കുവൈറ്റ് ദുരന്തം; മരിച്ച മലയാളികളുടെ എണ്ണം ഉയരുന്നു; ആരോഗ്യമന്ത്രി കുവൈറ്റിലേക്ക്
ആകെ മരിച്ച 43 ഇന്ത്യാക്കാരിൽ 15 പേർ മലയാളികളാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞു.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ തൊഴിലാളി ക്യാന്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം ഉയരുന്നു. ആകെ മരിച്ച 43 ഇന്ത്യാക്കാരിൽ 15 പേർ മലയാളികളാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞു.തിരിച്ചറിയാനുള്ള മൃതദേഹങ്ങൾ മിക്കതും കത്തിക്കരിഞ്ഞ നിലയിലാണ്. ഡിഎൻഎ ടെസ്റ്റ് നടത്തിയാൽ മാത്രമേ ഇവരെ തിരിച്ചറിയാനാകൂ. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആകെ 49 പേരാണു തീപിടിത്തത്തിൽ മരിച്ചത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ കുവൈത്തിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ ഉടൻ നാട്ടിലേക്ക് എത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ടു ലക്ഷം രൂപ വീതമാണ് അനുവദിക്കുക.ഇതുവരെ ലഭിച്ച കണക്കുകൾ പ്രകാരം മരിച്ച 49 പേരിൽ 43 പേർ ഇന്ത്യക്കാരാണെന്നു ഡൽഹി എയർപോർട്ടിൽനിന്നു കുവൈറ്റിലേക്ക് പുറപ്പെടുന്നതിന് മുമ്പ് കീർത്തി വർധൻ സിംഗ് പറഞ്ഞു. കുവൈറ്റിലെത്തുമ്പോൾ സ്ഥിതിഗതികൾ വ്യക്തമാകുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, തിരിച്ചറിഞ്ഞവരുടെ മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. മൃതദേഹങ്ങൾ വ്യോമസേനയുടെ വിമാനത്തിലാകും നാട്ടിൽ എത്തിക്കുക.മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് വേഗത്തിലാക്കാൻ സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജും കുവൈറ്റിലേക്കു പോകും. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ അഞ്ചു ലക്ഷം വീതം നല്കും.മരിച്ച ആറു പേർ ഫിലിപ്പൈൻസ് സ്വദേശികളാണ്. ചികിൽസയിയിലുള്ള 26 പേരിൽ ഏഴുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ ഏറെയും മലയാളികളാണ്. പരിക്കേറ്റ ഇന്ത്യക്കാർക്ക് മികച്ച ചികിൽസ ഉറപ്പുവരുത്തിയതായി ഇന്ത്യൻ സ്ഥാനപതി പറഞ്ഞു.