പുനർവിവാഹിതരുടെ കുട്ടികൾക്കായി സുരക്ഷാമിത്ര

Sep 24, 2025
പുനർവിവാഹിതരുടെ കുട്ടികൾക്കായി സുരക്ഷാമിത്ര
suraksha mitra

പുനർവിവാഹിതരായ മാതാപിതാക്കളുടെ കുട്ടികൾക്കായി സ്‌കൂളുകളിൽ സംരക്ഷണം ഒരുക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. പുനർവിവാഹിതരായ മാതാപിതാക്കളുള്ള വീടുകളിൽ ആദ്യ വിവാഹത്തിലെ കുട്ടികൾക്ക് ആവശ്യമായ പരിഗണയും കരുതലും ലഭിക്കാത്ത സാഹചര്യങ്ങളുണ്ട്. ഇത്തരം അവഗണനകൾ കുട്ടികളുടെ പഠനത്തിനെയും മാനസികവളർച്ചയെയും ബാധിക്കുന്നത് ഒഴിവാക്കുന്നതിനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കുന്നത്. അതോടൊപ്പം ഇത്തരം കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും തടയാനും സംരക്ഷണം ഒരുക്കാനും സുരക്ഷാമിത്രയിലൂടെ സാധ്യമാക്കും.

സുരക്ഷാമിത്ര പദ്ധതിയുടെ ഭാഗമായി മാതാപിതാക്കൾ പുനർ വിവാഹിതരായ കുട്ടികളുടെ പട്ടിക സ്‌കൂളുകളിൽ തയാറാക്കും. ഈ വിദ്യാർത്ഥികളുടെ വീടുകൾ മാസത്തിലൊരിക്കൽ ഉദ്യോഗസ്ഥർ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കും. ഇതിനായി അധ്യാപകർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, സൗഹൃദ ക്ലബ്ബുകൾ എന്നിവയുടെ സേവനം ഉപയോഗിക്കും. കുട്ടികൾ മാനസിക സമ്മർദ്ദം, അതിക്രമം, അവഗണന എന്നിവ നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം സ്‌കൂളിലെ പ്രിൻസിപ്പൽ അല്ലെങ്കിൽ ഹെഡ് മാസ്റ്ററിനെ അറിയിച്ച് തുടർനടപടികൾ സ്വീകരിക്കും.

സുരക്ഷാമിത്രയുടെ ഭാഗമായി കുട്ടികൾക്ക് നേരിട്ടും പരാതി സമർപ്പിക്കാം. ഇതിനായി എല്ലാ സ്‌കൂളുകളിലും പരാതിപ്പെട്ടികളും സ്ഥാപിക്കുന്നുണ്ട്. ഫ്ലാറ്റുകളിലും ഒറ്റപ്പെട്ട വീടുകളിലുമുള്ള കുട്ടികൾ, ഒറ്റ മാതാപിതാക്കൾ മാത്രമുള്ള കുട്ടികൾ, ജോലിക്കാരായ മാതാപിതാക്കളുള്ള കുട്ടികൾ എന്നിവരുടെ സംരക്ഷണവും സുരക്ഷാമിത്ര പദ്ധതിയിൽ ഉറപ്പാക്കും. സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും ഉണ്ടാവുന്ന ദുരനുഭവങ്ങളും, ബന്ധുക്കളിൽ നിന്നുള്ള ഉപദ്രവങ്ങൾ തുടങ്ങിയ കാര്യങ്ങളും കുട്ടികൾക്ക് സുരക്ഷാമിത്രയിലൂടെ അറിയിക്കാം. കുട്ടികളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

പൊലീസ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി, എക്‌സൈസ് എന്നിവരുടെ സേവനം ആവശ്യമായ തുടർനടപടികൾക്കായി പ്രയോജനപ്പെടുത്തും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാരുടെ പ്രതിമാസ മീറ്റിങ്ങിൽ ഇത് സംബന്ധിച്ച അവലോകനം നടത്തും. ജില്ലയിൽ ലഭിച്ച പരാതികൾ, തീർപ്പാക്കിയവ എന്നിവ രേഖപ്പെടുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണം. മൂന്ന് മാസത്തിലൊരിക്കൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ സുരക്ഷാമിത്ര പദ്ധതി സംബന്ധിച്ച് റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. 

കുട്ടികളുടെ സ്വഭാവ വ്യതിയാനങ്ങൾ, അവരുടെ മാനസിക - ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും, പോക്‌സോ ഉൾപ്പടെയുള്ള നിയമങ്ങൾ മനസിലാക്കുന്നതിനും സുരക്ഷാമിത്ര പദ്ധതിയുടെ ഭാഗമായി 200 അധ്യാപകർക്ക് മാസ്റ്റർ ട്രെയിനിംഗ് നൽകി കഴിഞ്ഞു. മാസ്റ്റർ പരിശീലനം നേടിയ അധ്യാപകരെ ഉപയോഗപ്പെടുത്തി അടുത്തഘട്ടമായി ഒക്ടോബറിൽ നടത്തുന്ന ജില്ലാതല പരിശീലനത്തിൽ 4200 അധ്യാപകർക്ക് പരിശീലനം നൽകും. തുടർന്ന് ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറിയിലെ എൺപതിനായിരം അധ്യാപകർക്ക് ഫീൽഡ് തലത്തിലും പരിശീലനം ഉറപ്പാക്കും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.