അരകവ്യൂഹത്തിന്റെ വാദ്യസമന്വയം ടാഗോർ തിയറ്ററിൽ ജനുവരി 11-ന്
16 വാദ്യോപകരണങ്ങൾ, 9 കലാകാരന്മാർ. പ്രവേശനം സൗജന്യം ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ, കേരളത്തിലെ പ്രശസ്ത വാദ്യ ബാൻഡായ 'അരകവ്യൂഹം' ജനുവരി 11 വൈകുന്നേരം 6.3ന് ടാഗോർ തിയേറ്ററിൽ താള- വാദ്യ - ഫ്യൂഷൻ സമന്വയം അവതരിപ്പിക്കും. പതിനാറ് വാദ്യോപകരണങ്ങൾ നവീനമായ രീതിയിൽ സംയോജിപ്പിച്ച് നൂതനമായ സംഗീത സൃഷ്ടികൾ നടത്തുന്ന ബാൻഡാണ് അരകവ്യൂഹം. വ്യത്യസ്ത വാദ്യങ്ങളുടെ ശബ്ദങ്ങളെ അവയുടെ തനിമ നഷ്ടപ്പെടാതെ കോർത്തിണക്കി, ശ്രോതാക്കളെ ഒരു പുതിയ മേളപ്രപഞ്ചത്തിലേക്ക് നയിക്കുന്ന കലാവിരുന്നാണ് ഇവർ ഒരുക്കുന്നത്. കേരളത്തിന്റെ തനത് കഥകളിസംഗീതവും കർണാടക സംഗീതവും സമന്വയിപ്പിച്ചുകൊണ്ടുള്ള സവിശേഷമായ ഒരു സംഗീത ശൈലി അരകവ്യൂഹം ബാൻഡ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കും. കർണാടക സംഗീത വാദ്യങ്ങളായ മൃദംഗം, ഗഞ്ചിറ, മോർസിംഗ് എന്നിവയ്‌ക്കൊപ്പം താളവായ്ത്താരിയുടെ (കൊന്നക്കോൽ) അകമ്പടിയുണ്ടാകും. അതോടൊപ്പം കേരളീയ പരമ്പരാഗത വാദ്യങ്ങളായ ചെണ്ട, തിമില, മിഴാവ്, ഇലത്താളം എന്നിവയും ഡ്രംസ്, കഹോൻ, ദർബുക്ക, ഷേക്കേഴ്സ് എന്നീ വിദേശ വാദ്യങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള താള-വാദ്യ ആവിഷ്‌കാരങ്ങൾ ഈ ബാൻഡിന്റെ സവിശേഷതയാണ്. കേരളത്തിന്റെ സാംസ്‌കാരിക മുഖമുദ്രയായ കലാമണ്ഡലത്തിൽ നിന്നും വിവിധ വാദ്യോപകരണങ്ങളിൽ പ്രാവീണ്യം നേടിയ പ്രഗൽഭരായ യുവകലാകാരന്മാരാണ് അരകവ്യൂഹം എന്ന വാദ്യബാൻഡിന് പിന്നിൽ. ഈ കലാകാരന്മാരുടെ വ്യത്യസ്തമായ ചിന്തകൾ ഒരുമിക്കുന്ന താള-വാദ്യ സമന്വയത്തിന്റെ സാഫല്യമാണ് അരകവ്യൂഹം. ടാഗോർ തീയറ്ററിൽ അരങ്ങേറുന്ന ഈ പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.


