നിപ: കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത്
മരിച്ച 14കാരന്‍റെ അപ്ഡേറ്റ് ചെയ്ത റൂട്ട് മാപ്പ് പുറത്തുവിട്ടു
കോഴിക്കോട്: നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത് എത്തും. നാല് ഐ.സി.എം.ആർ ശാസ്ത്രജ്ഞരും രണ്ട് സാങ്കേതിക വിദഗ്ധരുമാണ് സംഘത്തിലുള്ളത്. നിപ ബാധിച്ച് മരിച്ച 14കാരന് രോഗം ബാധിച്ചതിന്‍റെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികൾ തുടരും. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ മെഡിക്കൽ ലാബ് ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കും.
വൈറസിന്റെ ഉറവിടം തേടിയുള്ള പരിശോധനകൾ ആരോഗ്യ വകുപ്പ് ഇന്നും തുടരും. ഞായറാഴ്ച പ്രത്യേക സംഘം കുട്ടി പോയ ഇടങ്ങളെല്ലാം പരിശോധിച്ചിരുന്നു. കൂട്ടുകാരിൽനിന്നും വീട്ടുകാരിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഉറവിടം കണ്ടെത്താനായി ശ്രമിക്കുന്നത്. നിപ സ്ഥിരീകരിച്ച സമയത്ത് കുട്ടി അബോധാവസ്ഥയിലായതിനാൽ എന്തെല്ലാം പഴങ്ങളാണ് പുറത്തുനിന്ന് കഴിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. നാട്ടിലെ മരത്തിൽനിന്ന് കുട്ടി അമ്പഴങ്ങ കഴിച്ചതായി മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പ്രദേശത്തിന്റെ രണ്ട് കിലോമീറ്റർ പരിധിയിൽ വവ്വാലുകൾ വരാറുണ്ടെന്നാണ് സൂചന.നിപ്പ സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ മരിച്ച 14കാരന്‍റെ അപ്ഡേറ്റ് ചെയ്ത റൂട്ട് മാപ്പ് പുറത്തുവിട്ടു. റൂട്ട് മാപ്പിൽ പ്രതിപാദിച്ച സ്ഥലങ്ങളിൽ ഈ സമയങ്ങളിൽ ഉണ്ടായിരുന്നവർ ആരോഗ്യവകുപ്പിന്‍റെ നിപ കൺട്രോൾ റൂമിൽ വിവരമറിയിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.