സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ച സംഭവം;ഡ്രൈവറുടെ അശ്രദ്ധയെന്ന് പ്രാഥമിക നിഗമനം
ബ്രേക്കിനും എൻജിനും തകരാറുണ്ടായിരുന്നില്ലെന്നാണ് എംവിഡിയുടെ കണ്ടെത്തൽ. അപകടകാരണം ഡ്രെെവറുടെ അശ്രദ്ധയാണെന്നാണ് നിഗമനം.
കണ്ണൂർ : കണ്ണൂരിൽ സ്‌കൂൾ ബസ് മറിഞ്ഞ് ഒരു കുട്ടി മരിച്ച സംഭവത്തിൽ ബസിന്റെ കാലപ്പഴക്കവും ഡ്രൈവറുടെ ശ്രദ്ധക്കുറവും അപകടത്തിനിടയാക്കിയതായി പ്രാഥമിക നിഗമനം. ബസിന്റെ ഫിറ്റ്‌നസ് ഡിസംബർ 29ന് അവസാനിച്ചതായാണ് മോട്ടോർ വാഹനവകുപ്പ് രേഖകളിലുള്ളത്. 13 വർഷവും രണ്ടുമാസവും പഴക്കമുള്ള ബസ് 2011 ഒക്‌ടോബർ 29ന് രജിസ്‌റ്റർ ചെയ്‌തതാണ്. ഇന്നലെ നടന്ന അപകടത്തിൽ 11കാരിയായ നേദ്യ എസ് രാജേഷ് എന്ന വിദ്യാർഥിനിയാണ് മരിച്ചത്.സ്‌കൂള്‍ വിട്ടശേഷം കുട്ടികളുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.വളക്കൈ പാലത്തിനു സമീപം നിയന്ത്രണം വിട്ട ബസ് റോഡിലേക്ക് തലകീഴായി മറിയുകയായിരുന്നു. ഇറക്കത്തില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. ബസിൽ 19 കുട്ടികളും ഡ്രൈവറും ആയയുമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെയെല്ലാം തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരു കുട്ടിയുടെ നില ഗുരുതരമാണ്.ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. കുത്തനെയുള്ള ഇറക്കത്തിൽ വേഗം കൂടിയതും പെട്ടന്നുള്ള ബ്രേക്കിങ്ങും ബസ് അപകടത്തിനിടയാക്കി. ഇറക്കത്തിൽ വളവുതിരിയുമ്പോൾ തന്നെ താഴെ സംസ്ഥാനപാതയിലേക്ക് തെറിച്ച് വീഴുന്നതിന്റെ ദൃശ്യം റോഡിന് എതിർവശത്തുള്ള വീട്ടിലെ നിരീക്ഷണക്യാമറയിൽനിന്ന് വ്യക്തമായിട്ടുണ്ട്. വളവിൽ അശ്രദ്ധമായി ഡ്രൈവ് ചെയ്‌തപ്പോൾ നിയന്ത്രണം വിട്ട് മറിഞ്ഞതാകാമെന്ന് അപകടം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു.