പ്രത്യാശ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
2024-25 സാമ്പത്തിക വർഷവും നടപ്പിലാക്കുന്നതിന് സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
 
                                തിരുവനന്തപുരം : സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പുനരധിവാസ സ്ഥാപനങ്ങളിലെയും മറ്റു സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകളിലേയും അന്യസംസ്ഥാനക്കാരായ താമസക്കാരെയും തെരുവിൽ അലഞ്ഞു നടക്കുന്നവരായ അന്യസംസ്ഥാനക്കാരെയും സ്വദേശത്ത് പുനരധിവസിപ്പിക്കുന്നതിനുള്ള പ്രത്യാശ പദ്ധതി 2024-25 സാമ്പത്തിക വർഷവും നടപ്പിലാക്കുന്നതിന് സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം മേഖലയിൽ പദ്ധതി നടത്തുന്നതിനാണ് അനുയോജ്യ സന്നദ്ധസംഘടനകളിൽ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ) നിന്നും അപേക്ഷ ക്ഷണിച്ചത്. അപേക്ഷകൾ സാമൂഹ്യനീതി ഡയറക്ടർ, സാമൂഹ്യനീതി ഡയറക്ടറേറ്റ്, അഞ്ചാം നില, വികാസ് ഭവൻ, തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ ആഗസ്റ്റ് 16നകം ലഭ്യമാക്കണം. പ്രോജക്ടിന്റെ വിശദാംശങ്ങൾ www.swd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ ഉൾപ്പെടുത്തേണ്ടതും അപേക്ഷയുടെ രണ്ട് പകർപ്പുകളിൽ ഒരു പകർപ്പ് ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് സമർപ്പിക്കേണ്ടതും അപേക്ഷയുടെ പുറം കവറിൽ “ആപ്ലിക്കേഷൻ ഫോർ പ്രത്യാശ പ്രോജക്ട്” എന്നു രേഖപ്പെടുത്തേണ്ടതാണ്. അവസാന തീയതിയ്ക്കു ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            