അർജുനായുള്ള തിരച്ചിൽ വൈകുന്നു : കനത്ത മഴ രക്ഷാദൗത്യത്തിന് വെല്ലുവിളി
ബംഗളൂരു: ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്തുന്നതിനായുള്ള രക്ഷാദൗത്യം തുടരുന്നു. സൈന്യത്തിന്റെ നേതൃത്വത്തിൽ ഇന്നുമുതൽ പുഴ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടക്കുക.
സ്കൂബ ഡൈവേഴ്സ് അടക്കം നേരത്തേ തയാറായിരുന്നെങ്കിലും കനത്ത മഴ പെയ്തതിനാല്‍ ഇവർക്ക് ഇതുവരെ പുഴയിൽ ഇറങ്ങാൻ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച വൈകുന്നേരത്തോടെ പുഴയ്ക്ക് അടിയിൽ നിന്ന് പുതിയ സിഗ്നൽ കിട്ടിയിരുന്നു. ലോറി കരഭാഗത്ത് ഇല്ലെന്നും സൈന്യം സ്ഥിരീകരിച്ചിരുന്നു.തിരച്ചില്‍ സ്ഥലത്തേക്കുള്ള പ്രവേശനത്തിന് പോലീസ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. അര്‍ജുന്റെ ബന്ധു ജിതിന് മാത്രമാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തേക്ക് പ്രവേശന അനുമതി നല്‍കിയത്.
ഗംഗാവലി നദിക്കടിയിൽ നിന്ന് കിട്ടിയ സിഗ്നല്‍ കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ പരിശോധന. പുഴയിൽ കര ഭാഗത്ത് നിന്ന് 40 മീറ്റർ അകലെയാണ് സിഗ്നൽ കിട്ടിയിട്ടുള്ളത്. ലോറി ചളിമണ്ണിൽ പൂണ്ട് പുതഞ്ഞ് പോയിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് സൈന്യം അറിയിച്ചു.