യുകെയിലേക്ക് പറക്കണോ? സർക്കാർ പദ്ധതിയിലൂടെ ഇന്ത്യക്കാർക്ക് സുവർണാവസരം, ഇപ്പോൾ അപേക്ഷിക്കാം
യുകെ ഗവൺമെന്റ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ സൗജന്യ ഓൺലൈൻ ബാലറ്റിൽ പ്രവേശിക്കാൻ രജിസ്റ്റർ ചെയ്യാം.

യുകെയിലേക്ക് ചേക്കേറാൻ ആഗ്രഹിച്ചവർക്ക് സുവർണാവസരം. യുകെ - ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്‌കീമിലൂടെ 3000 ഇന്ത്യൻ പൗരന്മാർക്കാണ് അപേക്ഷിക്കാനാവുക. ഇതിലൂടെ യുകെയിൽ രണ്ട് വർഷം വരെ ജീവിക്കാനും ജോലി ചെയ്യാനും പഠിക്കാനും യാത്ര ചെയ്യാനും സാധിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യുകെ ഗവൺമെന്റ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ സൗജന്യ ഓൺലൈൻ ബാലറ്റിൽ പ്രവേശിക്കാൻ രജിസ്റ്റർ ചെയ്യാം.
ഫെബ്രുവരി 18ന് ഇന്ത്യൻ സമയം, ഉച്ചയ്‌ക്ക് 2.30ന് ബാലറ്റ് തുറക്കുകയും 20ന് ഉച്ചയ്‌ക്ക് 2.30ന് അടയ്‌ക്കുകയും ചെയ്യും. വിജയിച്ച അപേക്ഷകരെ ബാലറ്റിന് ശേഷം രണ്ടാഴ്‌ചയ്‌ക്കുള്ളിൽ തിരഞ്ഞെടുക്കുകയും ഇക്കാര്യം അറിയിക്കുകയും ചെയ്യും. കൂടുതല്‍ വിവരത്തിന് യുകെ ഗവണ്‍മെന്റ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
സ്‌കീം പ്രകാരം, തിരഞ്ഞെടുക്കപ്പെടുന്ന 18നും 30നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരന്മാർക്ക് യുകെയിൽ രണ്ട് വർഷം വരെ ജീവിക്കാനും ജോലി ചെയ്യാനും സാധിക്കും. ഇരു രാജ്യങ്ങളും തമ്മിൽ 2023ൽ നടപ്പിലാക്കിയ കരാറിലൂടെയാണ് പുതിയ വിസ സ്‌കീം നിലവിൽ വന്നത്. വിസ നേടുന്നവർക്ക് യുകെയിൽ താമസിക്കുന്ന കാലയളവിൽ തൊഴിൽ അന്വേഷിച്ച് കണ്ടെത്താൻ സാധിക്കും.
യോഗ്യതകൾ
ഇന്ത്യൻ പൗരനായിരിക്കണം. പ്രായം 18നും 30നും ഇടയിസായിരിക്കണം. ബാച്ചിലേഴ്‌സ് ഡിഗ്രി അല്ലെങ്കിൽ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. ബാങ്ക് അക്കൗണ്ടിൽ 2,500 പൗണ്ട് ഉണ്ടായിരിക്കണം. സാമ്പത്തിക ബാദ്ധ്യത ഉണ്ടാകരുത് എന്നിവയാണ് അപേക്ഷകർക്ക് വേണ്ട യോഗ്യതകൾ.