ആശ്രിതനിയമനം വഴി സർക്കാർജോലി സ്ഥാപിത അവകാശമല്ല-സുപ്രീംകോടതി
ആശ്രിതനിയമനം സ്ഥാപിത അവകാശമല്ല
ന്യൂഡൽഹി : ആശ്രിതനിയമനം വഴി സർക്കാർജോലി കിട്ടുകയെന്നത് സ്ഥാപിതമായ അവകാശമല്ലെന്ന് സുപ്രീംകോടതി.ഹരിയാണയിൽ 1997-ൽ മരിച്ച പോലീസ് കോൺസ്റ്റബിളിന്റെ മകൻ ജോലിയാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം. അന്ന് ഏഴുവയസ്സുമാത്രമുണ്ടായിരുന്ന മകൻ പിന്നീട് പ്രായപൂർത്തിയായപ്പോഴാണ് ആശ്രിതനിയമനത്തിന് അപേക്ഷിച്ചത്.
ഹരിയാണ സർക്കാർ അത് അനുവദിക്കാതിരുന്നതോടെ കോടതിയിലെത്തുകയായിരുന്നു. സർക്കാർ സേവനത്തിലിരിക്കുന്ന ഒരാൾ മരിക്കുമ്പോൾ അടിയന്തരമായി കുടുംബത്തിന് സഹായമെന്നനിലയിലാണ് ആശ്രിതനിയമനം നൽകുന്നതെന്നും വർഷങ്ങൾക്കുശേഷം അവകാശമുന്നയിക്കാനാകില്ലെന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഹ്‌സനുദ്ദീൻ അമാനുള്ള, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.