കാന്തല്ലൂരിലെ ടൂറിസം ഫെസ്റ്റിന് ഇന്ന് തുടക്കമാകും
മേയ് 12 വരെ നീണ്ടുനില്ക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും
ഇടുക്കി : തെക്കിന്റെ കശ്മീരായ കാന്തല്ലൂരിലെ ടൂറിസം ഫെസ്റ്റിന് ചൊവ്വാഴ്ച തുടക്കമാകും. മേയ് 12 വരെ നീണ്ടുനില്ക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചലച്ചിത്രനടനും തിരക്കഥാകൃത്തുമായ രഞ്ജിപണിക്കര്‍ നിര്‍വഹിച്ചു. പിന്നണി ഗായകന്‍ മണി താമര എഴുതി ഈണമിട്ട് പാടിയ ഫെസ്റ്റിന്റെ അവതരണഗാനം പിന്നണി ഗായിക സിത്താര കൃഷ്ണകുമാര്‍ പ്രകാശനം ചെയ്തു.പതാക ഉയര്‍ത്തല്‍, വര്‍ണശബളമായ ഘോഷയാത്ര, ട്രൈബല്‍ ഡാന്‍സ്, വിവിധ കലാപരിപാടികള്‍ എന്നിവയും നടക്കും. അതിവേഗ കാര്‍ട്ടൂണിസ്റ്റ് ഡോ. ജിതേഷ് ജിയുടെ ഷോ, മണി താമരയുടെ ഉള്‍തുടി നാടന്‍പാട്ട്, നാദം കലാവേദിയുടെ നൃത്തം, മനോജ് ഗിന്നസ് നയിക്കുന്ന മ്യൂസിക്കല്‍ കോമഡി നൈറ്റ്, അശോകം വിസ്മയനിശ എന്നിവയാണ് പ്രധാനപരിപാടികള്‍. കാന്തല്ലൂര്‍ പഞ്ചായത്ത്, ഹോം സ്റ്റേ ആന്‍ഡ് റിസോര്‍ട്ട് അസോസിയേഷന്‍, ഡ്രൈവേഴ്‌സ് യൂണിയന്‍, വ്യാപാരി വ്യവസായി സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.ജൂണ്‍, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലാണ് ഇവിടുത്തെ ആപ്പിള്‍ത്തോട്ടങ്ങളില്‍ കായ്കള്‍ പാകമാവാറുള്ളത്. ഡിസംബര്‍ അവസാനവും ജനുവരി, ഫെബ്രുവരി മാസങ്ങളിലും ആപ്പിള്‍ പൂവിട്ട് നില്‍ക്കുന്നത് കാണാന്‍ സഞ്ചാരികള്‍ എത്താറുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 1,525 മീറ്റര്‍ ഉയരത്തിലാണ് കാന്തല്ലൂര്‍. പേരക്ക, മാതളനാരങ്ങ, സ്‌ട്രോബറി, വെളുത്തുള്ളി എന്നിവയും ഇവിടെ കൃഷി ചെയ്യാറുണ്ട്.