പെൻഷൻ ആനുകൂല്യമില്ല; സമരത്തിനൊരുങ്ങി അംഗൻവാടി ജീവനക്കാർ
തങ്ങളുടെ പെൻഷൻ ആനുകൂല്യം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി കേരള അംഗൻവാടി ആൻഡ് ക്രഷ് വർക്കേഴ്സ് യൂനിയൻ ഉപരോധസമരം നടത്തും.
തിരുവനന്തപുരം: വിരമിക്കൽ ആനുകൂല്യം നൽകാതെ സർക്കാർ സംസ്ഥാനത്തെ അംഗൻവാടി ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നു. 2023ലും 2024ലും വിരമിച്ച ജീവനക്കാർക്കാണ് ക്ഷേമനിധിയിലടച്ച തുക പോലും നൽകാതെ സർക്കാറും അധികൃതരും വലക്കുന്നത്.2023ൽ 1950 പേരും 2024 ൽ 2285 പേരുമാണ് വിരമിച്ചത്. ഇവർക്കുള്ള പെൻഷനും ത്രിശങ്കുവിലാണ്. ജോലി ചെയ്ത വർഷങ്ങളിൽ അധ്യാപകർക്ക് 500 രൂപ വീതവും ഹെൽപർമാർക്ക് 250 രൂപ വീതവും പ്രതിമാസം ക്ഷേമനിധിയിൽ അടക്കുമായിരുന്നു. ആ തുകയും 20 ശതമാനം സർക്കാർ വിഹിതവും എട്ട് ശതമാനം പലിശയുമുൾപ്പെടെയാണ് വിരമിക്കൽ ആനുകൂല്യമായി നൽകേണ്ടത്.അതിനുമുമ്പ് വിരമിച്ചവർക്ക് മൂന്നുമാസം കൂടുമ്പാേഴാണ് പെൻഷൻ ലഭിക്കുന്നത്. അംഗൻവാടി വർക്കർക്ക് 2500 രൂപയും ഹെൽപ്പർക്ക് 1500 രൂപയുമാണ് പെൻഷൻ തുക. തുച്ഛമായ ആ തുകയെങ്കിലും കൃത്യമായി അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. വനിതാ ശിശുവികസന മന്ത്രാലയത്തിനുകീഴിൽ കഴിഞ്ഞ 47 വർഷമായി സംയോജിത ശിശു വികസന സേവന പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചുവരുന്നവരാണ് അംഗൻവാടി ജീവനക്കാർ.2022ൽ അംഗൻവാടി ജീവനക്കാർ ഗ്രാറ്റ്വിറ്റിക്ക് അർഹരാണെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. സംസ്ഥാനത്താകെ അറുപത്താറായിരത്തിൽ അധികം അംഗൻവാടി ജീവനക്കാരാണുള്ളത്. തങ്ങളുടെ പെൻഷൻ ആനുകൂല്യം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി കേരള അംഗൻവാടി ആൻഡ് ക്രഷ് വർക്കേഴ്സ് യൂനിയൻ വെള്ളിയാഴ്ച വനിത ശിശുവികസനവകുപ്പ് ഡയറക്ടറേറ്റിൽ ഉപരോധസമരം നടത്തും.