യന്ത്രങ്ങളുടെ "ആശാൻ " പടിയിറങ്ങി
"ആശാൻ " എന്ന് വിളിക്കുന്ന മാത്യു ജോസഫിൻ്റെ പടിയിറക്കം.
പാലാ: 50 വർഷത്തെ എൻജിനീയറിംഗ് സേവനം പൂർത്തിയാക്കിയ പാലാ പുലിയന്നൂർ ഇൻഡ്യാർ ബ്ലോക്ക് റബ്ബർ ഫാക്ടറിയിലെ മെക്കാനിക്കൽ വിഭാഗം ഫോർമാൻ മാത്യു ജോസഫ് ജോലിയിൽ നിന്നും വിരമിച്ചു.
കേരള അഗ്രിക്കൾച്ചർ ഡവലപ്പ്മെൻ്റ് പ്രൊജക്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച രാജ്യത്തെ പ്രഥമ ക്രംബ് റബ്ബർ ഫാക്ടിയായ ഇൻഡ്യാറിൽ അൻപത് വർഷം മുമ്പാണ് മാത്യു ജോസഫ് മെഷീനിസ്റ്റ് തസ്തികയിൽ ജോലിക്ക് ചേർന്നത്.
നിയമപ്രകാരം അൻപത്തി എട്ടാം വയസ്സിൽ സർവ്വീസിൽ നിന്നും വിരമിക്കപ്പെട്ടിരുന്നുവെങ്കിലും വീണ്ടും തുടരുവാൻ മാനേജ്മെൻ്റ് അനുവദിക്കുകയായിരുന്നു.
ഫാക്ടറിയിലേക്കാവശ്യമായ യന്ത്രങ്ങൾ സ്വന്തമായി രൂപകല്പന ചെയ്ത് ഫാക്ടറിയിൽ വച്ച് നിർമ്മിച്ച് സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്നതിൽ പ്രത്യേക വൈഭവമാണ് ഉണ്ടായിരുന്നത്.
മെക്കാനിക്കൽ ബ്രേക്ക് ഡൗൺ മൂലം ഫാക്ടറി പ്രവർത്തനം നിർത്തിവയ്ക്കണ്ടതായ സാഹചര്യങ്ങൾ ഒരിക്കലും ഉണ്ടായിരുന്നില്ല. പ്രായത്തിൻ്റെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് യന്ത്രങ്ങളുടെയും ഫാക്ടറിയുടേയും "ആശാൻ " എന്ന് വിളിക്കുന്ന മാത്യു ജോസഫിൻ്റെ പടിയിറക്കം.
സഹപ്രവർത്തകരായി പ്രവർത്തിച്ചവർ ഫാക്ടറിയിൽ എത്തി ആശംസകൾ നേർന്നു.