേരള ഗവണ്‍മെന്റിനോട് ചോദിച്ചു. കേരള ഗവണ്‍മെന്റ് തക്കസമയത്ത് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാമായിരുന്നുവെന്ന് അദ്ദേഹം പരിവേദനപ്പെട്ടു.
 
എസ്.ഡി.ആര്‍.എഫില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് 10 ശതമാനം ഫണ്ട് അവരുടെ സ്വന്തം ഇഷ്ടപ്രകാരം അനുവദിക്കാമെന്നും നിശ്ചിത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് കേന്ദ്രത്തിന്റെ അനുമതിയില്ലാതെ തുകയുടെ 100 ശതമാനം ഉപയോഗിക്കാമെന്നും അമിത് ഷാ പറഞ്ഞു. പശ്ചിമ ബംഗാളിന് 2014 മുതല്‍ 2024 വരെ 6,244 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അതില്‍ 4,619 കോടി രൂപ ഇതിനകം നല്‍കികഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
 
എന്‍.ഡി.ആര്‍.എഫിന്റെ 2024 ജൂലൈ 23 ന് അയച്ച ഒന്‍പത് ബറ്റാലിയനുകള്‍ക്ക് പുറമെ മൂന്ന് ബറ്റാലിയനുകളെ കൂടി ഇന്നലെ അയച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. കേരളത്തിലെ ഗവണ്‍മെന്റിനും ജനങ്ങള്‍ക്കും ഒപ്പം നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തില്‍ നരേന്ദ്ര മോദി ഗവണ്‍മെന്റ് കേരളത്തിലെ ജനങ്ങള്‍ക്കും ഗവണ്‍മെന്റിനും ഒപ്പം ഉറച്ചുനില്‍ക്കുമെന്ന് ശ്രീ ഷാ ആവര്‍ത്തിച്ചു.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.