കാലില്‍ ബസ് കയറിയിറങ്ങിയ സംഭവം; ചികിത്സയിലായിരുന്ന വയോധിക മരിച്ചു
തൃശൂർ: വടക്കാഞ്ചേരിയിൽ കാലിലൂടെ ബസ് കയറിയിറങ്ങിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പുതുവീട്ടിൽ നബീസ(68) ആണ് മരിച്ചത്.
വെള്ളിയാഴ്ച തൃശൂർ വടക്കാഞ്ചേരി കുന്നംകുളം പാതയിൽ ഒന്നാം കല്ല് ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. കുന്നംകുളത്തേക്ക് പോകാൻ ബസ് കാത്തിരിക്കുകയായിരുന്നു ഇവർ. എന്നാൽ ആദ്യം ഇവർ ബസ് മാറി കയറുകയായിരുന്നു.
ബസ് മാറിപ്പോയെന്ന് മനസിലാക്കി തിരികെ ഇറങ്ങിയപ്പോൾ ബസിൽ നിന്ന് വീണു. ഇതോടെ ബസ് കാലിലൂടെ കയറിയിറങ്ങി. വടക്കാഞ്ചേരി ഭാഗത്തുനിന്ന് പട്ടാമ്പി കറവപുത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. ബസ് ജീവനക്കാർക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തിരുന്നു.