സമഗ്രഗുണമേൻമാ വിദ്യാഭ്യാസം ആസൂത്രിതമായി നടപ്പിലാക്കും : മന്ത്രി വി ശിവൻകുട്ടി

സമഗ്രഗുണമേന്മാ വിദ്യാഭ്യാസം ആസൂത്രിതമായി നടപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നും അതനുസരിച്ചുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഓരോ ക്ലാസിലും കുട്ടികൾ നേടേണ്ട അറിവും കഴിവും അതത് ക്ലാസിൽ തന്നെ ലഭിച്ചു എന്ന് ഉറപ്പാക്കും. ഓരോ ഘട്ടത്തിലും കുട്ടികളുടെ പഠന നില അറിഞ്ഞ് ആവശ്യമായ പഠന പിന്തുണ ഉറപ്പാക്കി കുട്ടികളെ പഠനത്തിൽ മുന്നേറാൻ പ്രാപ്തരാക്കും. ജനാധിപത്യം, മതനിരപേക്ഷത, തുല്യത തുടങ്ങി ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളും സാമൂഹിക മൂല്യങ്ങളും പൗരബോധവും കുട്ടികളിൽ വളർത്തുന്ന തരത്തിൽ പഠന പ്രക്രിയകളെ വികസിപ്പിക്കുമെന്നും സെക്രട്ടേറിയറ്റ് ലയം ഹാളിൽ വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
സ്‌കൂൾ തുറക്കുന്ന ആദ്യ രണ്ടാഴ്ച്ച നടപ്പിലാക്കുന്ന ബോധവൽക്കരണ പരിപാടിയിൽ രണ്ടു മുതൽ പത്ത് വരെ ക്ലാസ്സുകളിലെ എല്ലാ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കും. സ്‌കൂൾ റിസോഴ്‌സ് ഗ്രൂപ്പ് നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ മോഡ്യൂളുകൾ തയ്യാറാക്കും. ജൂൺ 3 മുതൽ 13 വരെയുള്ള ദിവസങ്ങളിലാണ് ഈ പ്രവർത്തനങ്ങൾ നടത്തുക. ഒരു ദിവസം ഒരു മണിക്കൂർ ഈ പ്രവർത്തനങ്ങൾക്കായി നീക്കി വയ്ക്കും. നാടകം, സെമിനാർ എന്നിവയ്ക്ക് അതനുസരിച്ചു സമയം നൽകും. സാധാരണ പഠനപ്രവർത്തനങ്ങൾക്കായി ബാക്കി സമയം വിനിയോഗിക്കും. മുഴുവൻ അധ്യാപകരേയും പ്രവർത്തനങ്ങൾക്കായി സജ്ജമാക്കുമെന്ന് മന്ത്രി അറിയിച്ചു.
പൊതു കാര്യങ്ങൾ, മയക്കുമരുന്ന് / ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണം, റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സ്‌കൂൾ വാഹനസഞ്ചാരം അറിയേണ്ട കാര്യങ്ങൾ, ട്രാഫിക് നിയമങ്ങൾ, ട്രാഫിക് നിയമങ്ങൾ, വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഹരിത ക്യാമ്പസ്സ്, സ്‌കൂൾ സൗന്ദര്യവത്ക്കരണം, ആരോഗ്യം, വ്യായാമം, കായിക ക്ഷമത, ഡിജിറ്റൽ അച്ചടക്കം, പൊതുമുതൽ സംരക്ഷണം, പരസ്പരസഹകരണത്തിന്റെ പ്രാധാന്യം, വൈകാരിക നിയന്ത്രണമില്ലായ്മ തുടങ്ങിയ തീമുകൾ അടിസ്ഥാനമാക്കിയാണ് ക്ളാസുകൾ നടത്തുന്നത്. സർക്കുലറിൽ നിർദ്ദേശിച്ചിട്ടുള്ള തീം അനുസരിച്ചുള്ള ബോധവൽക്കരണ പരിപാടികൾ അതാത് ദിവസങ്ങളിൽ നടപ്പാക്കും. ഏത് സമയത്ത് നടപ്പിലാക്കണമെന്ന് സ്‌കൂളുകൾക്ക് തീരുമാനിക്കാം. വിദ്യാർത്ഥികൾക്ക് ക്ലാസ്സിലും ക്യാമ്പസ്സിലും സങ്കോചമില്ലാതെ പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള ആത്മവിശ്വാസമാണ് പ്രാരംഭദിനങ്ങളിൽ ഉണ്ടാക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു.
