കലൂരിലെ നൃത്ത പരിപാടി; ദിവ്യ ഉണ്ണിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്തും
കൊച്ചി : കലൂരിലെ ഗിന്നസ് നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസിലെ മുഖ്യപ്രതികളെ ചോദ്യം ചെയ്യും. നൃത്താദ്ധ്യാപകരുടെ മൊഴിയെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. പണപ്പിരിവിന് ഇടനിലക്കാരായി പ്രവർത്തിച്ചതിൽ ആവശ്യമെങ്കിൽ നൃത്ത അദ്ധ്യാപകരെയും കേസിൽ പ്രതിചേർക്കും.അമേരിക്കയിലേക്ക് തിരിച്ചുപോയ നടി ദിവ്യ ഉണ്ണിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്താനും, നടൻ സിജോയ് വർഗീസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്. ഒന്നാം പ്രതി നിഗോഷ് കുമാർ, രണ്ടാം പ്രതി നിഗോഷിന്റെ ഭാര്യ മിനി, മൂന്നാം പ്രതി ഷമീർ അബ്ദുൽ റഹീം എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.