കോട്ടയം: കോട്ടയം അതിരൂപതയുടെ പുതിയ സഹായമെത്രാനായി ഫാ. തോമസ് ആനിമൂട്ടിൽ നിയമിതനായി.
നിയമന ഉത്തരവ് സീറോ മലബാർ സിനഡ് നടക്കുന്ന കാക്കനാട്ട് സെന്റ് തോമസ് മൗണ്ടിലും റോമിലും ഒരേ സമയം വായിച്ചു.
കോട്ടയം അതിരൂപതയുടെ മുഖ്യവികാരി ജനറാൾ ആയിരുന്നു ആനിമൂട്ടിൽ.
കണ്ണൂർ പയ്യാവൂർ ആനിമൂട്ടിൽ
പരേതരായ ജോസഫ്-ഏലി ദമ്പതികളുടെ മകനാണ് പുതിയ ബിഷപ്പ്.
1962 ജനുവരി 13ന് ജനിച്ച ഫാ. തോമസ് ആനിമൂട്ടിൽ പയ്യാവൂർ സേക്രട്ട് ഹാർട്ട് സ്കൂളിലാണ് പഠിച്ചത്.
കോട്ടയം സ്റ്റനിസ്ലാവോസ് മൈനർ സെമിനാരി, മംഗലാപുരം സെന്റ് ജോസഫ് സെമിനാരി എന്നിവിടങ്ങളിലെപരിശീലനത്തിനു ശേഷം 1989 ഏപ്രിൽ 13ന് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് കുന്നശേരിയിൽനിന്നു കൈവയ്പ് ശുശ്രൂഷ സ്വീകരിച്ച് വൈദികനായി.
തു റോമിലെ അത്തെനയോ റൊമാനോ സാന്റാ ക്രോസെയിൽനിന്ന് കാനൻ ലോയിൽ ലൈസൻഷ്യേറ്റ് നേടി.
വയനാട് പുളിഞ്ഞാൽ ക്രിസ്തുരാജ പള്ളി, ശ്രീപുരം സെന്റ് മേരീസ് പള്ളി, ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോന പള്ളി, കടുത്തുരുത്തി വലിയ പള്ളി എന്നിവിടങ്ങളിൽ വികാരിയയായിരുന്നു.
വിവിധ സ്കൂളുകളിൽ മാനേജർ, കോട്ടയം ക്രിസ്തുരാജ കത്തീഡ്രൽ അഡ്മിനിസ്ട്രേറ്റർ, കണ്ണൂർ പാസ്റ്ററൽ സെന്റർ ഡയറക്ടർ, മലബാർ റീജൺ പ്രൊക്യുറേറ്റർ, അതിരൂപത ട്രൈബ്യൂണൽ ജഡ്ജി, കോട്ടയം അതിരൂപത ചാൻസലർ, മാർ കുര്യാക്കോസ് കുന്നശേരിയുടെ സെക്രട്ടറി എന്നിങ്ങനെ നിരവധി പദവികൾ വഹിച്ചു.
അമേരിക്കയിൽ ക്നാനായ കാത്തലിക് മിഷൻ ഡയറക്ടറായും ക്നാനായ കാത്തലിക് കോൺഗ്രസിന്റെ സ്പിരിച്വൽ ഡയറക്ടറായും ശുശ്രൂഷചെയ്തു.
11 വർഷം കോട്ടയം കാരിത്താസ് ആശുപത്രി ഡയറക്ടർ ആയിരുന്നു.
മലയാളവും ഇംഗ്ലീഷും കൂടാതെ ഇറ്റാലിയൻ, ജർമൻ ഭാഷകളും കൈകാര്യംചെയ്യാനറിയാം.