ഇന്‍ഫാം രജതജൂബിലി ദീപശിഖപ്രയാണത്തിനും വിളംബരജാഥയ്ക്കും ഡിസംബര്‍ 15ന് തുടക്കം
ഇൻഫാം സ്ഥാപക ചെയര്‍മാന്‍ ഫാ. മാത്യു വടക്കേമുറിയുടെ കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയിലുള്ള കബറിടത്തിങ്കല്‍ നിന്നാണ് ദീപശിഖ പ്രയാണവും, വിളംബര ജാഥയും ആരംഭിക്കുക..
പാറത്തോട്: ഇന്‍ഫാം രജതജൂബിലി ദീപശിഖപ്രയാണത്തിനും വിളംബരജാഥയ്ക്കും 2025 ഡിസംബര്‍ 15ന് ഇന്‍ഫാം സ്ഥാപക ചെയര്‍മാന്‍ ഫാ. മാത്യു വടക്കേമുറിയുടെ കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയിലെ കബറിടത്തിങ്കല്‍ നിന്ന് തുടക്കമാകും.
രാവിലെ 9.30ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ ജോസ് പുളിക്കലിന്റെ മുഖ്യ കാര്‍മികത്തില്‍ കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയില്‍ സമൂഹബലി. 24 വൈദികര്‍ സഹകാര്‍മികരായിരിക്കും. രാവിലെ 11ന് സെമിത്തേരി ചാപ്പലില്‍ കാഞ്ഞിരപ്പള്ളി രൂപത മുന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കലിന്റെ കാര്‍മികത്വത്തില്‍ പ്രാര്‍ഥനാശുശ്രൂഷകള്‍ നടക്കും.
ഇന്‍ഫാമിന്റെ സ്ഥാപക നേതാക്കളായ ഫാ. ആന്റണി കൊഴുവനാല്‍, എം.സി. ജോര്‍ജ്, മൊയ്തീന്‍ ഹാജി, ബേബി പെരുമാലില്‍, അന്തരിച്ച ഇന്‍ഫാം കര്‍ഷകര്‍ എന്നിവരെ അനുസ്മരിക്കും.
തുടര്‍ന്ന് ഫാ. മാത്യു വടക്കേമുറിയുടെ കബറിടത്തില്‍ നിന്ന് ബിഷപ്പുമാര്‍ കത്തിച്ചു നല്‍കുന്ന ദീപശിഖ ദേശീയചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ഏറ്റുവാങ്ങും. പ്രയാണത്തിനുള്ള വാഹനത്തില്‍ വച്ച് ജാഥാക്യാപ്റ്റന്‍ സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ടിന് ദീപശിഖ ദേശീയ ചെയര്‍മാര്‍ കൈമാറും.
തുടര്‍ന്ന് സംസ്ഥാനതല ദക്ഷിണമേഖല വിളംബരജാഥ പ്രയാണം ആരംഭിക്കും. പൊന്‍കുന്നത്ത് സംസ്ഥാന വിളംബര ജാഥയ്ക്ക് കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെ സ്വീകരണം നല്‍കും. ഉച്ചയ്ക്ക് 12.30ന് പാലാ അരുണാപുരം സെന്റ് തോമസ് പള്ളി അങ്കണത്തില്‍ പാലാ കാര്‍ഷികജില്ലയുടെയും 3.30ന് വാഴക്കുളത്ത് കോതമംഗലം കാര്‍ഷികജില്ലയുടെയും, 6.30ന് മുഹമ്മയില്‍ ചങ്ങനാശേരി കാര്‍ഷികജില്ലയുടെയും സ്വീകരണം നല്‍കും.
16 ന് രാവിലെ 10.30ന് തിരുവല്ല ബോധന ട്രെയിനിംഗ് സെന്ററില്‍ തിരുവല്ല കാര്‍ഷികജില്ലയുടെയും 12.30ന് പഴകുളത്ത് മാവേലിക്കര കാര്‍ഷികജില്ലയുടെയും സ്വീകരണങ്ങള്‍ക്കുശേഷം 5.30ന് കൊട്ടവിള സെന്റ് മേരീസ് കത്തീഡ്രലില്‍ പാറശാല കാര്‍ഷികജില്ലയുടെ സ്വീകരണത്തോടെ ദക്ഷിണമേഖല വിളംബരജാഥയ്ക്ക് സമാപനമാകും.
ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല തെക്കന്‍മേഖല ദീപശിഖ പ്രയാണം 15ന് രാവിലെ 11.30ന് കൂവപ്പള്ളിയില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍ നിന്നും ദീപശിഖ ഏറ്റുവാങ്ങി എരുമേലി, റാന്നി, പത്തനംതിട്ട കാര്‍ഷിക താലൂക്കുകളിലുടെ പ്രയാണം നടത്തും. ലോറേഞ്ച് മേഖല ദീപശിഖ പ്രയാണം 16 ന് ഉച്ചയ്ക്ക് ഒന്നിന് പൊന്‍കുന്നം കാര്‍ഷിക താലൂക്കിലെ ഇളങ്ങുളത്ത് നിന്ന് ആരംഭിച്ച് പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, വെളിച്ചിയാനി, മുണ്ടക്കയം, പെരുവന്താനം കാര്‍ഷിക താലൂക്കുകളിലൂടെ പ്രയാണം നടത്തി പെരുവന്താനത്ത് സമാപിക്കും. ഹൈറേഞ്ച് മേഖല ദീപശിഖ പ്രയാണം 17ന് ഉച്ചകഴിഞ്ഞ് മൂന്നിന് പെരുവന്താനത്തു നിന്ന് ആരംഭിച്ച് 4.30ന് ഉപ്പുതറ കാര്‍ഷിക താലൂക്കില്‍ എത്തും. തുടര്‍ന്ന് 18ന് ഉപ്പുതറ, കുമളി, അണക്കര, മുണ്ടിയെരുമ, കട്ടപ്പന താലൂക്കുകളിലൂടെ പ്രയാണം നടത്തി കട്ടപ്പനയില്‍ സമാപിക്കും.
ജൂബിലിയോടനുബന്ധിച്ച് വീര്‍ കിസാന്‍ ഭൂമിപുത്ര അവാര്‍ഡ്, ലീഡേഴ്സ് മീറ്റ്, കര്‍ഷക സമ്മേളനം, പച്ചപ്പൊലിമ, നാഷണല്‍ കിസാന്‍ കാര്‍ണിവല്‍, സമാപന സമ്മേളനം തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.
ജാതിമതരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി കര്‍ഷകരെ സംഘടിപ്പിക്കുകയും അവരില്‍ സംഘടനാബോധം വളര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് 2000-മാണ്ടില്‍ ഇന്‍ഫാം രൂപീകൃതമായത്.
പരിപാടികള്‍ക്ക് ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍, ദേശീയ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടിയില്‍, ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, ദേശീയ സെക്രട്ടറി സണ്ണി അഗസ്റ്റിന്‍ അരഞ്ഞാണിപുത്തന്‍പുരയില്‍, ട്രഷറര്‍ ജെയ്‌സണ്‍ ജോസഫ് ചെംബ്ലായില്‍, നെല്‍വിന്‍ സി. ജോയ്, സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, കോഓര്‍ഡിനേറ്റര്‍ ഫാ. ജോസഫ് മോനിപ്പള്ളി, പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. മാത്യു പനച്ചിക്കല്‍, ഫാ. റോബിന്‍ പട്രകാലായില്‍, ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, ഫാ. ജിന്‍സ് കിഴക്കേല്‍, പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, സെക്രട്ടറി തോമസുകുട്ടി വാരണത്ത്, ട്രഷറര്‍ ടോം ജോസ് പറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ഉത്തരമേഖലയുടെ സംസ്ഥാനതല വിളംബരജാഥയും ദീപശിഖ പ്രയാണവും കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ചര്‍ച്ചിലെ ഫാ. ആന്റണി കൊഴുവനാലിന്റെ കബറിടത്തിങ്കല്‍ നിന്ന് ആരംഭിക്കും. രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, 7.30ന് ഒപ്പീസ്, രാവിലെ 9.15 ന് വിളംബരജാഥയും ദീപശിഖ പ്രയാണവും. ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, കണ്ണൂര്‍ കാര്‍ഷികജില്ല രക്ഷാധികാരി മാര്‍ അലക്‌സ് വടക്കുംതല എന്നിവര്‍ പങ്കെടുക്കും. താമരശേരി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാര്‍ഷികജില്ലകളിലൂടെ തലശേരിയില്‍ സമാപിക്കും.
ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍, നാഷണല്‍ ട്രഷറര്‍ ജെയ്‌സണ്‍ ചെംബ്ലായില്‍, സംസ്ഥാന ട്രഷറര്‍ തോമസ് തുപ്പലഞ്ഞിയില്‍, കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ജോയിന്റ് ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, സെക്രട്ടറി തോമസുകുട്ടി വാരണത്ത്, ലോറേഞ്ച് മേഖല പ്രസിഡന്റ് ഷാബോച്ചന്‍ മുളങ്ങാശേരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു


