റെയിൽവേ യാത്രക്കാരൻ്റെ ജീവൻ രക്ഷിച്ച് നാടിന് അഭിമാനമായി റെയിൽവേ പോലീസുകാർ
ട്രെയിനിൽ ഓടിക്കയറുമ്പോൾ വണ്ടിക്കും പ്ലാറ്റ്ഫോമിനും ഇടയിൽ വീണുപോയ റെയിൽവേ യാത്രക്കാരനെ ഒരു നിമിഷം കൊണ്ടു വാരിയെടുത്ത് റെയിൽവേ പോലീസുകാർ നാടിന് അഭിമാനമായി മാറി. കണ്ണൂർ റെയിൽവേ സിവിൽ പോലീസ് ഓഫീസർ വി.വി. ലഗേഷും സീനിയർ പോലീസ് ഓഫീസർ സുരേഷ് കക്കറയുമാണ് ഡ്യൂട്ടിക്കിടയിൽ യാത്രക്കാരൻ്റെ ജീവന് രക്ഷകരായത്. മേയ് 26-ന് രാത്രി എട്ട് മണിക്കാണ് കണ്ണൂർ റയിൽവേ സ്റ്റേഷനിൽ സംഭവം നടന്നെങ്കിലും ദിവസങ്ങൾക്ക് ശേഷം പോലീസ് മറ്റൊരു ദൃശ്യം തിരയുന്നതിനിടയിലാണ് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ നടത്തിയ രക്ഷാപ്രവർത്തനത്തിൻ്റെ വീഡിയോ ശ്രദ്ധയിൽ പെട്ടത്. പിന്നീട് ഈ വീഡിയോ വൈറലാവുകയായിരുന്നു. മെയ് 26 ന് രാത്രി കൊച്ചുവേളി - പോർബന്ദർ എക്സ് പ്രസ്സ് സ്റ്റേഷനിൽ നിർത്തി യാത്ര തുടരുന്നതിനിടയിലാണ് യാത്രക്കാരൻ ഓടിക്കയറാൻ ശ്രമിച്ചത്. പിടിവിട്ടു വീഴവേ ലഗേഷ് ഓടിയെത്തി കൈയിൽ തൂക്കിയെടുത്ത് മീറ്ററുകളോളം ദൂരത്തേക്ക് കൈവിടാതെ പിടിച്ചുകൊണ്ട് ഒരു ജീവൻ രക്ഷിക്കുകയായിരുന്നു. കായംകുളത്തു നിന്ന് അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന യാത്രക്കാരനാണ് അപകടത്തിൽ പെട്ടത്. കണ്ണൂർ സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ വെള്ളംകുപ്പി വാങ്ങാൻ പുറത്തിറങ്ങിയതായിരുന്നു യാത്രക്കാരൻ.