ഒറ്റത്തവണ പരിപാടി എന്ന നിലയിലല്ല ഇവ നടപ്പിലാക്കുന്നത്. പാഠ്യപദ്ധതിയുടെ ഭാഗമായ പാഠപുസ്തകങ്ങളിൽ ഈ ആശയങ്ങൾക്കെല്ലാം ഇടമുണ്ട്. അതതു സമയങ്ങളിൽ ഇവ ആഴത്തിൽ പരിചയപ്പെടുത്തണം. അവയ്ക്കെല്ലാം ഒരു ആമുഖം എന്ന നിലയിലാണ് സ്‌കൂൾ പ്രവർത്തന ആരംഭത്തിൽ പദ്ധതി അവതരിപ്പിക്കുന്നത്. ഇവ അവതരിപ്പിച്ച് വിദ്യാർഥികളുടെ പ്രതികരണങ്ങളിലൂടെ വിദ്യാർഥികളുടെയും അവരുടെ ജീവിതസാഹചര്യങ്ങളേയും അറിയാൻ കഴിയുക എന്നതാണ് പ്രധാനം. ഇതിലൂടെ വിദ്യാർഥികളുടെ പെരുമാറ്റ സവിശേഷതകളുടെ കാരണം ഭാഷ, ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഗണിതം എന്നീ വിഷയമേഖലകളിലും സാങ്കേതികവിദ്യാ പ്രയോഗത്തിലും വിദ്യാർഥികളുടെ നിലവാരം എന്നിവയും മനസിലാക്കാനാകും.
സ്‌കൂൾ റിസോഴ്സ് ഗ്രൂപ്പാണ് ഓരോ സ്‌കൂളിനും ഓരോ ക്ലാസിനും വേണ്ട മോഡ്യൂളുകൾ തയ്യാറാക്കേണ്ടത്. യാന്ത്രികമായല്ല ഈ പ്രവർത്തനങ്ങളെ കാണേണ്ടത്. സ്വാഭാവികമായ പഠനപ്രവർത്തനങ്ങളായി ഇവയെ മാറ്റണം. കുട്ടികളുടെ ആത്മവിശ്വാസം വളർത്തി പഠനപ്രവർത്തനങ്ങൾ സജ്ജമാക്കുക എന്നതും പ്രധാനമാണ്. രക്ഷാകർത്താക്കളുടെ സഹകരണവും പ്രയോജനപ്പെടുത്തും.
ഡിഇഒ/ എഇഒ മാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. അക്കാദമിക പിന്തുണ ബിആർസികളും ഡയറ്റും ഒരുക്കണം. മെറ്റീരിയലുകൾ സ്‌കൂളിലേക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ വഴി ലഭ്യമാക്കുന്നതിനുള്ള ഉത്തരവാദിത്തം എസ്.സി.ഇ.ആ.ർടിക്ക് ആണ്. വിദ്യാകിരണത്തിന്റെ സാധ്യത പരിശീലനത്തിനായി പൂർണമായി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
വിദ്യാർഥികളുടെ ശക്തിയും പരിമിതിയും കണ്ടെത്തി പരിമിതികളെ മറികടക്കാൻ ആവശ്യമായ പിന്തുണ ഒരുക്കുന്ന പ്രവർത്തനമാണ് വാർഷിക പരീക്ഷയുടെ തുടർച്ചയായി 30 ശതമാനം മിനിമം മാർക്ക് ലഭിക്കാത്ത എട്ടാംക്ലാസിലെ കുട്ടികൾക്ക് ഏപ്രിൽ മാസം ഒരുക്കിയ പഠന പിന്തുണ പ്രവർത്തനം. സമൂഹം ഇത് വളരെയേറെ ശ്രദ്ധിച്ചിരുന്നു.
പൊതുപരീക്ഷകൾ കാരണം ഹൈസ്‌കൂളുകൾ/ഹയർ സെക്കന്ററി സ്‌കൂളുകളുമായി ബന്ധപ്പെട്ട പ്രൈമറി ക്ലാസ്സുകളിൽ സാധാരണ ഗതിയിൽ ലഭിക്കേണ്ട പഠനാനുഭവങ്ങൾ ലഭിക്കാറില്ല. എല്ലാ വിദ്യാലയങ്ങൾക്കും തുടർന്ന് മധ്യവേനൽ അവധിയുമാണ്. അവധി കഴിഞ്ഞു വരുമ്പോൾ പൊതുവേ പല വിദ്യാർഥികൾക്കും തുടർന്ന് പഠിക്കേണ്ട പാഠപുസ്തകങ്ങളിലേക്ക് സ്വാഭാവികമായും പ്രവേശിക്കാൻ പഠനവിടവ് പരിഹരിക്കേണ്ടതായുണ്ട്. അതിനായുള്ള ബോധപൂർവ്വമായ ശ്രമം സ്‌കൂൾ വർഷാരംഭത്തിൽ അനിവാര്യമാണ്. വിദ്യാർത്ഥികളുടെ പഠനനില മനസ്സിലാക്കി സ്‌കൂൾ തുറന്ന ഘട്ടത്തിൽ തന്നെ അവർ കടന്നുവന്ന ക്ലാസിലേയും പുതിയ ക്ലാസ്സിലെയും പഠനത്തിന്റെ തുടർച്ച ഉറപ്പാക്കുന്ന ഒരു ബ്രിഡ്ജിങ് സ്കൂൾ തുറക്കുമ്പോൾ തന്നെ ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.