സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റിൽ അനിശ്ചിതത്വം തുടരുമ്പോഴും പരിഹാരം കാണാനാകാതെ മോട്ടോർ വാഹനവകുപ്പ്
സമരവും പ്രതിസന്ധിയും മറികടക്കാൻ ഗതാഗത കമീഷണറേറ്റ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റിൽ അനിശ്ചിതത്വം തുടരുമ്പോഴും പരിഹാരം കാണാനാകാതെ മോട്ടോർ വാഹനവകുപ്പ്. വിവാദ സർക്കുലറിൽ പിടിവിടാതെ തന്നെ തൽക്കാലത്തേക്ക് അയഞ്ഞും പിന്നാലെ പൊലീസ് സംരക്ഷണം തേടിയുമെല്ലാം സമരവും പ്രതിസന്ധിയും മറികടക്കാൻ ഗതാഗത കമീഷണറേറ്റ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.ഡ്രൈവിങ് സ്കൂളുകാരുടെ വാഹനത്തിലാണ് ടെസ്റ്റ് നടക്കുന്നത്. ഇവർ ഒന്നടങ്കം സമരത്തിലായതോടെ ബദൽ സംവിധാനമൊരുക്കാനും വകുപ്പിന് സാധിക്കുന്നില്ല. അപേക്ഷകരോട് സ്വന്തം വാഹനത്തിലെത്തിയാൽ ടെസ്റ്റ് നടത്തുമെന്ന് നിർദേശിച്ചെങ്കിലും ഇങ്ങനെയെത്തിയവർ വിരലിലെണ്ണാവുന്നവർ മാത്രവും. വിവാദ ഉത്തരവ് പിൻവലിക്കുംവരെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നാണ് സമരക്കാരുടെ നിലപാട്.തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സാധാരണ ടെസ്റ്റ് നടക്കുന്നത്. ചിലയിടങ്ങളിൽ ശനിയാഴ്ച കൂടിയുണ്ടാകും. ഈ ദിവസങ്ങളിലെ മുടങ്ങിയ ടെസ്റ്റ് എന്ന് നടക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. ഇതോടെ അപേക്ഷകരും ആശങ്കയിലാണ്. ഓൺലൈൻ വഴി മുൻകൂട്ടിയാണ് സ്ലോട്ട് അനുവദിക്കുന്നത് എന്നതിനാൽ വിശേഷിച്ചും. മുടങ്ങിയവരുടെ കാര്യത്തിൽ ഇനി പ്രത്യേകം തീരുമാനം വേണ്ടിവരും. പ്രശ്നപരിഹാരത്തിന് ഇടപെടേണ്ട വകുപ്പ് മന്ത്രി വിദേശയാത്രയിലാണ്. മന്ത്രിയുടെ നിർദേശപ്രകാരമാണ് ഉത്തരവിറക്കിയതെന്നതിനാൽ സാഹചര്യങ്ങൾക്കനുസരിച്ച് സ്വതന്ത്രമായി തീരുമാനമെടുക്കാൻ ഗതാഗത കമീഷണറേറ്റിനും പരിമിതിയുണ്ട്.