‘ഹെറിറ്റേജ് ഓഫ് കേരള’ ജില്ലാ സീരീസ് പൂർത്തിയായി – സംസ്ഥാനമൊട്ടാകെ പൈതൃക രേഖപ്പെടുത്തലിന് ചരിത്ര നേട്ടം
കേരള ആർട്ട് & ഹെറിറ്റേജ് കമ്മീഷന്റെ 33-ാമത് യോഗത്തിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളെയും ഉൾപ്പെടുത്തി തയ്യാറാക്കിയ ‘ഹെറിറ്റേജ് ഓഫ് കേരള’ ജില്ലാ സീരീസ് ഓദ്യോഗികമായി പുറത്തിറക്കി. പ്രിൻസിപ്പൽ സെക്രട്ടറിയും ആർട്ട് ആൻഡ് ഹെറിറ്റേജ് കമ്മീഷൻ ചെയർമാനുമായ ടിങ്കു ബിസ്വാൾ അധ്യക്ഷനായ യോഗത്തിലാണ് ഈ ചരിത്രപരമായ പ്രഖ്യാപനം നടന്നത്.
പൈതൃക സംരക്ഷണ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി, സംസ്ഥാനത്തെ എല്ലാ ജില്ലകളെയും ഉൾപ്പെടുത്തി തയ്യാറാക്കിയ ‘ഹെറിറ്റേജ് ഓഫ് കേരള’ ജില്ലാ സീരീസ് പൂർത്തീകരിച്ചതായി കമ്മീഷൻ അറിയിച്ചു. തിരുവനന്തപുരം (2008), വയനാട് (2015) ജില്ലകളുടെ ‘ഹെറിറ്റേജ് ഓഫ് കേരള’ ജില്ലാ സീരീസ് ഇതിനുമുമ്പ് പ്രസിദ്ധീകരിച്ചിരുന്നു.
ഇതിന്റെ തുടർച്ചയായി കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ മിച്ചമുള്ള 12 ജില്ലകളുടെ ‘ഹെറിറ്റേജ് ഓഫ് കേരള’ ജില്ലാ സീരീസ് ഓദ്യോഗികമായി പുറത്തിറക്കി. ഇതോടെ സംസ്ഥാനത്തിന്റെ നിർമ്മിത, ചരിത്ര, പ്രകൃതി പൈതൃകങ്ങളുടെ സമഗ്രമായ രേഖപ്പെടുത്തൽ പൂർത്തിയായി. പുതുതായി പുറത്തിറക്കിയ പ്രസിദ്ധീകരണങ്ങൾ സർക്കാർ വകുപ്പുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, ലൈബ്രറികൾ എന്നിവയ്ക്കായി ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കുകയും കമ്മീഷന്റെ ഓദ്യോഗിക വെബ്‌സൈറ്റിലൂടെ പൊതുജനങ്ങൾക്ക് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് യോഗം അനുമതി നൽകി.
ഇതോടൊപ്പം, Web-GIS അടിസ്ഥാനത്തിലുള്ള Heritage Information & Management Portal അംഗങ്ങൾക്ക് പരിചയപ്പെടുത്തുകയും അതിന്റെ സവിശേഷതകളും പ്രവർത്തന രീതികളും അവതരിപ്പിക്കുകയും ചെയ്തു. പൈതൃക സംരക്ഷണത്തിൽ സാങ്കേതികവിദ്യയുടെ പ്രയോഗം ശക്കിപ്പെടുത്തുന്നതിനുള്ള കമ്മീഷന്റെ പ്രധാന ഇടപെടലാണ് ഈ പോർട്ടൽ.
കമ്മീഷൻ കൺവീനറും ചീഫ് ടൗൺ പ്ലാനറുമായ ഷിജി ഇ. ചന്ദ്രന്റെ നേതൃത്വത്തിൽ സീനിയർ ടൗൺ പ്ലാനർ ഷീബ റഹീം, ടൗൺ പ്ലാനർ ഫമിദ യൂസഫ് എം., ഡെപ്യൂട്ടി ടൗൺ പ്ലാനർ അഭിജിത്ത് ബി., ഡ്രാഫ്റ്റ്‌സ്മാൻ സൂര്യ എസ്.ആർ., ആർക്കിടെക്‌റ്റ് മിലാഖ എന്നിവരുടെ സാങ്കേതിക സഹായത്തോടെയാണ് വിജയകരമായി പൂർത്തീകരിച്ചത്.
യോഗത്തിൽ കമ്മീഷൻ അംഗങ്ങളായ സ്പെഷ്യൽ സെക്രട്ടറി അനുപമ ടി.വി, ഡയറക്ടർ- റൂറൽ അപൂർവ ത്രിപാഠി, എ.ഡി.ജി ടൂറിസം ശ്രീധന്യ സുരേഷ് എന്നിവർ ഉൾപ്പെടെ വിവിധ വകുപ്പുകളുടെ മേധാവികളും പങ്കെടുത്തു. കൂടാതെ കമ്മീഷൻ അംഗങ്ങളായ ഡോ. എം. വേലായുധൻ നായർ, പ്രൊഫ. രാമസ്വാമി, പ്രൊഫ. യൂജിൻ എൻ. പണ്ടാല, സോഹൻ തുടങ്ങിയ ഈ മേഖലയിലെ പ്രഗൽഭരായ വിദഗ്ധർ പങ്കെടുത്തു.


