പൂജ മനോരമ ദിലീപ് ഖേദ്കറിൻ്റെ താൽക്കാലിക നിയമന ശുപാർശ റദ്ദാക്കി യു.പി.എസ്.സി

UPSC canceled the temporary appointment

Aug 1, 2024
പൂജ മനോരമ ദിലീപ് ഖേദ്കറിൻ്റെ താൽക്കാലിക നിയമന ശുപാർശ റദ്ദാക്കി യു.പി.എസ്.സി
പൂജ മനോരമ ദിലീപ് ഖേദ്കറിൻ്റെ താൽക്കാലിക നിയമന ശുപാർശ റദ്ദാക്കി യു.പി.എസ്.സി ഭാവിയിലെ എല്ലാ പരീക്ഷ/തിരഞ്ഞെടുപ്പുകളിൽ നിന്നും സ്ഥിരമായി വിലക്ക് ഏർപ്പെടുത്തി
 
ലഭ്യമായ രേഖകളുടെ പരിശോധനയ്ക്ക് ശേഷം, CSE-2022 ചട്ടങ്ങൾ ലംഘിച്ചതിന് ഖേദ്കർ കുറ്റക്കാരിയാണെന്ന് യു.പി.എസ്.സിയുടെ കണ്ടെത്തൽ
 
2009 മുതൽ 2023 വരെ ശുപാർശ ചെയ്യപ്പെട്ട പതിനയ്യായിരത്തിലധികം ഉദ്യോഗാർത്ഥികളുടെ 15 വർഷത്തെ സി എസ് ഇ ഡാറ്റ യു.പി.എസ്.സി അവലോകനം ചെയ്തു.
 
ന്യൂഡല്‍ഹി : 31 ജൂലൈ 2024
 
CSE-2022, സിവിൽ സർവീസസ് പരീക്ഷയിൽ താൽക്കാലികമായി ശുപാർശ ചെയ്യപ്പെട്ട  പൂജ മനോരമ ദിലീപ് ഖേദ്കറിന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) വിലക്കേർപ്പെടുത്തി. വ്യക്തി വിവരങ്ങൾ വ്യാജമാക്കി പരീക്ഷാ ചട്ടങ്ങളിൽ അനുവദനീയമായ പരിധിക്കപ്പുറമുള്ള ശ്രമങ്ങൾ നടത്തിയതിന്  2024 ജൂലായ് 18-ന്, യു പി എസ് സി ഖേദ്കറിന് കാരണം കാണിക്കൽ നോട്ടീസ് (SCN) നൽകിയിരുന്നു. 2024 ജൂലൈ 25-നകം നോട്ടീസിന് അവർ  മറുപടി  സമർപ്പിക്കേണ്ടതായിരുന്നു. എന്നാൽ പ്രതികരണത്തിന് ആവശ്യമായ രേഖകൾ ശേഖരിക്കുന്നതിന് 2024 ഓഗസ്റ്റ് 04 വരെ കൂടുതൽ സമയം അവർ  അഭ്യർത്ഥിച്ചു.
 
2. പൂജ മനോരമ ദിലീപ് ഖേദ്കറുടെ അഭ്യർത്ഥന  പരിഗണിച്ച യുപിഎസ്‌സി നീതി നിർവ്വഹണത്തിന്റെ ഭാഗമായി കാരണം കാണിക്കൽ നോട്ടീസിനു മറുപടി നൽകാൻ 2024 ജൂലൈ 30 ന് വൈകിട്ട് 3.30 വരെ സമയം നീട്ടി നൽകി. എന്നാൽ  ഇത്  അവസാനത്തെ  അവസരമായിരിക്കുമെന്നും  കൂടുതൽ സമയം നീട്ടിനൽകാൻ സാധിക്കില്ലെന്നും പൂജ മനോരമ ദിലീപ് ഖേദ്കറിനോട് യുപിഎസ്‌സി വ്യക്തമാക്കിയിരുന്നു. കൂടാതെ  മേൽപ്പറഞ്ഞ തീയതി/സമയത്ത് പ്രതികരണമൊന്നും ലഭിച്ചില്ലെങ്കിൽ, അവരിൽ  നിന്ന് കൂടുതൽ വിശദീകരണത്തിന് കാക്കാതെ   തുടർനടപടി സ്വീകരിക്കുമെന്നും യുപിഎസ്‌സി അവരെ  അറിയിച്ചു. അനുവദിച്ച സമയം നീട്ടിയിട്ടും, നിശ്ചിത സമയത്തിനുള്ളിൽ വിശദീകരണം സമർപ്പിക്കുന്നതിൽ അവർ പരാജയപ്പെട്ടതിനെത്തുടർന്നാണ് യു പി എസ് സിയുടെ നടപടി. 
 
