മൂവാറ്റുപുഴ ടൗണിനെ മുൾമുനയിലാക്കി വളർത്തുനായുടെ ആക്രമണം
മദ്റസ വിദ്യാർഥികളടക്കം എട്ടുപേർക്ക് കടിയേറ്റു. മൂന്ന് വളർത്തുമൃഗങ്ങൾക്കും പരിക്കുണ്ട്
മൂവാറ്റുപുഴ: ടൗണിനെ മുൾമുനയിലാക്കി വളർത്തുനായുടെ ആക്രമണം. മദ്റസ വിദ്യാർഥികളടക്കം എട്ടുപേർക്ക് കടിയേറ്റു. മൂന്ന് വളർത്തുമൃഗങ്ങൾക്കും പരിക്കുണ്ട്. ആസാദ് റോഡിൽ തുടങ്ങിയ അക്രമണം ഉറവക്കുഴി, തൃക്ക വഴി പുളിഞ്ചുവട് കവല വരെയുള്ള രണ്ട് കി.മീ. ദൂരം നീണ്ടു. അതിനിടയിൽ കണ്ടവരെയെല്ലാം നായ് ആക്രമിച്ചു.രാവിലെ ഒമ്പതുമുതൽ നാല് മണിക്കൂർ നീണ്ട ആക്രമണം നഗരത്തെ മുൾമുനയിൽ നിർത്തി. തൃക്ക ഭാഗത്ത് താമസിക്കുന്നയാളുടെ നായാണ് ആക്രമണകാരിയായത്. രാവിലെ വീട്ടിൽനിന്ന് ചങ്ങല പൊട്ടിച്ച് പുറത്തുചാടിയതായിരുന്നു നായ്.വീട്ടിലേക്ക് മടങ്ങുന്നതിനിടെ നഗരസഭ കോട്ടയത്തുനിന്നുള്ള നായ് പിടിത്തസംഘം ഉച്ചക്ക് ഒന്നോടെ ഇതിനെ വലയെറിഞ്ഞ് പിടികൂടുകയായിരുന്നു. നായ് പിടിത്ത വിദഗ്ധരായ കെ.ടി. ജയകുമാറും ഭാര്യ ശർമിളയും ചേർന്നാണ് ഇതിനെ പിടികൂടിയത്. തുടർന്ന് നഗരസഭ ഓഫിസിൽ എത്തിച്ച നായെ പ്രത്യേകം തയാറാക്കിയ കൂട്ടിൽ 10 ദിവസം നിരീക്ഷണത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് നഗരസഭ ചെയർമാൻ പി.പി. എൽദോസ്, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി.എം. അബ്ദുൽ സലാം എന്നിവർ ജനറൽ ആശുപത്രിയിലെത്തി. നായുടെ ഉടമസ്ഥനെതിരെ കേസെടുക്കുമെന്ന് മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് അറിയിച്ചു. പത്തുവർഷം മുമ്പ് സമാന സംഭവം നഗരത്തിൽ നടന്നിരുന്നു. അന്ന് 12 ഓളം പേർക്കാണ് കടിയേറ്റത്.