സഹയാത്രികനെ വഴിയില്‍ ഉപേക്ഷിച്ച സംഭവം; പ്രതിക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി
കുലശേഖരപതി സ്വദേശി സഹദിനെതിരെയാണ് നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ആറന്മുള പോലീസ് കേസെടുത്തത്
പത്തനംതിട്ട: വാഹനാപകടത്തില്‍ അപകടത്തില്‍ പരിക്കേറ്റ സഹയാത്രികനെ വഴിയില്‍ ഉപേക്ഷിച്ച് രക്ഷപെടാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.കുലശേഖരപതി സ്വദേശി സഹദിനെതിരെയാണ് നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ആറന്മുള പോലീസ് കേസെടുത്തത്. അശ്രദ്ധമായി വാഹനമോടിച്ച് മരണത്തിനിടയാക്കിയെന്ന വകുപ്പ് ചുമത്തി ഞായറാഴ്ച തന്നെ ഇയാൾക്കെതിരേ കേസെടുത്തിരുന്നു.പത്തനംതിട്ട കാരംവേലിയിൽ ശനിയാഴ്ച വൈകിട്ടാണ് ദാരുണസംഭവം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നെല്ലിക്കാല സ്വദേശി സുധീഷ്(17) സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.രാത്രി 9.15നാണ് അപകടമുണ്ടായത്. ബൈക്ക് അപകടത്തില്‍പ്പെട്ടതോടെ പിന്നിലിരുന്ന സുധീഷ് താഴെവീണു. ഇതോടെ ബൈക്ക് 50 മീറ്ററോളം തള്ളിനീക്കികൊണ്ട് സഹദ് ഇവിടെനിന്ന് രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു.എന്നാല്‍ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ച് പോലീസിന് കൈമാറി. സുധീഷിനെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കോഴഞ്ചേരിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് സുധീഷിനെ സഹദ് വീട്ടിലെത്തി വിളിച്ചുകൊണ്ട് പോവുകയായിരുന്നു.