കൊല്ലം ജില്ലയിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഫെബ്രുവരി ആറ് വരെ പത്രിക സമര്‍പ്പിക്കാം
കൊല്ലം : ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് ഫെബ്രുവരി ആറ് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഏഴിന് സൂക്ഷ്മ പരിശോധന നടക്കും. 10ന് വൈകീട്ട് മൂന്ന് വരെയാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന സമയം. ഫെബ്രുവരി 24ന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. 25ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും.
കൊട്ടാരക്കര നഗരസഭയിലെ 20ാം വാര്‍ഡ് കല്ലുവാതുക്കല്‍ (വനിത), അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിലെ ഏഴാം ഡിവിഷന്‍ അഞ്ചല്‍ (ജനറല്‍), കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ എട്ടാം ഡിവിഷന്‍ കൊട്ടറ (ജനറല്‍), കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡ് കൊച്ചുമാംമൂട് (വനിത), ക്ലാപ്പന ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് പ്രയാര്‍ തെക്ക് (ജനറല്‍), ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് പടിഞ്ഞാറ്റിന്‍കര (വനിത) എന്നിവയിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
കളക്ടറേറ്റില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് അധ്യക്ഷത വഹിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും പൊലീസ് അധികാരികളുടെയും യോഗം വിളിക്കാനും തീരുമാനിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജയശ്രീ, വരണാധികാരികള്‍, തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.