സ്‌കൂള്‍ പാഠ്യപദ്ധതി ഐ.ടി. പഠനം പരിഷ്‌കരിച്ചു; ഏഴാം ക്ലാസില്‍ എ.ഐ. പാഠം
ഒരു എ.ഐ. പ്രോഗ്രാം കുട്ടികള്‍ സ്വയം തയ്യാറാക്കുന്ന ഉള്ളടക്കത്തോടെയാണ് പാഠഭാഗം
തിരുവനന്തപുരം: സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഐ.ടി. പഠനവും പരിഷ്‌കരിച്ചു. ഈ വര്‍ഷം ഏഴാംക്ലാസിലെ ഐ.സി.ടി. പുസ്തകത്തില്‍ നിര്‍മിതബുദ്ധി പഠനവും ഉള്‍പ്പെടുത്തി.മനുഷ്യരുടെ മുഖഭാവം തിരിച്ചറിയുന്ന ഒരു എ.ഐ. പ്രോഗ്രാം കുട്ടികള്‍ സ്വയം തയ്യാറാക്കുന്ന ഉള്ളടക്കത്തോടെയാണ് പാഠഭാഗം.ഈ പ്രോഗ്രാം വഴി ഒരാളുടെ മുഖത്തുണ്ടാകുന്ന ഏഴു ഭാവങ്ങള്‍വരെ കംപ്യൂട്ടറിനു തിരിച്ചറിയാം.നാലു ലക്ഷത്തിലേറെ കുട്ടികള്‍ നിര്‍മിതബുദ്ധി പരിശീലിക്കും. മുഴുവന്‍ കുട്ടികള്‍ക്കും ഒരുപോല എ.ഐ. പഠനത്തിനുള്ള അവസരം ഇന്ത്യയില്‍ ഇതാദ്യമായാണെന്ന് ഐ.സി.ടി. പാഠപുസ്തകസമിതി ചെയര്‍മാന്‍ കെ. അന്‍വര്‍സാദത്ത് പറഞ്ഞു.അടുത്ത അധ്യയനവര്‍ഷം എട്ടുമുതല്‍ പത്തുവരെ ക്ലാസുകളിലേക്കും എ.ഐ. പഠനം വ്യാപിപ്പിക്കും.ഈ അധ്യയനവര്‍ഷം 1, 3, 5, 7 ക്ലാസുകളില്‍ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ മീഡിയങ്ങളിലായി പുതിയ ഐ.സി.ടി. പുസ്തകങ്ങളെത്തും. യുക്തിചിന്ത, പ്രോഗ്രാമിങ് അഭിരുചി വളര്‍ത്തല്‍ എന്നിവയ്ക്ക് പ്രൈമറി തലത്തില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്.ഇതിനു പുറമേ, സ്‌ക്രാച്ചില്‍ വിഷ്വല്‍ പ്രോഗ്രാമിങ് പഠിച്ചു മുന്നറിവു നേടുന്ന കുട്ടിക്ക് പ്രോഗ്രാമിങ്, എ.ഐ., റോബോട്ടിക്സ് തുടങ്ങിയവ പരിശീലിക്കാനുള്ള 'പിക്റ്റോബ്ലോക്ക്' പാക്കേജാണ്പുതിയ പുസ്തകങ്ങളുടെ പ്രത്യേകത. മുഴുവന്‍ സോഫ്ട്വേറുകളും കൈറ്റ് സ്‌കൂളുകളിലെ ലാപ്ടോപ്പുകളില്‍ ലഭ്യമാക്കും. ലാംഗ്വേജ് ലാബുകളാണ് പുതിയ പുസ്തകത്തിലെ മറ്റൊരു സവിശേഷത.ഒന്ന്, മൂന്ന് ക്ലാസുകളിലേക്കുള്ള പുതിയ ഐ.സി.ടി. പാഠപുസ്തകത്തില്‍ വായന, ചിത്രരചന, അക്ഷരശേഷി, സംഖ്യാബോധം, താളം തുടങ്ങിയവ ഉള്‍പ്പെടുന്ന ജികോബ്രിസ്, എജ്യൂആക്ടിവേറ്റ്, ഒമ്നിടെക്സ്, ടക്സ്പെയിന്റ് തുടങ്ങിയ വിദ്യാഭ്യാസ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുത്തി. വിദ്യാഭ്യാസ വകുപ്പിനു കീഴിലെ കൈറ്റ് തയ്യാറാക്കിയ ട്രാഫിക് സിഗ്നല്‍, വേസ്റ്റ് ചാലഞ്ച് ആപ്പ് വഴി ട്രാഫിക് നിയമങ്ങളും മാലിന്യനിര്‍മാര്‍ജനവുമൊക്കെ ഗെയിമുകളിലൂടെ കുട്ടികളെ പഠിപ്പിക്കും.