എക്‌സൈസ് വകുപ്പിനെ നവീകരിക്കുക എന്നതാണ് സർക്കാർ നയം: മന്ത്രി എം ബി രാജേഷ്

അമരവിള എക്‌സൈസ് റേഞ്ച് ഓഫീസ് കെട്ടിട നിർമാണ ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിർവഹിച്ചു

Jul 23, 2024
എക്‌സൈസ് വകുപ്പിനെ നവീകരിക്കുക എന്നതാണ് സർക്കാർ നയം: മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം : എക്‌സൈസ് വകുപ്പിനെ ആധുനിക വൽക്കരിക്കുക എന്നതിനാണ് സംസ്ഥാന സർക്കാർ  ഊന്നൽ നൽകുന്നതെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.അമരവിള എക്‌സൈസ് റേഞ്ച് ഓഫീസ് കെട്ടിട നിർമാണ ഉദ്ഘാടനം അമരവിളയിലെ  ഓഫീസ്  അങ്കണത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ എക്‌സൈസ് വകുപ്പിനെ  പ്രാപ്തമാക്കുകയാണ് ചെയ്യുന്നത്.

പത്തുപതിനഞ്ചു കൊല്ലം മുമ്പ് നേരിടുന്ന വെല്ലുവിളികൾ അല്ല ഇന്ന് വകുപ്പ് അഭിമുഖീകരിക്കുന്നത്. മയക്കുമരുന്ന്  വലിയ വിപത്തായി കേരളത്തിൽ  മാറിയിട്ടുണ്ട്. നിറം, മണം അല്ലെങ്കിൽ മറ്റേതെങ്കിലും സവിശേഷത കൊണ്ട് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയാത്ത മാരകമായ സിന്തറ്റിക് മയക്കുമരുന്നുകളുടെ  വ്യാപനമടക്കം തടയേണ്ടതുണ്ട്. ഇത്തരം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കിടയിൽ പലപ്പോഴും വലിയ ആക്രമണങ്ങളെ സേന നേരിടേണ്ടി വരുന്നുണ്ട്. ജീവനുതന്നെ വെല്ലുവിളിയാകുന്ന ആക്രമണങ്ങൾ പലഘട്ടത്തിലും ജോലിക്കിടയിൽ നേരിടേണ്ടി വന്ന സാഹചര്യത്തിലും എക്‌സൈസ് ഉദ്യോഗസ്ഥർ അർപ്പണ മനോഭാവത്തോടെ ദൗത്യം നിറവേറ്റി.

സംസ്ഥാന സർക്കാർ മൂന്നാം വാർഷികത്തിന്റെ ഭാഗമായി നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഒരുകോടി മുപ്പത് ലക്ഷം രൂപ വിനിയോഗിച്ച് അമരവിളഎക്‌സൈസ് കെട്ടിട നിർമാണം ആരംഭിക്കുന്നത്. അതിർത്തിയോടു ചേർന്നു കിടക്കുന്ന പ്രദേശമാണെന്നതുകൊണ്ടുതന്നെ എക്‌സൈസ് ജാഗരൂകമായ പ്രവർത്തനവും ശക്തമായ നിരീക്ഷണവും ഫലപ്രദമായ ഇടപെടലും നടത്തേണ്ട മേഖലയാണിത്. കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾക്ക് റേഞ്ച് ഓഫീസ് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തറക്കല്ലിടിനു ശേഷം ഒട്ടും കാലതാമസമില്ലാതെ നിശ്ചയിച്ച സമയത്ത് തന്നെ പണി പൂർത്തിയാക്കുന്നതിനുള്ള ക്രമീകരണങ്ങൾ എക്‌സൈസ് വകുപ്പ് ഉറപ്പുവരുത്തും.   

കേരളത്തിൽ 102 എക്‌സൈസ് ഓഫീസുകളാണ് വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എല്ലാ എക്‌സൈസ് ഓഫീസുകൾക്കും സ്വന്തം കെട്ടിടം നിർമ്മിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായിട്ടാണ്  ഓഫീസുകളുടെ നിർമ്മാണം നടക്കുന്നത്. സമൂഹത്തിലെ ഹിംസയുടെ കാരണങ്ങളിലൊന്ന് മയക്കുമരുന്നിന്റെ വ്യാപനമാണ്. വ്യക്തിയുടെ വിവേചനബുദ്ധി ഇല്ലാതാക്കുന്ന ഇത്തരം വെല്ലുവിളികളെ നേരിടാൻ എക്‌സൈസ് വകുപ്പിന് ആധുനികമായ സംവിധാനങ്ങൾ ഉണ്ടാകണം. ആധുനികമായ ചോദ്യംചെയ്യൽ മുറികൾ, കേസന്വേഷണത്തിനാവശ്യമായ ആധുനിക സങ്കേതങ്ങൾ, ഡിജിറ്റൽ വയർലസ്സുകൾ, ആവശ്യമായ ആധുനിക വാഹനങ്ങളടക്കം എക്‌സൈസ് വകുപ്പിന് നൽകുകയാണ്. എൻഫോഴ്‌സ്‌മെന്റ് സംവിധാനം ശക്തിപ്പെടുത്തിയും നവീന സാങ്കേതിക വിദ്യകളുടെ സഹായത്താലും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരി കടത്തിന്റെ ഉറവിടമടക്കം തിരിച്ചറിയാൻ കഴിയുന്ന രീതിയിലുള്ള മാറ്റമാണ് വകുപ്പിൽ നടക്കുന്നത്. കൗൺസലിംഗ്, പുനരധിവാസം, ആവശ്യമായ ചികിൽസ നിർദേശങ്ങളടക്കം നൽകുന്ന എക്‌സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതി രാജ്യത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

കെ. ആൻസലൻ  എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ എക്‌സൈസ് കമ്മീഷണർ  മഹിപാൽ യാദവ് സ്വാഗതം ആശംസിച്ചു. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയർ ലൈജു. എം.ജി റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർമാരായ കല ടീച്ചർ, കെ.സുരേഷ് റ്റി. സജുകുമാർ, ജോയിന്റ് എക്‌സൈസ് കമ്മീഷണർ ഡി. ബാലചന്ദ്രൻ എന്നിവർ സംബന്ധിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.