കേരളം സാക്ഷ്യം വഹിക്കുന്നത് ഏറ്റവും വലിയ നിക്ഷേപക മുന്നേറ്റത്തിന് : മുഖ്യമന്ത്രി
ഭൂമിയില്ലാത്തതിന്റെ പേരിൽ കേരളത്തിലേക്ക് വരുന്ന ഒരു നിക്ഷേപകനും നിരാശയോടെ മടങ്ങേണ്ടിവരില്ല.

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപക മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .
നിക്ഷേപക സൗഹൃദഘടന ശക്തിപ്പെടുത്തുന്നതിനായി ആഗോള നിക്ഷേപകരെയും ഈ മേഖലയിലെ വിദഗ്ധരെയും, നയരൂപീകരണ വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരിക, കേരളത്തിന്റെ നിക്ഷേപ സാധ്യതകൾ പര്യവേഷണം ചെയ്യുക എന്നിവയാണ് ഉച്ചകോടിയുടെ ലക്ഷ്യം.കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി ഉയർത്തുന്നതിനു അനവധി പ്രവർത്തനങ്ങൾ ഇതിനകം നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലേക്ക് വരുന്ന നിക്ഷേപകർക്ക് നടപടിക്രമങ്ങളുടെ കാലതാമസം നേരിടേണ്ടി വരില്ലെന്ന് ഉറപ്പാക്കാൻ കഴിഞ്ഞു. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലളിതമാക്കുന്നതിൽ വലിയ മുന്നേറ്റം നടത്താനായി .
2019 ലെ കേരള മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഫെസിലിറ്റേഷൻ ആക്റ്റ് നടപ്പാക്കിയതോടെ കെ -സ്വിഫ്റ്റ് പോർട്ടൽ വഴി എളുപ്പത്തിൽ സംരംഭങ്ങൾ ആരംഭിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. സംസ്ഥാനത്തേക്ക് നിക്ഷേപങ്ങൾ വരുന്നതിന് ഉയർന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കുകയാണ്.
ദേശീയ പാത 66 വീതി കൂട്ടുന്നതിനുള്ള ഭൂമി ഏറ്റെടുക്കുന്നതിനു ചെലവിന്റെ 25 ശതമാനം സംസ്ഥാനം സംഭാവന ചെയ്തിട്ടുണ്ട്. അതിവേഗ ട്രെയിനുകൾ ഓടിക്കാൻ ആവശ്യമായ റെയിൽവേ വികസനത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരങ്ങൾ നേടുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ദേശീയ പാതകളുടെ വികസനത്തിന് മാത്രമല്ല, സംസ്ഥാനത്തിനുള്ളിലെ എല്ലാ റോഡുകൾക്കും കേരള സർക്കാർ പ്രാധാന്യം നൽകുന്നു.സംസ്ഥാനത്ത് നാല് വിമാനത്താവളങ്ങൾക്ക് മികച്ച സൗകര്യങ്ങൾ നിലവിലുണ്ട്.കൂടുതൽ സൗകര്യങ്ങൾ ഒരുക്കും.ഉൾനാടൻ ജലപാതകളെ സഞ്ചാരയോഗ്യമായ പാതയാക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട് .ഉയർന്ന ശേഷിയുള്ള വൈദ്യുതി ലൈനുകൾ സ്ഥാപിച്ചതോടെ തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കാൻ സാധിച്ചു. ഭൂമിയില്ലാത്തതിന്റെ പേരിൽ കേരളത്തിലേക്ക് വരുന്ന ഒരു നിക്ഷേപകനും നിരാശയോടെ മടങ്ങേണ്ടിവരില്ല.
ഉയർന്നുവരുന്ന തൊഴിൽ ആവശ്യങ്ങൾക്കനുസരിച്ച് നമ്മുടെ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും കഴിവുകൾ വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുകയാണ്.ഉന്നത വിദ്യാഭ്യാസമേഖല മാറ്റത്തിന്റെ പാതയിലാണ്. സംസ്ഥാനത്ത് സയൻസ് പാർക്കുകൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ് . സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സർവകലാശാലകൾ, അക്കാദമിക് സ്ഥാപനങ്ങൾ, വ്യവസായം എന്നിവയ്ക്ക് ഒത്തുചേരാനും ഗവേഷണ വികസനത്തിൽ ഏർപ്പെടാനും പുതിയ കണ്ടുപിടുത്തങ്ങൾ സൃഷ്ടിക്കാനും സയൻസ് പാർക്കുകൾ സ്ഥലവും അടിസ്ഥാന ലബോറട്ടറി സൗകര്യങ്ങളും നൽകുന്നു. കണ്ണൂരിലെ സയൻസ് പാർക്ക് പൂർത്തീകരണത്തോടടുക്കുകയാണ്.
