സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ ഒഴിവാക്കി ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടും
തിരുവനന്തപുരം: സിനിമ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടും. വൈകുന്നേരം 3.30ന് സാംസ്കാരിക വകുപ്പാണ് റിപ്പോർട്ട് പുറത്തുവിടുക.അതേസമയം, റിപ്പോർട്ടിലുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്കു കടക്കാത്ത, വിവരാവകാശ നിയമപ്രകാരം വിലക്കിയ വിവരങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് പുറത്തുവിടുക. കൈമാറുന്ന പകര്‍പ്പില്‍ നിന്നും 49-ാം പേജിലെ 96-ാം ഖണ്ഡികയും 165 മുതല്‍ 196 വരെയുള്ള ഖണ്ഡികകളും ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. 300 പേജുള്ള ഹേമ കമ്മീഷന് റിപ്പോര്‍ട്ടിലെ 233 പേജുകള്‍ മാത്രമാണ് ഇന്ന് പുറത്തുവരിക.
സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഇടപെടലിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്കിയ ഏഴ് മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറുക.റിപ്പോർട്ട് സമർപ്പിച്ച് നാലു വർഷം ആകുമ്പോഴാണ് വിവരങ്ങൾ പുറത്തുവിടാൻ സർക്കാർ തയാറായത്. നടിയെ ആക്രമിച്ച സംഭവത്തെ തുടർന്നാണ് സിനിമാ മേഖലയിലെ അസമത്വം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ സംബന്ധിച്ച് പഠനം നടത്താൻ സർക്കാർ ജസ്റ്റീസ് ഹേമയുടെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചത്.
സിനിമാ മേഖലയില്‍ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ സമഗ്രമായി പഠിച്ച് അവരില്‍നിന്ന് മൊഴി അടക്കം ശേഖരിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. നടി ശാരദ, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സലകുമാരി അടക്കമുള്ളവര്‍ കമ്മിറ്റിയിൽ അംഗങ്ങളായിരുന്നു.റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഡബ്ല്യുസിസി അടക്കമുള്ള സംഘടനകളും പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ വ്യക്തികളെ ബാധിക്കുന്ന സ്വകാര്യ വിവരങ്ങള്‍ ഉള്ളതിനാല്‍ ഇത് പുറത്തുവിടാന്‍ പറ്റില്ലെന്നായിരുന്നു സാംസ്കാരിക വകുപ്പിന്റെ നിലപാട്.
വിവരാവകാശ അപേക്ഷകളില്‍പോലും ഈ റിപ്പോര്‍ട്ട് കൈമാറിയിരുന്നില്ല. ഇതോടെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി വിവരാവകാശ കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയിലാണ് നിലവില്‍ അനുകൂല ഉത്തരവുണ്ടായത്