ചാലക്കുടിയിലെ മുക്കുപണ്ട തട്ടിപ്പ് : പ്രതികളില് ഒരാൾ കസ്റ്റഡിയിൽ
തൃശൂര്: ചാലക്കുടിയിലെ മുക്കുപണ്ട തട്ടിപ്പിൽ പ്രതികളില് ഒരാളെ കസ്റ്റഡിയിൽ. ആസാംകാരനായ അബ്ദുല് സലാമാണ് പിടിയിലായത്. ട്രെയിന് തട്ടിയ ഇയാള് ചാലക്കുടിയിലെ ആശുപത്രിയില് ചികിത്സ തേടിയതോടെയാണ് പിടിയിലായത്. ട്രെയിന് തട്ടി പരിക്കേറ്റ ഇയാള് ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്.
തിങ്കളാഴ്ച പുലര്ച്ചെയാണ് ഏഴ് ലക്ഷം രൂപയ്ക്ക് വലിയ ലാഭത്തില് സ്വര്ണം നല്കാമെന്ന് വിശ്വസിപ്പിച്ച് നാദാപുരം സ്വദേശികളികളെ നാലംഗ സംഘം തൃശൂരില് എത്തിച്ചത്. പിന്നീട് ഇവിടെനിന്ന് ഇവരെ ചാലക്കുടി റെയില്വേ സ്റ്റേഷന് സമീപമെത്തിച്ചു.
അഡ്വാന്സായി പണം നല്കാതെ സ്വര്ണം കാണിക്കാന് കഴിയില്ലെന്ന് പറഞ്ഞ് ഇവരുടെ കൈയില്നിന്ന് നാലു ലക്ഷം രൂപ വാങ്ങി. ഇവര് കൈമാറിയ വസ്തുക്കള് പരിശോധിക്കുന്നതിനിടെ ഇത് മുക്കുപണ്ടമാണെന്ന് അവര്ക്ക് ബോധ്യപ്പെട്ടു.
ഇതോടെ ഇവര് ട്രാക്കിലൂടെ ഓടി കടന്നുകളയാന് ശ്രമിക്കുന്നതിനിടെ ഒരാളെ ട്രെയിന് തട്ടുകയായിരുന്നു. മറ്റ് മൂന്ന് പേര് പുഴയില് ചാടി.ലോക്കോ പൈലറ്റിന്റെ മൊഴി അനുസരിച്ച് പോലീസ് പുഴയില് വ്യാപക പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. പിന്നീടാണ് ആശുപത്രിയില്നിന്ന് പ്രതികളില് ഒരാള് പിടിയിലായത്.