സ്റ്റാർട്ടപ്പ് മേഖലയിൽ കേരളം വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. കഴിഞ്ഞ 8 വർഷത്തിനിടെ, കേരളത്തിൽ 6200 സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കപ്പെട്ടു, 5800 കോടി രൂപയുടെ നിക്ഷേപത്തോടെ 62,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. 2026 ഓടെ 15,000 സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കാനും ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു.കേരളത്തിന്റെ സംരംഭങ്ങൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട് സ്റ്റാർട്ടപ്പുകളിൽ 254 ശതമാനം വളർച്ചയുണ്ടായതായി ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോ-സിസ്റ്റം റിപ്പോർട്ട് പറയുന്നു. ഇൻഫോ ആൻഡ് ടെക്നോ പാർക്കുകൾ വിജയകരമായ പരീക്ഷണങ്ങളാണ്.എയ്‌റോസ്‌പേസ് മേഖലയിൽ നിക്ഷേപം സുഗമമാക്കുന്നതിന് സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്ന സംരംഭങ്ങളിൽ കേരളം സാന്നിധ്യം അറിയിക്കുന്നുണ്ട് . ന്യൂട്രാസ്യൂട്ടിക്കൽസിന്റെ നിർമ്മാണത്തിലും ഒരു സംരംഭമുണ്ട്. തിരുവനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ഇൻ ലൈഫ് സയൻസ് പാർക്ക്, മെഡിക്കൽ ഗവേഷണത്തിലെ മികവിന്റെ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്.വിഴിഞ്ഞം തുറമുഖ വികസനം വേഗത്തിൽ പുരോഗമിക്കുകയാണ്. കൊച്ചി-ബെംഗളൂരു വ്യാവസായിക ഇടനാഴിക്ക് ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുകയാണ് .മാലിന്യ സംസ്കരണത്തിൽ നേട്ടം കൈവരിക്കാൻ സാധിച്ചു.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ സൂചികയിൽ, കേരളം ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്താണ്.കേരളം സംഘടിപ്പിക്കുന്ന ‘ഇയർ ഓഫ് എന്റർപ്രൈസസ്’ ദേശീയ തലത്തിൽ മികച്ച രീതിയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.2014-15 ൽ 9.8 ശതമാനമായിരുന്ന മൊത്ത സംസ്ഥാന മൂല്യവർദ്ധനവിൽ ഉൽപ്പാദന മേഖലയുടെ പങ്ക് 2023-24 ൽ 11.5 ശതമാനമായി ഉയർന്നു. പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ ഡാറ്റ പ്രകാരം, 2017-18 ലും 2023-24 ലും കേരളത്തിലെ തൊഴിൽ 16 ശതമാനം വർദ്ധിച്ച് 2023-24 ൽ 1.51 കോടിയിലെത്തിയതും അഭിമാനാർഹമായ പുരോഗതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിഥിന്‍ ഗഡ്കരി ഓൺലൈനിൽ സന്ദേശം നൽകി. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പീയൂഷ് ഗോയല്‍, കേന്ദ്ര നൈപുണ്യ വികസന വകുപ്പ് മന്ത്രി ജയന്ത് ചൗധരി, യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിന്‍ തുക് അല്‍മാരി, ബഹ്റൈന്‍ വാണിജ്യ-വ്യവസായ മന്ത്രി അബ്ദുള്ള ബിന്‍ അദെല്‍ ഫഖ്രു, സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി. എൻ വാസവൻ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം. എ യൂസഫ് അലി, ഐറ്റിസി ലിമിറ്റഡ് ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ സഞ്ജീവ് പുരി, അദാനി പോർട്ട് ആന്റ് സെസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി, വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് തുടങ്ങിയവർ സംസാരിച്ചു.