ശബരിമല റോപ്പ് വേ സാധ്യമാകുന്നു;10 മിനിറ്റില്‍ പമ്പയില്‍ നിന്ന് സന്നിധാനത്തെത്താം
250 കോടി ചെലവിൽ നിർമിക്കുന്ന റോപ്‌വേക്ക് ഈ തീർഥാടനകാലത്തുതന്നെ തറക്കല്ലിടും
തിരുവനന്തപുരം : പമ്പ ഹിൽടോപ്പിൽനിന്ന് സന്നിധാനം പോലീസ് ബാരക്കിനടുത്തേക്ക് ബി.ഒ.ടി. വ്യവസ്ഥയിൽ 250 കോടി ചെലവിൽ നിർമിക്കുന്ന റോപ്‌വേക്ക് ഈ തീർഥാടനകാലത്തുതന്നെ തറക്കല്ലിടും. ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം മാറുന്നമുറയ്ക്ക് നിർമാണത്തിന് മന്ത്രിസഭ അനുമതിനൽകും. അവശ്യസാധനങ്ങളും അത്യാഹിതത്തിൽ പെടുന്നവരെയും എത്തിക്കുന്നതിനാണ് റോപ് വേ നിർമിക്കുന്നത്. 2.7 കിലോമീറ്ററാണ് നീളം. 10 മിനിറ്റിൽ പമ്പയിൽനിന്ന് സന്നിധാനത്തെത്താം. പുതുക്കിയ രൂപരേഖയിൽ തൂണുകളുടെ എണ്ണം ഏഴിൽനിന്ന് അഞ്ചായും മുറിക്കേണ്ട മരങ്ങളുടെ എണ്ണം 300-ൽനിന്ന് 80 ആയും കുറഞ്ഞതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.