പെരിന്തൽമണ്ണ നഗരസഭ ഇൻഡോർ മാർക്കറ്റ് നിർമാണം പുനഃരാരംഭിച്ചു
നഗരസഭയുടെ സാമ്പത്തിക പ്രതിസന്ധി കാരണം മൂന്നര വർഷമായി മുടങ്ങിക്കിടന്ന ആധുനിക ഇൻഡോർ മാർക്കറ്റ് നിർമാണം പുതിയ വായ്പയെടുത്ത് പുനഃരാരംഭിച്ചു

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയുടെ സാമ്പത്തിക പ്രതിസന്ധി കാരണം മൂന്നര വർഷമായി മുടങ്ങിക്കിടന്ന ആധുനിക ഇൻഡോർ മാർക്കറ്റ് നിർമാണം പുതിയ വായ്പയെടുത്ത് പുനഃരാരംഭിച്ചു. നഗരസഭയുടെ നിയന്ത്രണത്തിലുള്ള ഭൂമി ഈടുവെച്ചാണ് കേരള അർബൻ ആൻഡ് റൂറൽ ഡവലപ്മെന്റ് ഫിനാഷ്യൽ കോർപറേഷനിൽനിന്ന് (കെ.യു.ആർ.ഡി.എഫ്.സി) 30 കോടി രൂപ വായ്പ ലഭ്യമായത്. ഇതിൽ 20 കോടി രൂപ ലഭിച്ചു. പുറമെ ഈ വർഷം കേന്ദ്ര പദ്ധതിയിലുൾപ്പെടുത്തി 11.42 കോടിയും അനുവദിച്ചിട്ടുണ്ട്. 38.5 കോടി എസ്റ്റിമേറ്റിട്ട് 2019 ഫെബ്രുവരിയിലാണ് ഇൻഡോർ മാർക്കറ്റിന്റെ ശിലാസ്ഥാപനം നടന്നത്. മുറികൾ മുൻകൂർ ലേലം നടത്തി പണം സ്വരൂപിക്കുകയും ചെയ്തു. 20 കോടിയോളം രൂപ ഇത്തരത്തിൽ പിരിച്ചെടുത്തെങ്കിലും പണി പാതി വഴിയിലിട്ടതോടെ വൻ തുക നൽകി ലേലത്തിൽ മുറികൾ ഏറ്റെടുത്തവർ പരാതിയുമായി രംഗത്തെത്തിയിരുന്നു.