മലയാള സാഹിത്യത്തിലും സിനിമയിലും ശ്രദ്ധേയനായിരുന്ന ശ്രീധരന്‍ ചമ്പാട് അന്തരിച്ചു
86 വയസ്സായിരുന്നു. കണ്ണൂര്‍ പാട്യം പത്തായക്കുന്നിലെ വീട്ടിലായിരുന്നു അന്ത്യം.
പാട്യം: സര്‍ക്കസ് പ്രമേയമാകുന്ന കഥകളിലൂടെ മലയാള സാഹിത്യത്തിലും സിനിമയിലും ശ്രദ്ധേയനായിരുന്ന ശ്രീധരന്‍ ചമ്പാട് അന്തരിച്ചു. 86 വയസ്സായിരുന്നു. കണ്ണൂര്‍ പാട്യം പത്തായക്കുന്നിലെ വീട്ടിലായിരുന്നു അന്ത്യം. ഇരുപതില്‍പ്പരം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സര്‍ക്കസ് മാനേജരായും ഫ്‌ളയിങ് ട്രപ്പീസ് കലാകാരനായും സര്‍ക്കസ് കമ്പനികളിലെ പി.ആര്‍.ഓ ആയും ജോലി ചെയ്തു. 2014-ല്‍ സാഹിത്യത്തിനുള്ള സമഗ്രസംഭാവനകളെ മാനിച്ച് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. ജി. അരവിന്ദന്റെ തമ്പ് എന്ന സിനിമയുടെ കഥാകാരനും കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന സിനിമയുടെ തിരക്കഥാകൃത്തുമാണ്. ആരവം, കുമ്മാട്ടി, ജോക്കര്‍, അപൂര്‍വസഹോദരങ്ങള്‍, ഭൂമിമലയാളം തുടങ്ങിയ സിനിമകളുമായി സഹകരിച്ചുപ്രവര്‍ത്തിച്ചു. സര്‍ക്കസിന്റെ ചരിത്രവും വിശദമാക്കുന്ന ആല്‍ബം ഓഫ് ഇന്ത്യന്‍ ബിഗ് ടോപ്‌സ് എന്ന പുസ്തകത്തിന്റെ രചയിതാവുകൂടിയാണ്.1964-ലാണ് ചമ്പാടിന്റെ ആദ്യകഥയായ 'റിങ്‌ബോയ് 'മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചുവരുന്നത്. അന്യോന്യം തേടി നടന്നവര്‍ എന്ന നോവല്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചുവന്നതും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ത്തന്നെയായിരുന്നു. ഭാര്യ വത്സലയ്ക്കും നാലുമക്കള്‍ക്കുമൊപ്പം ജീവിതം നയിച്ചുവരവേയാണ് സിനിമ ചമ്പാടിനെ തേടിവരുന്നത്. മലയാളത്തിലെ സര്‍ക്കസ് പ്രമേയമായ മികച്ച സിനിമകളെല്ലാം അദ്ദേഹത്തിന്റെ അനുഭവങ്ങളെ തൊട്ടറിഞ്ഞു. എണ്‍പത്തിയഞ്ചാം പിറന്നാള്‍ പാട്യത്തെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിപുലമായി ആഘോഷിച്ചിരുന്നു. സംസ്‌കാരം വൈകിട്ട് അഞ്ചുമണിക്ക് വള്ള്യായി വാതക ശ്മശാനത്തില്‍.