കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 15ാമത്​ അന്താരാഷ്​ട്ര നാടകോത്സവം -ഇറ്റ്​ഫോക്ക്​- നാളെ ആരംഭിക്കും

'ഇറ്റ്​​ഫോക്കി'ന്​ നാളെ​ തിരശ്ശീലയുയരും

Feb 22, 2025
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 15ാമത്​ അന്താരാഷ്​ട്ര നാടകോത്സവം -ഇറ്റ്​ഫോക്ക്​-  നാളെ  ആരംഭിക്കും
itfolk

തൃശൂർ: ‘പ്രതിരോധത്തിന്‍റെ സംസ്കാരങ്ങൾ’ എന്ന പ്രമേയത്തിൽ ലോക നാടകക്കാഴ്ചകളുടെ പരിച്ഛേദ കാഴ്ചകൾക്ക്​ ഞായറാഴ്ച തൃശൂരിൽ തിരശ്ശീലയുയരും. സാംസ്കാരിക വകുപ്പിന്​ വേണ്ടി കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 15ാമത്​ അന്താരാഷ്​ട്ര നാടകോത്സവം -ഇറ്റ്​ഫോക്ക്​- നാളെ  ആരംഭിക്കും. അടുത്ത ഞായറാഴ്ച വരെ നീളുന്ന നാടകോത്സവത്തിൽ മൂന്ന്​ വേദികളിലായി 15 നാടകങ്ങളുടെ 34 പ്രദർശനം അരങ്ങേറുമെന്ന്​ അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടിയും സെക്രട്ടറി കരിവെള്ളൂർ മുരളിയും നാടകോത്സവ ഡയറക്ടർ കലാമണ്ഡലം വൈസ്​ ചാൻസലർ ​ബി. അനന്തകൃഷ്ണനും അറിയിച്ചു.അക്കാദമിയിലെ തോപ്പിൽ ഭാസി ബ്ലാക്ക്​ ബോക്സ്​, കെ.ടി. മുഹമ്മമദ്​ റീജണൽ തിയേറ്റർ, ആക്ടർ മുരളി തിയേറ്റർ എന്നിവയും രാമനിലയം കാമ്പസ്​, അക്കാദമി അങ്കണം എന്നിവയുമാണ്​ വേദികൾ​.

ഞായറാഴ്ച വൈകീട്ട്​ അഞ്ചിന്​ മന്ത്രി സജി ചെറിയാൻ നാടകോത്സവം ഉദ്​ഘാടനം ചെയ്യും. തെന്നിന്ത്യൻ സിനിമ-നാടക അഭിനേതാവ്​ നാസർ മുഖ്യാതിഥിയായി പ​ങ്കെടുക്കും. പി. ബാലചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ. രാജൻ, ഡോ. ആർ. ബിന്ദു, കലക്ടർ അർജുൻ പാണ്ഡ്യൻ, ​മേയർ എം.കെ. വർഗീസ്​, ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​ വി.എസ്​. പ്രിൻസ്​, അക്കാദമി ചെയർമാൻ, സെക്രട്ടറി എന്നിവർ പ​ങ്കെടുക്കും.

വൈകീട്ട്​ 7.30ന്​ ആക്ടർ മുരളി തിയേറ്ററിൽ ഗിരീഷ്​ കർണാടകിന്‍റെ ‘ഹയവദന’യാണ്​ ഉദ്​ഘാടന അവതരണം. വൈകീട്ട്​ മൂന്നിന്​ ബ്ലാക്ക്​ ബോക്സിൽ ‘അറേബ്യൻ നൈറ്റ്​സിനെ അധികരിച്ച്​ ‘ദി നൈറ്റ്​സ്​’ എന്ന പാവകളി നാടകം അരങ്ങേറും. രാത്രി ഒമ്പതിന്​ അക്കാദമിക്ക്​ മുന്നിൽ ‘ഗൗളി’ ബാന്‍റിന്‍റെ സംഗീത നിശയുണ്ട്​. ആർട്ടിസ്റ്റ്​ സുജാതനാണ്​ നാടകങ്ങൾക്ക്​ രംഗപടം ഒരുക്കുന്നത്​.

നാടകോത്സവ നാളുകളിൽ രാവിലെ ഒമ്പതിന്​ തുറക്കുന്ന കൗണ്ടറിൽനിന്ന്​ അന്നേ ദിവസത്തെ എല്ലാ നാടകങ്ങളുടെയും നിശ്ചിത ശതമാനം ടിക്കറ്റുകൾ വിതരണം ചെയ്യും. ബാക്കി ഓരോ നാടകത്തിന്‍റെയും ഒരു മണിക്കൂർ മുമ്പ്​ ലഭിക്കും. 80 രൂപയാണ്​ ടിക്കറ്റ്​ നിരക്ക്​. ഓൺലൈൻ വഴി എടുത്തവർക്ക്​ മെയിലായി ലഭിച്ച ടിക്കറ്റിന്‍റെ ക്യു ആർ കോഡ്​ തിയേറ്ററിന്‍റെ പ്രവേശന കവാടത്തിൽ സ്കാൻ ചെയ്​തോ ടിക്കറ്റ്​ പ്രിന്‍റ്​ എടുത്തോ നാടകം കാണാം. ഫെസ്റ്റിവൽ ബുക്ക്​ ഉൾപ്പെടുന്ന കിറ്റ്​ കൗണ്ടറിൽ കിട്ടും. ആദിവാസി ഭക്ഷണ വിഭവങ്ങൾ അടക്കം കിട്ടുന്ന ഫുഡ്​ കോർട്ടുമുണ്ട്​.

പാനൽ ചർച്ചകൾ, ദേശീയ-അന്തർദേശീയ നാടക പ്രവർത്തകരുമായി മുഖാമുഖം, സംഗീത-നൃത്ത നിശകൾ എന്നീ അനുബന്ധ പരിപാടികളുമുണ്ട്​. 24 മുതൽ മാർച്ച്​ രണ്ട്​ വരെ രാമനിലയം കാമ്പസിലെ ‘ഫാവോസ്​’ (ഫ്രം ആഷസ്​ ടു ദി സ്​കൈ) വേദിയിൽ രാവിലെ 11.30ന്​ ആർട്ടിസ്റ്റുകളുമായി മുഖാമുഖവും വ്യത്യസ്ത ദിവസങ്ങളിൽ ചർച്ചകളുമുണ്ട്​.ഇന്ത്യൻ നാടകങ്ങൾക്ക്​ പുറമെ ഈജിപ്ത്​, റഷ്യ, ഹംഗറി, ശ്രീലങ്ക, ഇറാഖ്​ എന്നിവിടങ്ങളിൽനിന്ന്​ നാടക സംഘങ്ങൾ എത്തുന്നുണ്ട്​. ഡൽഹി, ബംഗളൂരു, മണിപ്പൂർ, ഗുജറാത്ത്​, ആസാം, മുംബൈ എന്നിവിടങ്ങളിൽനിന്നും കേരളത്തിൽ കോട്ടയം, പാലക്കാട്​, എറണാകുളം എന്നിവിടങ്ങളിൽനിന്നുമുള്ള നാടക സംഘങ്ങളാണ്​ നാടകോത്സവത്തിന്‍റെ ഭാഗമാവുന്നത്​.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.