3  ലഭ്യമായ രേഖകളുടെ സൂക്ഷ്മ പരിശോധന നടത്തിയ  യുപിഎസ്‌സി, സിഎസ്ഇ-2022 ചട്ടങ്ങളുടെ വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് അവർ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. തുടർന്ന്  CSE-2022-ലേക്കുള്ള അവരുടെ  താത്കാലിക നിയമന ശുപാർശ  റദ്ദാക്കുകയും യുപിഎസ്‌സിയുടെ ഭാവിയിലെ എല്ലാ പരീക്ഷകളിൽ/തിരഞ്ഞെടുപ്പുകളിൽ നിന്നും അവരെ സ്ഥിരമായി വിലക്കുകയും ചെയ്തു.
 
4. പൂജ മനോരമ ദിലീപ് ഖേദ്കറുടെ കേസിൻ്റെ പശ്ചാത്തലത്തിൽ, 2009 മുതൽ 2023 വരെ, അതായത് 15 വർഷത്തേക്ക്, സിഎസ്ഇ കളിൽ അന്തിമമായി ശുപാർശ ചെയ്യപ്പെട്ട 15,000-ത്തിലധികം ഉദ്യോഗാർത്ഥികളുടെ ലഭ്യമായ വിവരങ്ങൾ യുപിഎസ്‌സി സമഗ്രമായി പരിശോധിച്ചു. ഈ വിശദമായ പരിശോധനയ്ക്കു  ശേഷം, പൂജ മനോരമ ദിലീപ് ഖേദ്കറുടെ കേസ് ഒഴികെ, മറ്റൊരു ഉദ്യോഗാർത്ഥിയും  CSE നിയമങ്ങൾ പ്രകാരം അനുവദനീയമായതിലും കൂടുതൽ ശ്രമങ്ങൾ നേടിയതായി കണ്ടെത്തിയിട്ടില്ല. പൂജ മനോരമ ദിലീപ് ഖേദ്കർ സ്വന്തം പേര് മാത്രമല്ല, മാതാപിതാക്കളുടെ പേരും മാറ്റിയതിനാൽ  യുപിഎസ്‌സിയുടെ അം​ഗീകൃത പ്രവർത്തന മാനദണ്ഡമനുസരിച്ച്  (എസ്ഒപി)അവരുടെ  ശ്രമങ്ങളുടെ എണ്ണം കണ്ടെത്താനായില്ല. ഭാവിയിൽ ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ എസ്ഒപി കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് യുപിഎസ്‌സി.
 
5.തെറ്റായ സർട്ടിഫിക്കറ്റുകൾ (പ്രത്യേകിച്ച് ഒബിസി, പിഡബ്ല്യുബിഡി വിഭാഗങ്ങൾ) സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളെ സംബന്ധിച്ചിടത്തോളം, , സർട്ടിഫിക്കറ്റുകളുടെ പ്രാഥമിക സൂക്ഷ്മപരിശോധന മാത്രമാണ് നടത്തുന്നതെന്ന്  യുപിഎസ്‌സി വ്യക്തമാക്കി. യോഗ്യതയുള്ള അധികാരിയാണോ  സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളത് , സർട്ടിഫിക്കറ്റിന്റെ കാലാവധി , സർട്ടിഫിക്കറ്റ് നൽകിയ തീയതി, സർട്ടിഫിക്കറ്റിൽ എന്തെങ്കിലും തിരുത്തൽ ഉണ്ടോ, സർട്ടിഫിക്കറ്റിൻ്റെ മാതൃക ശരിയാണോ മുതലായവ പരിശോധിക്കും. സാധാരണയായി, യോഗ്യതയുള്ള അധികാരിയാണ്  സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളതെങ്കിൽ  സർട്ടിഫിക്കറ്റ് സാധുവായാണ്  കണക്കാക്കുന്നത്. ഓരോ വർഷവും ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന ആയിരക്കണക്കിന് സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാൻ യുപിഎസ്‌സിക്ക് ബാധ്യതയോ ഉപാധിയോ ഇല്ല. എന്നിരുന്നാലും, സർട്ടിഫിക്കറ്റുകളുടെ സൂക്ഷ്മപരിശോധനയും സ്ഥിരീകരണവും ബന്ധപ്പെട്ട അധികാരികളുടെ ഉത്തരവനുസരിച്ചാണ് നടത്തുന്നതെന്നും യു പി എസ് സി അറിയിച്ചു.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.