ഹോർട്ടികൾച്ചർ മിഷൻ ധനസഹായം: അപേക്ഷകൾ ക്ഷണിച്ചു

Dec 30, 2025
ഹോർട്ടികൾച്ചർ മിഷൻ ധനസഹായം: അപേക്ഷകൾ ക്ഷണിച്ചു

സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്കും കാർഷിക അനുബന്ധ പ്രവർത്തനങ്ങൾക്കും ധനസഹായം നൽകുന്നു. ഫാം ഗേറ്റ് പാക്ക് ഹൗസ്, പ്രൈമറി/മിനിമൽ പ്രോസസ്സിംഗ് യൂണിറ്റുകൾ, റീഫർ വാനുകൾ, കോൾഡ് ചേമ്പറുകൾ, കോൾഡ് റൂമുകൾ, സോളാർ ഡ്രയർ, ചെറുകിട-ഹൈടെക് നഴ്സറികൾ തുടങ്ങിയവക്കാണ് പ്രോജക്ട് അടിസ്ഥാനത്തിൽ സഹായം ലഭിക്കുക. നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് ബാങ്ക് വായ്പയുമായി ബന്ധിപ്പിച്ച 'ക്രെഡിറ്റ് ലിങ്ക്ഡ് ബാക്ക് എൻഡഡ്' സബ്‌സിഡി രീതിയിലാണ് ധനസഹായം അനുവദിക്കുന്നത്.കൂടാതെ, ഉന്തുവണ്ടികൾ, ആന്റി ബേർഡ്-ആന്റി ഹയിൽ നെറ്റുകൾക്കായുള്ള സ്ഥിരം സംവിധാനങ്ങൾ, സംരക്ഷിത കൃഷി രീതികളായ പോളി ഹൗസ്, മഴമറ, തണൽവല മറകൾ എന്നിവക്കും സഹായമുണ്ട്.   ഹൈടെക് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫാൻ ആൻഡ് പാഡ് സിസ്റ്റം, ഹൈഡ്രോപോണിക്സ്, എറോപോണിക്സ്, സെൻസർ ബേസ്ഡ് ഓട്ടോമേഷൻ സിസ്റ്റംസ്, സർക്കുലേഷൻ ഫാനുകൾ, ജലസംഭരണികൾ എന്നിവക്കും ഹോർട്ടികൾച്ചർ മിഷൻ സാമ്പത്തിക സഹായം നൽകും. അപേക്ഷകൾ അതത് കൃഷിഭവനുകളിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമുകൾക്കുമായി www.nhm.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.