ഒന്നര മാസം കൊണ്ട് ഒന്നര ലക്ഷം രൂപ വരുമാനമുണ്ടാക്കാം.....മികച്ച സംരംഭക സാധ്യതയൊരുക്കി കുടുംബശ്രീ.....
കോഴിയിറച്ചി കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് കേരള ചിക്കന്.

കൊല്ലം: 10,000 കോഴികളെ വളര്‍ത്തി ഒന്നര മാസം കൊണ്ട് ഒന്നര ലക്ഷം രൂപ വരുമാനമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കുടുംബശ്രീ മിഷന്റെ കേരള ചിക്കന്‍ പദ്ധതിയില്‍ ചേരാം. ഇത്രയും കോഴികളെ വളര്‍ത്താനുള്ള അടിസ്ഥാന സൗകര്യങ്ങളുള്ള കൂടൊരുക്കിയാല്‍ മാത്രം മതി. കോഴിക്കുഞ്ഞുങ്ങള്‍, തീറ്റ, മരുന്ന് എന്നിവയെല്ലാം കുടുംബശ്രീയുടെ കേരള ചിക്കന്‍ പദ്ധതിയിലൂടെ ലഭ്യമാക്കും. വളര്‍ത്തുക, വില്‍ക്കുക, ലാഭമെടുക്കുക എന്നതു മാത്രമേ സംരംഭകര്‍ ചെയ്യേണ്ടതുള്ളു.
കോഴിയിറച്ചി കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് കേരള ചിക്കന്‍. കുടുംബശ്രീ മിഷന്‍ വഴി സംസ്ഥാനമാകെ കേരള ചിക്കന്‍ ആരംഭിച്ചെങ്കിലും ആവശ്യം കൂടിയതോടെ കൂടുതല്‍ പേരെ അംഗങ്ങളാക്കാനുള്ള വലിയ പദ്ധതിയാണു നടപ്പാക്കുന്നത്. മിതമായ നിരക്കിന് പുറമെ, ഗുണനിലവാരമുള്ള കോഴിയിറച്ചി ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുക, അന്യ സ്രോതസ്സുകളെ ആശ്രയിക്കാതെ സ്വയംപ്രാപ്തി നേടുക എന്നീ ഉദ്ദേശങ്ങളോടെയുമാണ് പദ്ധതി വിഭാവന ചെയ്തത്.
കുടുംബശ്രീ അംഗങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കോ പദ്ധതിയില്‍ ചേരാം. വ്യക്തിഗതമായോ ഒരേ സിഡിഎസിനു കീഴിലുള്ള നാല് പേരടങ്ങുന്ന സംഘമായോ ഫാം നടത്താം. സി.ഡിഎസ് വഴിയാണു അപേക്ഷ നല്‍കേണ്ടത്. ഫാം പുതിയതായി ആരംഭിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും നിലവില്‍ ഫാം നടത്തുന്നവര്‍ക്കും അപേക്ഷിക്കാം.
നിലവില്‍ ജില്ലയില്‍ 13 ഔട്ലറ്റുകളും 40 ഫാമുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ കേരള ചിക്കന്‍ ഔട്‌ലെറ്റുകള്‍ വിറ്റത്, 645264.3 കിലോ ചിക്കന്‍. ഇതുവഴി കുടുംബശ്രീ കേരള ചിക്കന്‍ കമ്പനിക്ക് ലഭിച്ച വരുമാനം 6.4കോടി. ഔട്ട്ലെറ്റ് ഗുണഭോക്താക്കള്‍ക്ക് ലാഭ വിഹിതമായി ഒരുകോടിയിലധികം രൂപയും ലഭിച്ചു. പദ്ധതിയിലുള്‍പ്പെട്ട കോഴിവളര്‍ത്തല്‍ കര്‍ഷകര്‍ക്ക് വളര്‍ത്ത് കൂലി ഇനത്തില്‍ ലഭിച്ചത് 89 ലക്ഷം രൂപയാണ്. പ്രവര്‍ത്തി ദിനങ്ങളില്‍ 3000കിലോ കോഴിയിറച്ചി വിറ്റഴിയുമ്പോള്‍ അവധി ദിനങ്ങളില്‍ ശരാശരി 50006000 കിലോ വരെ വിറ്റുപോകുന്നു. ആന്റിബയോട്ടിക്കുകള്‍ കുത്തിവയ്ക്കാത്തതിനാല്‍ വിപണിയില്‍ കേരള ചിക്കന് ആവശ്യക്കാര്‍ ഏറെയാണ്.
