ശബരിമലയ്ക്ക് 778.17 കോടി
സന്നിധാനം 8 മേഖലകളായി തിരിച്ച് പദ്ധതികൾ
തിരുവനന്തപുരം :ശബരിമലയിൽ മാസ്റ്റർപ്ലാൻ പ്രകാരം സമഗ്രവികസനത്തിന് 778.17 കോടി രൂപയുടെ പദ്ധതികൾക്കു മന്ത്രിസഭ അംഗീകാരം നൽകി. സന്നിധാനം, പമ്പ, നടപ്പാത (ട്രെക്ക് റൂട്ട്) എന്നിവയുടെ വികസനത്തിനായി ശബരിമല മാസ്റ്റർ പ്ലാനിന് അനുസൃതമായാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.നിലയ്ക്കൽ സമ്പൂർണ ബേസ് ക്യാംപാകും. താമസം, പാർക്കിങ്, അനുബന്ധ സൗകര്യങ്ങൾ എന്നിവയെല്ലാം നിലയ്ക്കലേക്കു മാറ്റും. തന്ത്രിമാർ ഉൾപ്പെടെ സന്നിധാനം ഉൾപ്പെടുന്ന മേഖലയെ 8 മേഖലകളായി തിരിക്കും. മകരവിളക്കിന്റെ കാഴ്ച സംരക്ഷിക്കാനുള്ള സൗകര്യങ്ങൾക്കൊപ്പം തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ 2 ഓപ്പൺ പ്ലാസകളും പ്ലാനിലുണ്ട്. വനപാതയിലൂടെ തീർഥാടകർക്കു സുരക്ഷിതമായി യാത്ര ചെയ്യാനാവശ്യമായ സൗകര്യങ്ങൾ ട്രെക്ക് റൂട്ട് പ്ലാനിലുണ്ട്. അടിയന്തര സാഹചര്യത്തിൽ വാഹനങ്ങൾക്കും നീങ്ങാം. പരിസ്ഥിതി സംരക്ഷണത്തിനായി ട്രെക്ക് റൂട്ടിന്റെ ഇരുവശത്തും ബഫർ സോൺ ഒരുക്കും.ആദ്യഘട്ടത്തിൽ 600.47 കോടി രൂപ, 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിൽ 100.02 കോടി, 2034-39 വരയുള്ള മൂന്നാം ഘട്ടത്തിൽ 77.68 കോടി എന്നിങ്ങനെയാകും ചെലവഴിക്കുക. പമ്പയുടെയും ട്രെക്ക് റൂട്ടിന്റെയും വികസനത്തിനായി 255.45 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. പമ്പയുടെ ആദ്യഘട്ട വികസനത്തിന് 184.75 കോടിയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 22.73 കോടിയും അനുവദിക്കും. ട്രെക്ക് റൂട്ടിനായി ആദ്യ ഘട്ടത്തിൽ 32.88 കോടിയും രണ്ടാം ഘട്ടത്തിൽ 15.50 കോടിയും അനുവദിക്കും. അനിവാര്യരായ വ്യക്തികളുടെ സാന്നിധ്യമേ സന്നിധാനത്ത് അനുവദിക്കൂ.