വി.ഡി. സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: വി.ഡി. സതീശൻ കേരള മുഖ്യമന്ത്രിയായിസത്യപ്രതിജ്ഞ ചെയ്തു. വന്ദേമാതര ഗാനാലാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ദേശീയഗാനം. പിന്നീട് ഗവർണർ വിശ്വനാഥ് ആർലേക്കർ ചൊല്ലിക്കൊടുത്ത സത്യവാക്യം ഏറ്റുചൊല്ലി വി.ഡി. സതീശൻ ഉത്തരവാദിത്വം ഏറ്റു.
ആഹ്ലാദാരവങ്ങൾ മുഴക്കി, സെൻട്രൽ സ്‌റ്റേഡിയത്തിൽ പതിനായിരക്കണക്കിന് പ്രവർത്തകൾ ഹർഷാരവം മുഴക്കി. സത്യപ്രതിജ്ഞ കഴിഞ്ഞയുടൻ മുഖ്യമന്ത്രിയെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുതിയ മുഖ്യമന്ത്രിയെ ആലിംഗനം ചെയ്തു. രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം, വേദിയിലുണ്ടായിരുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ തുടങ്ങിയ നേതാക്കൾക്ക് വി.ഡി. സതീശൻ ഹസ്തദാനം ചെയ്തു.
രണ്ടാമതായി മുസ്ലീം ലീഗിൽ നിന്നും പി. കെ കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തു. മൂന്നാമതായി രമേശ് ചെന്നിത്തലയും സത്ര്യപ്രതിജ്ഞ ചെയ്തു. ഇത് മൂന്നാം തവണയാണ് രമേശ് ചെന്നിത്തല മന്ത്രിയാകുന്നത്. തുടർന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണിജോസഫ്, കെ. മുരളീധരൻ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. ഇംഗ്ലീഷിലായിരുന്നു മുരളീധരൻ സത്യവാചകം ചൊല്ലിയത്.
മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി ജോൺ, എ.പി അനിൽ കുമാർ, എൻ.ഷംസുദ്ദീൻ, പി.സി വിഷ്ണുനാഥ്, റോജി എം ജോൺ, ബിന്ദു കൃഷ്ണ, എം. ലിജു, കെ. എം ഷാജി, പി.കെ ബഷീർ, വി അബ്ദുൾ ഗഫൂർ, ടി സിദ്ദിഖ്, കെ. തുളസി, ഒ ജെ ജനീഷ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
മൂന്ന് വനിതകൾ കാബിനറ്റ് പദവിയിൽ എത്തുന്നതു യുഡിഎഫിൽ ആദ്യമാണ്. ബിന്ദുകൃഷ്ണ, കെ എ തുളസി എന്നിവർ മന്ത്രിസഭയിലും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടിസ്പീക്കർ പദവിയിലും. 1960-64ൽ എ നഫീസത്ത് ബീവിക്കു ശേഷം ആദ്യമാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഒരു വനിത എത്തുന്നത്.