ഒരു കോഴിക്ക് 1.2 ചതുരശ്ര അടി സ്ഥലം എന്നരീതിയില്‍ 1000 മുതല്‍ 10000 കോഴികളെ വരെ വളര്‍ത്താവുന്ന ഫാം ആണു വേണ്ടത്. ഫാം തുടങ്ങാന്‍ കുടുംബശ്രീ, വ്യവസായ വകുപ്പ് എന്നിവയില്‍നിന്നു വായ്പ ലഭിക്കും. കുടുംബശ്രീ വഴി നടപ്പാക്കുന്ന ഫാം പദ്ധതിക്കു കേരള ചിക്കന്‍ കമ്പനിക്ക് ഒരു സെക്യൂരിറ്റിയും നല്‍കേണ്ടതില്ല.
കുടുംബശ്രീ, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയുള്ള പദ്ധതിയുടെ ഉല്‍പാദനം മുതല്‍ വിപണനം വരെയുള്ള എല്ലാപ്രവര്‍ത്തനങ്ങളും നടത്തുന്നത് കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റിഡാണ്. കര്‍ഷകര്‍ക്ക് വളര്‍ത്തു കൂലി നല്‍കുന്ന രീതിയിലാണ് പ്രവര്‍ത്തനം. ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് 45ദിവസത്തേക്ക്, തീറ്റയും, മരുന്നും കര്‍ഷകര്‍ക്ക് കുടുംബശ്രീ സൗജന്യമായി നല്‍കിയാണ് വളര്‍ത്തുന്നത്. വളര്‍ച്ചയെത്തിയ കോഴികളെ കമ്പനിതന്നെ തിരികെയെടുത്ത് കേരള ചിക്കന്‍ ഔട്ലറ്റുകള്‍ വഴി വില്പന നടത്തുകയും ചെയ്യും.
പൊതുമാര്‍ക്കറ്റിനേക്കാള്‍ ശരാശരി 10രൂപ വരെ കുറച്ചാണ് വില്‍പ്പന. ഓരോദിവസത്തെയും വില സ്വകാര്യമാര്‍ക്കറ്റുകളുമായി താരതമ്യം ചെയ്ത് തലേന്ന് നിശ്ചയിക്കുകയാണ് പതിവെന്നു കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വിമല്‍ ചന്ദ്രന്‍ പറഞ്ഞു
കുടുംബശ്രീ കേരള ചിക്കന്‍ നാട്ടില്‍ സ്വീകര്യമായത്തോടെ ജില്ലയില്‍ സ്വകാര്യ സംരംഭകര്‍ കേരള ചിക്കന്‍ ബ്രാന്‍ഡ് നെയിം ദുരുപയോഗിക്കുന്നതായി പരാതിയുണ്ട്. കേരള ചിക്കന്‍ എന്ന പേരില്‍ നൂറുകണക്കിന് സ്വകാര്യഔട്ലറ്റുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗുണമേന്‍മയേറിയ ചിക്കനാണെന്ന് കരുതി ഉപഭോക്താക്കള്‍ ഈ കെണിയില്‍ അകപ്പെടുന്നതായി കുടുംബശ്രീ അധികൃതര്‍ പറഞ്ഞു.