യുഡിഎഫ് തരംഗം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് തരംഗം. കോർപറേഷനുകളും ജില്ലാ പഞ്ചായത്തുകളും പിടിച്ചെടുത്ത യുഡിഎഫ് പകുതിയിലേറെ ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകളിലും ഭരണം പിടിച്ചു. സംസ്ഥാനത്ത് ആഞ്ഞുവീശിയ ഭരണവിരുദ്ധ വികാരത്തിൽ പതിറ്റാണ്ടുകളായി എൽഡിഎഫ് കൈവശം വച്ചിരുന്ന കൊല്ലവും തൃശൂരും അടക്കമുള്ള ജില്ലകളും വലത്തേക്കു ചാഞ്ഞു.
സംസ്ഥാനത്തെ ആറു കോർപറേഷനുകളിൽ നാലെണ്ണവും യുഡിഎഫ് കൈപ്പിടിയിൽ ഒതുക്കിയപ്പോൾ, തിരുവനന്തപുരം കോർപറേഷറേഷൻ ബിജെപി പിടിച്ചെടുത്തു. കോഴിക്കോട് കോർപറേഷൻ മാത്രമാണ് പൊരിഞ്ഞ പോരിനൊടുവിൽ എൽഡിഎഫിന് ആശ്വാസജയം സമ്മാനിച്ചത്. കോർപറേഷനുകളിൽ പലയിടത്തും സിപിഐ വലിയ പരാജയം നേരിട്ടു. കഴിഞ്ഞ തവണ കണ്ണൂർ കോർപറേഷൻ മാത്രമായിരുന്നു യുഡിഎഫിനുണ്ടായിരുന്നത്. മറ്റെല്ലായിടത്തും ഇടതു ഭരണമായിരുന്നു.
ജില്ലാ പഞ്ചായത്തുകളിൽ ഏഴെണ്ണം വീതം യുഡിഎഫും എൽഡിഎഫും നേടി. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 504 എണ്ണവും യുഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിന് 341 എണ്ണത്തിൽ ഒതുങ്ങേണ്ടിവന്നു. 64 ഇടങ്ങളിൽ തുല്യനിലയാണ്. ബിജെപിയുടെ എൻഡിഎ സഖ്യം 26 ഗ്രാമപഞ്ചായത്തുകളിൽ വിജയിച്ചു. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 514 ഗ്രാമപഞ്ചായത്തുകളാണ് ഭരിച്ചിരുന്നത്. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 79 എണ്ണവും യുഡിഎഫ് ഭരണത്തിലായി.
എൽഡിഎഫിന് 63 ഇടത്താണ് വിജയിക്കാനായത്. 10 ഇടത്ത് തുല്യനിലയാണ്. നഗരസഭകളിൽ എൽഡിഎഫിന് ലഭിച്ചതിന്റെ ഇരട്ടിയോളം എണ്ണം യുഡിഎഫ് ഭരണത്തിലെത്തും. എൽഡിഎഫിന് 28 നഗരസഭ ലഭിച്ചപ്പോൾ യുഡിഎഫ് 54 ഇടത്ത് ഭരണത്തിലെത്താനായി. ഒരിടത്ത് തുല്യനിലയാണ്. ഭരണവിരുദ്ധ വികാരത്തിനൊപ്പം ശബരിമല സ്വർണക്കൊള്ളയും സാന്പത്തികത്തകർച്ചയും വികസനമുരടിപ്പും ദേശീയപാത തകർച്ചയും ബിജെപി- സിപിഎം അവിഹിത ബന്ധവുമൊക്കെ തദ്ദേശ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചാവിഷയമാക്കാൻ യുഡിഎഫിനു കഴിഞ്ഞിരുന്നു.
പ്രാദേശികമായി തദ്ദേശ സ്ഥാപനങ്ങൾക്കു ഫണ്ട് അനുവദിക്കാത്തതിനാൽ റോഡും ഓടയും അടക്കമുള്ളവ തകർന്നതും യുഡിഎഫ് പ്രചാരണവിഷയമാക്കി. ജനങ്ങളെ ഏറെ ഭീതിയിലാഴ്ത്തിയ തെരുവുനായ ശല്യവും തെരഞ്ഞെടുപ്പുഫലത്തിൽ പ്രതിഫലിച്ചു.
അഴിമതിയും ഗുണ്ടായിസവും പോലീസിന്റെ പക്ഷപാത സമീപനങ്ങളും തെരഞ്ഞെടുപ്പ് വിധിയെ ഒരുപരിധിവരെ സ്വാധിനിച്ചിട്ടുണ്ടാകാമെന്നാണ് കരുതപ്പെടുന്നത്.
തദ്ദേശ സ്ഥാപനങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ ഇടതുമുന്നണി ഇത്രയും വലിയ പതനം നേരിടുന്നത്. തെരഞ്ഞെടുപ്പു നടന്ന 17,337 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ 8,030 വാർഡുകളാണ് യുഡിഎഫിനു ലഭിച്ചത്. 6570 വാർഡുകളിൽ എൽഡിഎഫ് ഒതുങ്ങിയെന്ന സവിശേഷതയുമുണ്ട്.


