ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ സ്മരണയില്‍ അന്താരാഷ്ട്ര ചിത്രകലാസ്മാരകത്തിന് പദ്ധതി ഒരുങ്ങുന്നു
ദേശീയതലത്തില്‍ പ്രഗല്ഭരായ കലാകാരന്‍മാരുടെ നേതൃത്വത്തില്‍ രൂപരേഖ തയ്യാറാക്കുന്നുണ്ട്.
എടപ്പാള്‍: മലയാളത്തിന്റെ വരഗുരുവായിരുന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ സ്മരണയില്‍ അന്താരാഷ്ട്ര ചിത്രകലാസ്മാരകത്തിന് പദ്ധതി ഒരുങ്ങുന്നു. നമ്പൂതിരി അന്തരിച്ച നാളില്‍ നടുവട്ടത്തെ കരുവാട്ട് മനയില്‍ എത്തിയ കേന്ദ്ര മാനവവിഭവശേഷി-വിദേശകാര്യ സഹമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ ദാസ് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാകുന്നത്.ഇന്ത്യയില്‍ ചിത്രകലയ്ക്കായി ഇതുവരെ ഇല്ലാത്ത രീതിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്മാരകമാണ് സജ്ജമാക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രോജക്ട് തയ്യാറാക്കുന്ന സമിതിയിലെ അംഗവും നമ്പൂതിരിയുടെ മകനുമായ വാസുദേവന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വീടിനോടു ചേര്‍ന്ന് സ്ഥാപിക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചതെങ്കിലും ഇത്രയും വലിയ ഒരു സ്ഥാപനം എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രാപ്യമാകുംവിധം സ്ഥലലഭ്യതക്കനുസരിച്ച് എറണാകുളത്തോ മറ്റോ സ്ഥാപിക്കാനാണ് ഇപ്പോഴത്തെ ശ്രമം.ദേശീയതലത്തില്‍ പ്രഗല്ഭരായ കലാകാരന്‍മാരുടെ നേതൃത്വത്തില്‍ രൂപരേഖ തയ്യാറാക്കുന്നുണ്ട്. സാംസ്‌കാരികനായകരുടെ ഓര്‍മകള്‍ നിലനിര്‍ത്താനും അവരുടെ രചനകള്‍ സംരക്ഷിക്കാനും പ്രദര്‍ശിപ്പിക്കാനുമെല്ലാമായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന വിഷന്‍ ഡോക്യുമെന്റ് പദ്ധതിയിലുള്‍പ്പെടുത്തി സ്മാരകം നിര്‍മിക്കാമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വാഗ്ദാനം. ഈ പദ്ധതിയുടെ രൂപരേഖയടക്കം സമര്‍പ്പിക്കാനും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. ഇതിന്റെയെല്ലാം വെളിച്ചത്തിലാണ് പ്രോജക്ട് തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്.