ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു; വൃദ്ധദമ്പതികൾ ഗുരുതരപരിക്ക്
ഉഗ്രസ്ഫോടന ശബ്ദംകേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ വീട്ടിനുള്ളിൽ മനോഹരൻ പിള്ള ഗുരുതര പരിക്കേറ്റനിലയിലായിരുന്നു
അഞ്ചൽ: പാചകഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകരുകയും വൃദ്ധദമ്പതികൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. പനയഞ്ചേരി ചന്ദ്രോദയത്തിൽ മനോഹരൻപിള്ള (65), ലളിതമ്മ (61) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം. ഉഗ്രസ്ഫോടനശബ്ദംകേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ വീട്ടിനുള്ളിൽ മനോഹരൻ പിള്ള ഗുരുതര പരിക്കേറ്റനിലയിലായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞെത്തിയ അഞ്ചൽ പൊലീസും നാട്ടുകാരും ചേർന്ന് വീടിനുള്ളിൽ നടത്തിയ തിരച്ചിലിലാണ് അടുക്കളയിൽ തകർന്ന കോൺക്രീറ്റ് സ്ലാബുകൾക്കിടയിൽ ബോധരഹിതയായി കിടക്കുന്ന ലളിതയെ കണ്ടെത്തിയത്.ഉടൻതന്നെ പൊലീസ് വാഹനത്തിൽ ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിൽ മേൽക്കൂര തകരുകയും ഭിത്തികൾ വീണ്ടുകീറിയ നിലയിലുമാണ്. വീട്ടുപകരണങ്ങളെല്ലാം ചിന്നിച്ചിതറി. ഏതാനും മാസം മുമ്പ് ഇവരുടെ ഏകമകൻ മനോജ് വാഹനാപകടത്തിൽ മരിച്ചിരുന്നു.